മദ്യനയം: പാര്‍ട്ടികള്‍ നയം വ്യക്തമാക്കണമെന്നു മാര്‍ ഇഞ്ചനാനിയില്‍
മദ്യനയം: പാര്‍ട്ടികള്‍ നയം വ്യക്തമാക്കണമെന്നു മാര്‍ ഇഞ്ചനാനിയില്‍
Sunday, February 14, 2016 12:45 AM IST
കൊച്ചി: മദ്യനയം സംബന്ധിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനു മുമ്പു വ്യക്തമായ നയം പ്രഖ്യാപിക്കണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. മദ്യവര്‍ജനമാണു തങ്ങളുടെ നയമെന്നു പ്രഖ്യാപിക്കുന്ന ഇടതുപാര്‍ട്ടികളുടെ ജനവഞ്ചനയും കാപട്യവുമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ജനങ്ങളുടെ നന്മ കണക്കാക്കിയുള്ള മദ്യനയമാണ് നാടിന്റെ വികസനത്തിനായി നിലകൊള്ളുന്നവര്‍ പ്രഖ്യാപിക്കേണ്ടത്. മദ്യവര്‍ജനം ഒരു നയമല്ല. അത് ഓരോരുത്തരും വ്യക്തിപരമായി എടുക്കേണ്ട തീരുമാനമാണ്. മദ്യനിയന്ത്രണവും നിരോധന നടപടികളുമാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

മദ്യവര്‍ജനമാണു തങ്ങളുടെ നയമെന്നു പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ആ പാര്‍ട്ടിയുടെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തിലെ സമ്പൂര്‍ണ മദ്യനിരോധന നിലപാടിനെ നിഷേധിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാരിന്റേതു ഘട്ടംഘട്ടമായുള്ള സമ്പൂര്‍ണ മദ്യനിരോധനം എന്ന നയമാണ്. ഇതു തുടരുമോ എന്നാണു രാഷ്ട്രീയകക്ഷികള്‍ വ്യക്തമാക്കേണ്ടത്. മദ്യനയം പ്രഖ്യാപിച്ച യുഡിഎഫ് അതുമായി ബന്ധപ്പെട്ട് അടുത്ത പത്തു വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികള്‍ പ്രഖ്യാപിക്കണം. മദ്യനയത്തില്‍ അവ്യക്തത പാടില്ല. അടച്ച ബാറുകള്‍ തുറക്കാനുള്ള നയങ്ങള്‍ ഇനി ആവിഷ്കരിക്കപ്പെടുമോ എന്നതാണ് വ്യക്തമാക്കപ്പെടേണ്ടത്. ഇക്കാര്യം പ്രകടന പത്രികയില്‍ വ്യക്തമാക്കണം.


മദ്യനിരോധനം നടപ്പാക്കുന്ന സര്‍ക്കാരിനു കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പിന്തുണയുണ്ടാകും. ബാറുടമകള്‍ക്കുവേണ്ടി മദ്യനയം അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു കെസിബിസി നേതൃത്വം നല്‍കും. മദ്യവിരുദ്ധ സമിതിയുടെ നിലപാട് ഇടതു, വലതു രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. 27ന് കേരളത്തിലെ മദ്യനിരോധന പ്രസ്ഥാനങ്ങളെ ഒരുമിച്ചുകൂട്ടി പാലാരിവട്ടം പിഒസിയില്‍ മദ്യവിരുദ്ധ മഹാസംഗമം സംഘടിപ്പിക്കുമെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി, പ്രോഗ്രാം സെക്രട്ടറിമാരായ അഡ്വ.ചാര്‍ളി പോള്‍, പ്രസാദ് കുരുവിള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നേരത്തെ നടന്ന മദ്യവിരുദ്ധ സമിതി 17-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനംചെയ്തു. റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. ഫാ. ടി.ജെ. ആന്റണി, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ആന്റണി ജേക്കബ് ചാവറ, എഫ്.എം. ലാസര്‍, സിസ്റര്‍ ആനീസ് തോട്ടാപ്പിള്ളി, കെ.ജെ. പൌലോസ്, യോഹന്നാന്‍ ആന്റണി, എം.ഡി. റാഫേല്‍, ജെയിംസ് മുട്ടിക്കല്‍, സേവ്യര്‍ പള്ളിപ്പാടന്‍, തോമസ്കുട്ടി മണക്കുന്നേല്‍, ഫാ.ആന്റണി അറയ്ക്കല്‍, ഫാ.പോള്‍ കാരാച്ചിറ, ഫാ.ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.