എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
Sunday, February 14, 2016 12:42 AM IST
കായംകുളം: എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പന്തളം മുടിയൂര്‍ക്കോണം അക്ഷയ് ഭവനത്തില്‍ പുഷ്പാംഗദന്‍ (49 )ആണു കൊല്ലപ്പെട്ടത്. കായംകുളം പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെ കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. തുമ്പിക്കൈകൊണ്ടു വരിഞ്ഞ് പാപ്പാനെ നിലത്തെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു. കൊമ്പുകൊണ്ട് കുത്താനും ശ്രമം നടത്തി. ഗുരുതര പരിക്കേറ്റ പുഷ്പാംഗദനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എഴുന്നള്ളത്തിനു തിടമ്പേറ്റി ആനപ്പുറത്തിരുന്ന ക്ഷേത്രം ശാന്തിക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആന ഓടുന്നതിനിടയില്‍ ആനപ്പുറത്തുനിന്നു നിലത്തുവീണ ശാന്തിക്കാരന്‍ ശിവകുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അടൂര്‍ കൊടുമണ്‍സ്വദേശിയുടെ ശിവശങ്കരന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇടഞ്ഞ് ഓടുന്നതിനിടയില്‍ കണ്ണില്‍ കണ്ടതെല്ലാം ആന തകര്‍ത്തു. വാരണപ്പള്ളി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുന്‍ഭാഗത്തെ മേല്‍ക്കൂര, കിഴക്കമ്പലത്തിന്റെ തൂണ്, ചുറ്റുമതില്‍ , വിളക്കുപുര, ഉത്സവത്തിന് ഉയര്‍ത്തിയ കൊടിമരം എന്നിവയെല്ലാം ആനയുടെ പരാക്രമത്തില്‍ തകര്‍ന്നുവീണു. ക്ഷേത്രത്തിനു സമീപത്തെ ശ്രീനാരായണഗുരു താമസിച്ച് വിദ്യ അഭ്യസിച്ചു ചരിത്രത്തില്‍ ഇടം നേടിയ വാരണപ്പള്ളി തറവാടിന്റെ ഒരുഭാഗവും കൊമ്പന്‍ തകര്‍ത്തു. രണ്ടുമണിക്കൂറിലേറെ ഗ്രാമത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കൊമ്പനെ ഒടുവില്‍ പത്തനംതിട്ടയില്‍ നിന്നെത്തിയ മയക്കുവെടിസംഘം മയക്കുവെടിവച്ച് തളയ്ക്കുകയായിരുന്നു.


ആന ഇടഞ്ഞപ്പോള്‍ ക്ഷേത്രപരിസരത്തുണ്ടായിരുന്ന ഭക്തജനങ്ങള്‍ പ്രാണരക്ഷാര്‍ഥം നിലവിളികളുമായി പരിസരപ്രദേശങ്ങളിലേക്ക് ഓടിമാറി. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ്സംഘവും സ്ഥലത്തെത്തി. പരിഭ്രാന്തിയിലായ ജനങ്ങളെ നിയന്ത്രിച്ചു അര്‍ധരാത്രി പന്ത്രണ്ടു കഴിഞ്ഞാണു മയക്കുവെടിവച്ച് തളച്ചത്. വെടിയേറ്റ ആന അരമണിക്കൂറിനുശേഷം മയങ്ങി. ഉടന്‍ വടംകൊണ്ടു ബന്ധിച്ചു തളയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ട പാപ്പാന്‍ പുഷ്പാംഗദന്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ആന പരിപാലന രംഗത്തുണ്ട് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.