മാതൃത്വത്തെ സ്നേഹിച്ച കവി
മാതൃത്വത്തെ സ്നേഹിച്ച കവി
Sunday, February 14, 2016 1:32 AM IST
എം.പ്രേംകുമാര്‍

കേരളീയ ജീവിതത്തിന്റെയും പ്രകൃതിയുടെയും ദൃശ്യ-ശ്രാവ്യ അനുഭൂതികളെ വാക്കുകളുടെ വര്‍ണരാജിയില്‍ മുക്കി ആവിഷ്കരിക്കുന്നവയാണ് ഒ.എന്‍.വി കവിതകള്‍ എന്നു സാമാന്യമായി പറയാം. ഒപ്പം മലയാളിയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ദശാപരിണാമങ്ങളുടെ പ്രതിഫലനവും ആ സര്‍ഗസപര്യയില്‍ ഉള്‍ച്ചേര്‍ന്നു. കാര്‍ഷികസംസ്കാരവും തായ്വഴിയിലെ തറവാട്ടു മഹിമയും ഒ.എന്‍.വിയുടെ ബാല്യകൌമാരങ്ങളെ സ്വാധീനിക്കുകയും കാവ്യസംസ്കൃതിയെ പോഷിപ്പിക്കുകയും ചെയ്തു.

ഒ.എന്‍.വി കവിതയിലെ അമ്മ സങ്കല്‍പം കേവലം ഭൌതികമത്രേ. കുഞ്ഞുങ്ങളെ സ്നേഹ വാത്സല്യ ങ്ങളൂട്ടി വളര്‍ത്തുന്ന രക്ഷകയും ഒ പ്പം ഭൂമിയപ്പോലെ എല്ലാ ദുരിതങ്ങളെയും തന്നിലേറ്റുവാങ്ങുന്ന സര്‍വംസഹയുമാണ് ആ അമ്മ.

പുരുഷന്റെ അധികാരത്തിനും ധാര്‍ഷ്ട്യത്തിനും വിധേയമായ സ്ത്രീയുടെ പ്രതീക മാണവള്‍. മതാതീതവും ബാഹ്യതലത്തിലുള്ളതുമായ സാംസ്കാ രിക മുദ്രകളാണ് ഒ.എന്‍.വി കവിതക ളുടെ ശക്തിയും ഒപ്പം ദൌര്‍ബല്യ വും. മറ്റു സമകാലീന കവികള്‍ അറിഞ്ഞും അറിയാതെയും ഭക്തിസാഹിത്യത്തിലും കേരളീയതയുടെ തന്നെ അവിഭാജ്യഘടകമായ കാളി-കള്‍ട്ടിലും മുങ്ങിപ്പൊങ്ങിയപ്പോള്‍ ഒ.എന്‍.വി മനഃപൂര്‍വം അവയില്‍ നിന്നൊക്കെ ഒഴിഞ്ഞു നിന്നു. മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിച്ചും വിപ്ളവഗാനങ്ങളിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകളെ ഉറക്കെ പ്രഖ്യാപിച്ചും മുഖ്യധാരാ സാഹിത്യത്തില്‍ കവി തന്റെ സ്ഥാനമുറപ്പിച്ചു.

കൃഷിപ്പാട്ടുകള്‍, ഓണപ്പാട്ടുകള്‍, പ്രണയഗാനങ്ങള്‍ എന്നിവയില്‍ നാടോടി ഈണങ്ങള്‍ സന്നിവേശി പ്പിച്ചു കവിതയിലും ഗാനസാഹിത്യത്തിലും സൌന്ദര്യത്തിന്റെയും വൈകാരികതയുടെയും അനുഭൂതി വായനക്കാരനു സമ്മാനിച്ചു.

ഒ.എന്‍. വി കവിതകളുടെ പശ്ചാത്തലം നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറങ്ങളാണെന്നതു ശ്രദ്ധേയമാണ്. മേലാളസംസ്കാരത്തില്‍നിന്നു വിമുക്തമാകാന്‍ കൊതിക്കു ന്ന മണ്ണിന്റെ മനസാണ് ഒഎന്‍വിയുടെ ആദ്യ കാല വിപ്ളവകവിതകള്‍ക്കു ജീവന്‍ പകര്‍ന്നത്. നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷയും പ്രത്യാശയും മലയാളിക്കു പകര്‍ന്നു നല്‍കുന്നതില്‍ ഈ സര്‍ഗധനനായ കവി വിജയിച്ചു.

കേരളത്തില്‍ ഇടതുപക്ഷ പ്ര സ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രാഷ്ട്രീയ കക്ഷികള്‍ക്കു മധുരത്തില്‍ ചാലി ച്ചതും എന്നാല്‍, ഉജ്വലവുമായ പി ന്തുണയായി അതു ഭവിച്ചു. പി.ഭാ സ്കരനും തിരുനല്ലൂര്‍ കരുണാക രനും ഒപ്പം ഒ.എന്‍.വിയും ചേര്‍ന്നു സാധാരണക്കാരനും തൊഴിലാളിവര്‍ഗത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ സമരമുഖങ്ങളില്‍ തീകോരിയിട്ടു. ഭക്തികാവ്യങ്ങള്‍ക്കു പകരം ശക്തിഗാഥകള്‍കൊണ്ട് അവര്‍ കേ രളീയ സമൂഹത്തെയും മലയാള ഭാ ഷയെയും സമുദ്ധരിച്ചു. ഈ വിപ്ള വകവിത്രയത്തിലെ ഇതര കവികള്‍ പില്‍ക്കാലത്തു നയംമാറ്റുകയോ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ അയവു വരുത്തുകയോ ചെയ്തപ്പോഴും ഒ.എന്‍.വി തന്റെ കാവ്യപന്ഥാവില്‍നിന്നു വ്യതിചലിച്ചില്ല.

ഭൂമിയെ കേവലം മണ്ണായി കണ്ടിരുന്ന ആദ്യ കാല കവിതകളില്‍നി ന്നു പില്‍ക്കാലത്തു ഭൂമാതാവായി കാണുന്ന ആന്തരികവികാസം ഒ.എന്‍.വിക്കുണ്ടായി. അമ്മയും പെ ങ്ങളുമെല്ലാം കവിതയ്ക്കു വിഷയമാകാന്‍ തുടങ്ങിയതു പിന്നീടാണ്. വ്യക്തിജീവിതത്തിലെ കുടുംബാന്തരീക്ഷത്തിലും അമ്മ-പെങ്ങള്‍ ബന്ധങ്ങള്‍ കവിക്കു പ്രിയങ്കരമായിരുന്നു. അതുകൊണ്ടാകണം അവ പത്നി, കാമുകി ഭാവങ്ങള്‍ക്കുപരി യായി കവിതയില്‍ അവതരിക്കപ്പെട്ടത്. ചോറൂണ്‍ എന്ന കവിത തന്നെ നോക്കുക.

സ്ത്രീത്വത്തിന്റെ സമസ്തഭാവങ്ങളും എത്ര ഹൃദ്യമായാണ് ഇതില്‍ വരച്ചുചേര്‍ത്തിരിക്കുന്നത്. പില്‍ക്കാല രചനകളായ ഭൂമിക്കൊ രു ചരമഗീതം, സൂര്യഗീതം എന്നിവയിലെത്തുമ്പോഴേക്കും ഭൂമി, തികഞ്ഞ മാതൃബിംബമായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നതായി കാണാം. ഭൂമിയേയും സൂര്യനേയും മനുഷ്യന്റെ മാതാപിതാക്കളായി കാണുന്ന കവി മതനിരപേക്ഷത നിലനിര്‍ത്തിക്കൊണ്ടുതന്നെ വലിയൊരു മാനവികദര്‍ശനമാണ് അവതരിപ്പിക്കുന്നത്. ലോകാഃസമസ്താസുഖിനോഭവന്തു എന്ന ദര്‍ശനം കവിയിലെ കാവ്യസംസ്കാരത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല.

കടമനിട്ടക്കവിതകളിലും ഇടശേരിക്കവിതകളിലുമെല്ലാം കാണുന്ന കരുത്തുറ്റ, പ്രതികാരദാഹിയായ സ്ത്രീയും അപചയങ്ങളോടു ശക്തമായി പ്രതികരിക്കുന്ന അമ്മയുമൊന്നും ഒഎന്‍വി കവിതകളിലില്ല. ഒരുപക്ഷേ കവി വളര്‍ന്നുവന്ന സുശിക്ഷിതവും സൌമ്യവും സ്നേഹസമ്പന്നവുമായ തറവാട്ടു സംസ്കാരത്തിന്റെ സ്വാധീനമായിരിക്കാം അദ്ദേഹത്തിന്റെ മാതൃസങ്കല്‍പ്പങ്ങളില്‍ രൌദ്രഭാവങ്ങള്‍ക്കിടം കൊടുക്കാത്തത്.

ഒഎന്‍വി: മലയാള സിനിമയുടെ നഷ്ടം: ഓര്‍മയില്‍ നിറയുന്ന പാട്ടുകള്‍

മലയാളി എവിടെയുണ്േടാ അവിടെയൊക്കെ ഒരു മൂളിപ്പാട്ടെങ്കിലുമായി മുഴങ്ങുന്നതാണ് ഒഎന്‍വി മലയാളത്തിനു സമ്മാനിച്ച ഗാനങ്ങള്‍. പല സിനിമകളെയും ഗാനങ്ങളെയും അനശ്വരമാക്കിയതു ജീവിതഗന്ധിയായ ഈ വരികളായിരുന്നു. ഒഎന്‍വിയുടെ വരികളാണെന്നു പോലും അറിയാതെ ഈ ഗാനങ്ങളെ ഇഷ്ടപ്പെടുകയും അവ കേള്‍ക്കാന്‍ ആഹ്ളാദത്തോടെ കാതു കൂര്‍പ്പിക്കുകയും ചെയ്യുന്ന മലയാളികളാണ് ലോകത്ത് എവിടെയുമുള്ളത്. പ്രതിഭയുടെ കൈയൊപ്പുള്ള രചനയായിരുന്നു ആ ഗാനങ്ങളുടെ ജീവന്‍. അതുകൊണ്ടാണു കാലത്തിന്റെ കുതിച്ചോട്ടത്തിലും അവയ്ക്ക് ഇന്നും പഴമ തോന്നാത്തത്.

താനെഴുതിയ ഗാനങ്ങളില്‍ ചിലതു അദ്ദേഹത്തിന് ഏറെ പ്രിയങ്കരമായിരുന്നു. പല അഭിമുഖങ്ങളിലും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. മാണിക്യ വീണയുമായെന്‍ (കാട്ടുപൂക്കള്‍), ഒരുവട്ടം കൂടിയെന്‍ (ചില്ല്), സാഗരമേ ശാന്തമാകനീ, സന്ധ്യേ കണ്ണീരിലെന്തേ (മദനോത്സവം), പൊന്‍തിങ്കള്‍ക്കല പൊട്ടുതൊട്ട (കുമാരസംഭവം), മഴവില്‍ക്കൊടി കാവടി അഴകുവിടര്‍ത്തിയ (സ്വപ്നം), മഞ്ഞള്‍പ്രസാദവും (നഖക്ഷതങ്ങള്‍), കല്ലോലിനീ (നീലക്കണ്ണുകള്‍), അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍(നീയെത്ര ധന്യ), ശ്യാമസുന്ദര പുഷ്പമേ (യുദ്ധകാണ്ഡം), പൂവേണം പൂപ്പട വേണം (ഒരു സായാഹ്നത്തിന്റെ സ്വപ്നം), ഓര്‍മകളേ കൈവള ചാര്‍ത്തി (പ്രതീക്ഷ), ശ്യാമ മേഘമേ (സമയമായില്ലപോലും), വാതില്‍പ്പഴുതിലൂടെ (ഇടനാഴിയില്‍ ഒരു കാലൊച്ച), നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ (ഉള്‍ക്കടല്‍), തുമ്പീ വാ(ഓളങ്ങള്‍), ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി (വൈശാലി) ഇവയൊക്കെയാണ് അദ്ദേഹം പ്രിയപ്പെട്ടതായി ഓര്‍മിച്ചെടുത്തിരുന്ന ഗാനങ്ങള്‍. വൈശാലിയിലെ ഗാനമാണ് അദ്ദേഹത്തിനു ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത്.

മികച്ച ഗാനരചയിതാവ് ആയിരിക്കുമ്പോള്‍ത്തന്നെ വയലാര്‍ ഗാനങ്ങളുടെ ആരാധകന്‍ കൂടിയായിരുന്നു ഒഎന്‍വി. സന്യാസിനീ എന്ന ഗാനം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. പി.ഭാസ്കരന്റെ അഞ്ജനക്കണ്ണെഴുതീ എന്ന ഗാനവും ശ്രീകുമാരന്‍ തമ്പിയുടെ വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന ഗാനവുമൊക്കെ ഒഎന്‍വിക്കു പ്രിയങ്കരമായിരുന്നു. യൂസഫലി കേച്ചേരിയുടെ പതിനാലാം രാവുദിച്ചത്.., ബിച്ചു തിരുമലയുടെ വാകപ്പൂമണം തൂകും, ഗിരീഷ് പുത്തഞ്ചേരിയുടെ പിന്നെയും പിന്നെയും ആരോ കിനാവിന്റെ... തുടങ്ങിയ ഗാനങ്ങളോടുള്ള ഇഷ്ടവും ഒഎന്‍വി തുറന്നു പറഞ്ഞിട്ടുണ്ട്.

നല്ല ഗാനങ്ങള്‍ എഴുതുന്നതിനൊപ്പം മറ്റുള്ളവരെഴുതിയ നല്ല ഗാനങ്ങളെ ഇഷ്ടപ്പെടാനും അതു തുറന്നു പറയാനുമുള്ള മനസ് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.


നിശാഗന്ധിക്കു പേരിട്ട കവി


തിരുവനന്തപുരം: ഗസല്‍ മാന്ത്രികന്‍ പണ്ഡിറ്റ് ഗുലാം അലി തിരുവനന്തപുരത്ത് എത്തിയ ജനുവരി 15ന് നിശാഗന്ധിയില്‍ ഒഎന്‍വി എത്തിയിരുന്നു. ഒഎന്‍വി പങ്കെടുത്ത അവസാന പൊതുചടങ്ങ്. രോഗാവസ്ഥയും ശാരീരിക അവശതയും മുഴുവന്‍ മറന്നാണു ഗസല്‍ മഞ്ഞില്‍ അലിയാന്‍ ഒഎന്‍വി എത്തിയത്. സ്റേജില്‍ ഒരറ്റത്തു മണിക്കൂറുകള്‍ കാത്തിരുന്നാണു ഗുലാം അലിയുടെ ഗസല്‍ കേട്ടതും. സ്വരലയയുടെ ഉപഹാരവും ഗുലാം അലിക്ക് അദ്ദേഹം സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ കലാവേദിയാക്കുന്ന നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തിനു രാത്രികാലത്തു പൂത്തു സൌരഭ്യം പരത്തുന്ന നിശാഗന്ധി പൂവിന്റെ പേരു നല്കിയതും പ്രഫ. ഒ.എന്‍വി കുറുപ്പാണ്.

ഒ.എന്‍.വിക്ക് അടിതെറ്റിയത് തെരഞ്ഞെടുപ്പില്‍ മാത്രം

കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: ഒ.എന്‍.വി. കുറുപ്പിന് അടിതെറ്റിയത് ഒരിക്കല്‍ മാത്രം. കവിതയുടെയും ഗാനങ്ങളുടെയും ലോകത്തു നിന്നു മാറി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു നടന്നപ്പോഴായിരുന്നു അത്. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു കവി ഒ.എന്‍.വി. കുറുപ്പ്. കടുത്ത മത്സരത്തിന് ഒടുവില്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ കവിയിലെ രാഷ്ട്രീയക്കാരനു ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ. ചാള്‍സിനോട് 50,913 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. ചാള്‍സിന് 3,67,825 വോട്ട് കിട്ടിയപ്പോള്‍, ഒ.എന്‍.വിക്ക് 3,16,912 വോട്ടുകളാണ ലഭിച്ചത്. മലയാളത്തിന്റെ പ്രിയ കവിയുടെയും ചലച്ചിത്ര ഗാനരചയിതാവിന്റെയും താരപരിവേഷത്തോടെയായിരുന്നു സ്ഥാനാര്‍ഥിയായതെങ്കിലും രാവിലെ മുതല്‍ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സജീവമായിരുന്നതായി പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന മുന്‍ മന്ത്രി കൂടിയായ ഡോ.എ. നീലലോഹിതദാസന്‍ നാടാര്‍ ഓര്‍ക്കുന്നു.


വാഹന പര്യടനം നടക്കുമ്പോള്‍ ഉച്ചയ്ക്കു ശേഷം അല്‍പസമയം വിശ്രമിക്കണമെന്ന നിബന്ധന മാത്രമായിരുന്നു കവിയുടെ നിര്‍ദേശം. നേതാക്കളും പ്രവര്‍ത്തകരും ഇതിനെ അംഗീകരിച്ചു. ഉച്ചമയക്കത്തിനു ശേഷം വീണ്ടും പ്രചാരണ രംഗത്ത് ഒ.എന്‍.വി സജീവമാകും. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും സ്ഥാനാര്‍ഥി സഞ്ചരിച്ചു. തേനും പാലുമൊഴുക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയാറല്ലായിരുന്നു. മലയാളത്തിലെ കവിയെ രാജ്യത്തിന്റെ പരമോന്നത ജനകീയ സഭയിലേക്ക് അയയ്ക്കേണ്ടതിന്റെ പ്രത്യേകതയായിരുന്നു ഒ.എന്‍.വിക്കു പ്രധാനമായി ജനങ്ങളോടു പറയാനുണ്ടായിരുന്നതെന്നും നീലലോഹിത ദാസന്‍ നാടാര്‍ പറയുന്നു.

മാര്‍ക്സിസ്റ് സൈദ്ധാന്തികനായ പി. ഗോവിന്ദപ്പിള്ളയായിരുന്നു ഒ.എന്‍.വിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരന്‍. പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത് കവിയും നാടക രചയിതാവുമായ പിരപ്പന്‍കോട് മുരളിയും. ചിട്ടയായ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് എവിടെയെങ്കിലും ഭംഗം വന്നാല്‍ അഭിപ്രായ വ്യത്യാസം വെട്ടിത്തുറന്നു പറയുന്നതിലും ഒ.എന്‍.വി പിശക്കു കാട്ടിയിരുന്നില്ലെന്നു ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.


പുരസ്കാരപ്പെരുമ


ആറു പതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ഒ.എന്‍.വി കുറുപ്പിനെ തേടിയെത്തി. കേരള സാഹിത്യ അക്കാദമി പുരസ്കാരം 1971 (അഗ്നിശലഭങ്ങള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1975 അക്ഷരം), എഴുത്തച്ഛന്‍ പുരസ്കാരം (2007), ചങ്ങമ്പുഴ പുരസ്കാരം, സോവിയറ്റ്ലാന്‍ഡ് നെഹ്റു പുരസ്കാരം (1981 ഉപ്പ്), വയലാര്‍ രാമവര്‍മ പുരസ്കാരം (1982 ഉപ്പ്), മഹാകവി ഉള്ളൂര്‍ പുരസ്കാരം, ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം എന്നിവ ലഭിച്ചു.

1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്കാരം ഒ.എന്‍.വിക്കു ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ഒഎന്‍വിയെ തേടിയെത്തി. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം 13 തവണ സ്വന്തമാക്കിയിട്ടുണ്ട്. വൈശാലി സിനിമയിലെ ഗാനങ്ങള്‍ക്കു ദേശീയ അവാര്‍ഡും ലഭിച്ചു.


കടന്നുപോകുന്നത് പാട്ടുകളുടെ വസന്തകാലം

തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാനങ്ങള്‍ക്കു കവിതയുടെ ഭാവസൌന്ദര്യങ്ങള്‍ സമ്മാനിക്കുകയും, പാട്ടുകളെ പാട്ടുകള്‍ക്കപ്പുറത്തെ കാവ്യലഹരിയാക്കി മാറ്റുകയും ചെയ്ത ഒഎന്‍വി വിടവാങ്ങുമ്പോള്‍

പാട്ടുകളുടെ ഒരു വസന്തകാലം കൂടി മറയുകയാണ്. പൊന്നരിവാള്‍ അമ്പിളിയില്‍...എന്നു തുടങ്ങുന്ന നാടകഗാനം മുതല്‍ മലരൊളിയേ മന്ദാര മലരേ...എന്ന സിനിമാ ഗാനം വരെ നീണ്ടു കിടക്കുന്നു ആ ഗാനപ്രപഞ്ചം. അതിനിടയില്‍ മലയാളിയെ പ്രണയവര്‍ണങ്ങളുടെ, വിരഹത്തിന്റെ, ഗൃഹാതുരതയുടെ, ഋതുപ്പകര്‍ച്ചകളുടെ ഭാവസൌന്ദര്യങ്ങളെ അക്ഷരങ്ങളിലാവാഹിച്ച എത്രയെത്ര ഗാനങ്ങള്‍.

ആരെയും ഭാവഗായകനാക്കും ആത്മസൌന്ദര്യമാണു നീ..., ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ..., ദേവദുന്ദുഭി തന്‍ വര്‍ഷ മംഗള ഘോഷം...മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി..ഒരു ദളം മാത്രം...പാട്ടുകളില്‍ കവിതയുടെ നസമാനമായ ഊര്‍ജവും സംഗീതവും വിളക്കിച്ചേര്‍ത്ത എത്രപാടിയാലും മതിവരാത്ത എണ്ണിയാലൊടുങ്ങാത്ത പാട്ടുകള്‍. ഒഎന്‍വിയുടെ ഓരോ വാക്കിലും സംഗീതം തുളുമ്പി നിന്നു. ദേവരാജന്‍ മാസ്റര്‍ക്കോ എം.ബി ശ്രീനിവാസനോ സലില്‍ ചൌധരിക്കോ ജോണ്‍സണോ രവീന്ദ്രനോ ആ വരികളിലൊന്നു തൊടുകയേ വേണ്ടിയിരുന്നുള്ളൂ അത് ഒന്നാന്തരമൊരു ഗാനമാക്കി മാറ്റാന്‍.

നാടകത്തിലെ സംഭാഷണങ്ങള്‍ പോലെ അവയിലെ പാട്ടുകളും മലയാളിയെ ഹരംകൊള്ളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒ.എന്‍.വിയുടെയും ജി. ദേവരാജന്റെയും കാലം. അവരിരുവരും ചേര്‍ന്നപ്പോഴെല്ലാം മലയാളത്തില്‍ പാട്ടിന്റെ പുതുകൈവഴികള്‍ പിറന്നു. കേരളത്തിന്റെ ഞരമ്പുകളില്‍ പാട്ടിന്റെ പാലാഴി ഒഴുകി.

കമ്യൂണിസ്റ് നേതാക്കള്‍ ഒളിവില്‍ കഴിയുന്ന 1940 കളുടെ അവസാനം എം.എന്‍. ഗോവിന്ദന്‍നായരോടൊപ്പം ചെലവഴിക്കുന്ന കാലത്താണ്, ഒഎന്‍വി പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ..എന്ന ഗാനത്തിന്റെ വരികള്‍ കുറിക്കുന്നത്. പിന്നീട് ജി. ദേവരാജന്‍ പാര്‍ട്ടി വേദികളില്‍ ഈ കവിത ഈണമിട്ട് ആലപിച്ചു. 1952 ല്‍ കെപിഎസിയുടെ നിങ്ങളെന്നെ ക മ്മ്യൂണിസ്റാക്കി എന്ന നാടകത്തില്‍ ചേര്‍ക്കപ്പെട്ട പൊന്നരിവാളമ്പിളി..ആയിരക്കണക്കിന് അരങ്ങുകളിലേക്കു പാടിപ്പടര്‍ന്നു. നാടക ഗാനങ്ങള്‍ കേരളത്തിന്റെ ഞരമ്പുകളില്‍ ലഹരി പടര്‍ത്തിയ കാലത്തിന്റെ ആകാശത്ത് പൊന്നരിവാള്‍ തിളങ്ങി.കാലംമാറുന്നു എന്ന സിനിമയിലൂടെ ചലച്ചിത്രഗാനരംഗത്തും ഒഎന്‍വി-ദേവരാജന്‍ ഹിറ്റ് കൂട്ടുകെട്ടുകള്‍ പിറന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ നിരോധനമുണ്ടായിരുന്ന കാലത്ത് ബാലമുരളി എന്ന തൂലികാ നാമത്തില്‍ ഒഎന്‍വി ഗാനങ്ങള്‍ എഴുതി. നിരോധനം നീങ്ങിയപ്പോള്‍ ഒഎന്‍വിയെന്ന മൂന്നക്ഷരം മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പേരായി.

പതിമ്മൂന്ന് തവണ ഒഎന്‍വിയെ തേടി ഗാനരചനക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എത്തി. വൈശാലിയിലെ പാട്ടുകള്‍ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു.


അവസാന വരികള്‍ കാംബോജി സിനിമയ്ക്കു വേണ്ടി


തിരുവനന്തപുരം: ശ്രുതിചേര്‍ന്നുവോ എന്റെ ഇടയ്ക്ക തന്‍ നാദത്തില്‍, നിന്‍ തരള തംബുരു ശ്രുതിചേരുമോ..., മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വിയുടെ തൂലികയില്‍നിന്ന് അടര്‍ന്നു വീണ അവസാന വരികള്‍ ഇവയാണ്.

വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജി എന്ന സിനിമയ്ക്കു വേണ്ടിയാണ് ഒഎന്‍വി കുറുപ്പ് ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്.

മൂന്നു ഗാനങ്ങളാണ് ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹം രചിച്ചത്. തന്റെ പുതിയ സിനിയ്ക്കു വേണ്ടി ഗാനങ്ങള്‍ രചിക്കാന്‍ വിനോദ് മങ്കര ഒഎന്‍വിയെ സമീപിച്ചപ്പോള്‍ അദ്ദേഹം രോഗശയ്യയിലായിരുന്നു. എന്നാല്‍, അവശതകള്‍ അവഗണിച്ചു കാംബോജിക്കു വേണ്ടി ഗാനങ്ങള്‍ രചിക്കാന്‍ ഒഎന്‍വി സന്നദ്ധനാവുകയായിരുന്നുവെന്നു സംവിധായകന്‍ വിനോദ് മങ്കര ദീപികയോടു പറഞ്ഞു.

സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ രചിക്കാന്‍ ഒഎന്‍വിയെ സമീപിക്കുമ്പോള്‍ സിനിമയുടെ കഥയെ സംബന്ധിക്കുന്ന ലഘു വിവരണം ചുരുങ്ങിയ പേജുകളില്‍ അദ്ദേഹത്തിനു കൊടുക്കണം, പിന്നീട് ദിവസങ്ങള്‍ക്കു ശേഷം ഗാനങ്ങള്‍ തയാറായിരിക്കും. ഇത്തവണയും പുതിയ സിനിമയായ കാംബോജിയുടെ സാരാംശം ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം എത്തിച്ചു. രോഗങ്ങള്‍ വല്ലാതെ അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും പതിവു പോലെ നാലു ദിവസം കഴിഞ്ഞപ്പോള്‍ ഗാനങ്ങള്‍ തയാറാക്കി അദ്ദേഹം തന്നെ ഏല്‍പ്പിച്ചുവെന്നു വിനോദ് പറയുന്നു.

എത്ര രോഗാതുരമായ അവസ്ഥയിലും തന്റെ കൈയിലുള്ള പേനകൊണ്ട് ഗാനങ്ങള്‍ എഴുതണമെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു. എന്നാല്‍, വലതു കൈയുടെ പരിക്കും മരുന്നുകളുടെ ആലസ്യവും അദ്ദേഹത്തിനു തടസമായി.

അദ്ദേഹം പറഞ്ഞു കൊടുത്ത വരികള്‍ ഭാര്യ സരോജിനി എഴുതിയെടുക്കുകയാണു ചെയ്തത്- വിനോദ് പറഞ്ഞു.

എം. ജയചന്ദ്രന്റെ സംഗീതത്തില്‍ യേശുദാസും ചിത്രയും ചേര്‍ന്നാണ് കാംബോജിയിലൂടെ ഒഎന്‍വിയുടെ അവസാന വരികള്‍ മലയാളത്തിനു സമര്‍പ്പിക്കുക. വിനോദ് മങ്കരയുടെ കരയിലേക്ക് ഒരു കടല്‍ ദൂരം എന്ന ചിത്രത്തിനു വേണ്ടിയും ഒഎന്‍വി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

സിനിമാ ഗാനങ്ങള്‍ക്കു പുറമേ ഇരുപത്തിയഞ്ചോളം കവിതകള്‍ ചേര്‍ന്ന ഒരു സമാഹാരവും അവസാന നാളുകളില്‍ ഒഎന്‍വി പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ അവസാനവട്ട മിനുക്കു പണികള്‍ക്കിടെയാണ് അദ്ദേഹം യാത്രയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.