തുറമുഖം വഴി സ്വര്‍ണക്കടത്ത്: കാര്‍ ഇറക്കുമതി ചെയ്തയാളെ തിരിച്ചറിഞ്ഞെന്നു കസ്റംസ്
Sunday, February 14, 2016 1:08 AM IST
കൊച്ചി: കൊച്ചി തുറമുഖത്ത് ആഡംബര കാറില്‍ നിന്നു സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കാര്‍ ഇറക്കുമതി ചെയ്ത കാസര്‍ഗോഡ് സ്വദേശിയെ തിരിച്ചറിഞ്ഞതായി കസ്റംസ്. കാറിന്റെ ഇന്ധന ടാങ്കില്‍ നിന്നാണ് രണ്ടു കോടി രൂപ വിലവരുന്ന ഏഴു കിലോ സ്വര്‍ണം കഴിഞ്ഞ ദിവസം കസ്റംസ് പിടികൂടിയത്.

വിമാനത്താവളങ്ങളില്‍ കസ്റംസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ സംഘം തുറമുഖം വഴിയും സ്വര്‍ണം കടത്താന്‍ പുതുതന്ത്രങ്ങള്‍ മെനയുന്നതിന്റെ സൂചനയാണു കാറിന്റെ പെട്രോള്‍ ടാങ്കില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്ത്. കേരളത്തില്‍ ആദ്യമായാണ് തുറമുഖം വഴി ഇത്തരത്തില്‍ കടത്തുന്ന സ്വര്‍ണം പിടികൂടുന്നതെന്നു ക

സ്റംസ് കമീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാറും പിടിച്ചെടുത്തു. കാര്‍ ഇറക്കുമതി ചെയ്ത കാസര്‍ഗോഡ് സ്വദേശി ദുബായില്‍ വ്യവസായിയാണ്. ഇയാളുടെ ജീവനക്കാരനായ മംഗളൂരു സ്വദേശി മുഹമ്മദാണ് വല്ലാര്‍പ്പാടം കണ്െടയ്നര്‍ ടെര്‍മിനലില്‍ ഇറക്കിയ കാര്‍ ഏറ്റുവാങ്ങാനെത്തിയത്. ഇയാളെ കഴിഞ്ഞദിവസം തന്നെ കസ്റംസ് പിടികൂടിയിരുന്നു. മുഹമ്മദിന്റെ അറസ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കാര്‍ ഏറ്റുവാങ്ങാന്‍ എത്തിയതാണെന്നും സ്വര്‍ണക്കടത്തിനെപ്പറ്റി അറിവില്ലെന്നും മുഹമ്മദ് മൊഴിനല്‍കിയിട്ടുണ്ട്. 25 ലക്ഷം രൂപ വിലവരുന്ന 2013 മോഡല്‍ ദുബായ് രജിസ്ട്രേഷനിലുള്ള മിനി കൂപ്പര്‍ കാര്‍ തന്റെ പേരില്‍ അയച്ച കാസര്‍ഗോഡുകാരനായ മറ്റൊരാളുടെ വിവരങ്ങളും മുഹമ്മദ് നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കുമായി തെരച്ചില്‍ ആരംഭിച്ചതായി കസ്റംസ് അറിയിച്ചു.


24 കാരറ്റ് പരിശുദ്ധിയുള്ള അരകിലോ വീതമുള്ള 14 ചെയിനുകളായാണ് ടാങ്കില്‍ സ്വര്‍ണം ഒളിപ്പിച്ചത്. രഹസ്യവിവരത്തെത്തുടര്‍ന്നാണു കൊച്ചി കസ്റംസിന്റെ സ്പെഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റിഗേഷന്‍ ബ്രാഞ്ച് (എസ്ഐഐബി) സ്വര്‍ണം പിടികൂടിയത്. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ ആറു മാസത്തേക്ക് നികുതിയൊടുക്കാതെ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കാര്‍നെറ്റ് ഡി പാസേജ് പ്രകാരമാണ് മിനി കൂപ്പര്‍ കാര്‍ കൊണ്ടുവന്നത്. ഇത്തരത്തില്‍ പ്രതിവര്‍ഷം മുപ്പതോളം കാറുകള്‍ കൊച്ചി തുറമുഖം വഴി എത്തുന്നുണ്ട്. ആറു മാസം പൂര്‍ത്തിയാകുംമുമ്പ് കാര്‍ തിരികെ കയറ്റി അയയ്ക്കണമെന്നാണു വ്യവസ്ഥ. തിരികെ കൊണ്ടുപോകാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുകയും മതിയായ കാരണം കാണിച്ചാല്‍ മാത്രം വിട്ടുകൊടുക്കുകയും ചെയ്യും. ഇങ്ങനെ ഇറക്കുമതി ചെയ്ത 15 കാറുകള്‍ നിലവില്‍ കേരളത്തില്‍ ഓടുന്നുണ്െടന്നും ദുരുപയോഗം ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു.

അഡീഷണല്‍ കമീഷണര്‍ എസ്. അനില്‍കുമാര്‍, അസി. കമീഷണര്‍ ഉമാദേവി, സൂപ്രണ്ടുമാരായ ജി. അജിത് കൃഷ്ണന്‍, ഇ.വി. ശിവരാമന്‍, വൈ. ഷാജഹാന്‍, ടി.കെ. ശ്രീഷ്, ആര്‍. ബാലവിനായക്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. രാജകുമാര്‍, എല്‍. രമേഷ്, അങ്കുര്‍ ചാറ്റര്‍ജി, ജ്യോതി മോഹന്‍, ഹവില്‍ദാര്‍ എസ്. ഗോകുല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.