സ്നേഹം തരുന്ന സാന്ത്വനം
സ്നേഹം തരുന്ന സാന്ത്വനം
Sunday, February 14, 2016 12:39 AM IST
മഹത്വത്തിന്റേ വഴിയേ- 7/ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി

സ്വയം നീതീകരിക്കുന്ന ഫരിസേയനേക്കാള്‍ ദൈവത്തിന്റെ നീതീകരണത്തിനു പാത്രമാകുന്നതു ചുങ്കക്കാരനാണ്.

തങ്ങള്‍ നീതിമാന്മാരാണ് എന്ന മിഥ്യാധാരണയില്‍ കഴിയുന്നവരെ ചൂണ്ടിയാണ് ഈശോ ഈ ഉപമ പറയുന്നത്. തങ്ങള്‍ കുറ്റമില്ലാത്തവരാണെന്നു ധരിച്ചു വശായിരിക്കുന്നവരാണു മറ്റുള്ളവരെ കുറ്റം വി ധിക്കുകയും വിമര്‍ശിക്കുകയും പുച്ഛിക്കുകയും ഒക്കെ ചെയ്യുന്നത്.

എന്നാല്‍, ധൂര്‍ത്തപുത്രനെപ്പോലെ പാപം ഏറ്റുപറഞ്ഞു മാറത്തടിച്ചു കരയുന്ന പാപി സ്വയം നീതീകരിക്കാത്തതിനാല്‍ ദൈവം നീതീകരിക്കുന്നതിന്റെ സുഖം അനുഭവിക്കും. പാപമോചനം വഴി യുള്ള രക്ഷ ദൈവം നീതീകരിക്കുന്നതിന്റെ ഫലമായ വിടുതല്‍ അനുഭവമാണ്. എന്റെ തെറ്റിന്റെ ദുരിതം അനുഭവിക്കുന്നയാള്‍ പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി സാരമില്ല എന്നു പറഞ്ഞു കേള്‍ക്കുന്നതു വലിയ സാന്ത്വനവും ആന്തരിക സൌഖ്യവുമാണ്. ഇനി ഒ രു അനുഭവപാഠം.

നവീകരണ രംഗത്തു ശുശ്രൂഷ ചെയ്യുന്ന ഒരാള്‍ തന്റെ ഹൃദയം വിങ്ങുന്ന അനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്: പത്തുവര്‍ഷങ്ങളായി നല്ല ഹൃദയബന്ധം പുലര്‍ത്തുകയും ശുശ്രൂഷയില്‍ സഹകരിക്കുകയും ചെയ്ത ഒരു സഹോദരി. തങ്ങള്‍ക്കു പരസ്പരം തോന്നിയ ഒരു താത്പര്യത്താല്‍ കൃപയുടെ വെളിച്ചം മങ്ങിയ വഴിയിലൂടെ ഏതാനും മിനിറ്റ് സ്വകാര്യമായി സഞ്ചരിച്ചു. കൃപയുടെ കുറവ് ഭാരപ്പെടുത്തിയപ്പോള്‍ അവര്‍ വെളിച്ചത്തിലേക്കു പിന്‍വാങ്ങി.


എന്നാല്‍, ആ സഹോദരന്‍ അനുതപിച്ച് അവളോടു സോറി പറയാന്‍ തയാറെടുത്തുചെന്നപ്പോള്‍, കണ്ടപാടെ അവള്‍ അയാളെ രൂ ക്ഷമായി കുറ്റപ്പെടുത്തി സംസാരിച്ചു. അയാള്‍ എല്ലാം നിശബ് ദമായി കേട്ട് മടങ്ങിപ്പോന്നു. അന്നും പിന്നീടുള്ള രണ്ടു ദിവസങ്ങളിലും അയാള്‍ അനുരഞ്ജനപ്പെടാന്‍ ശ്രമം നടത്തി. ഒരു ശ്രമവും അന്നു വിജയിച്ചില്ല. ആ സംഭവം നടന്നിട്ട് ഇപ്പോള്‍ പതിനഞ്ചുവര്‍ഷം പിന്നിട്ടിരിക്കുന്നു. അയാള്‍ പ്രാര്‍ഥിച്ചു കാത്തിരിക്കയാണു സാരമില്ല സഹോദരാ എന്ന് അവള്‍ പറയുന്നത് ഒന്നു കേള്‍ക്കാന്‍. അതിന്റെ സാന്ത്വനവും സൌഖ്യവും നുകരാന്‍!

ഈ സഹോദരി ഒരു പുണ്യവതിയെപ്പോലെ ജീവിക്കുന്നു എന്നു പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ ചിന്തിച്ചു: സഹോദരനുമായി അനുരഞ്ജപ്പെട്ടു സ്നേഹത്തിലാകാതെ എന്തു പുണ്യജീവിതം! അവള്‍ക്കു പകരം ഈശോ പറയുന്നു സാരമില്ല മോനേ എന്ന്. അതാണു നീതീകരിക്കുന്ന ദൈവത്തിന്റെ സ്നേഹം തരുന്ന സാന്ത്വനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.