കോലഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
Saturday, February 13, 2016 12:39 AM IST
കോലഞ്ചേരി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. വ്യാഴാഴ്ച രാത്രി വൈകിയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ പളളിയിലേക്കു വരാതിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. എങ്കിലും ഇരുവിഭാഗം വിശ്വാസികളും അവരുടെ ചാപ്പലില്‍ തടിച്ചുകൂടിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


ഇന്നലെ വൈകിട്ടു യാക്കോബായ വിഭാഗം വിശ്വാസികള്‍ ടൌണില്‍ പ്രകടനം നടത്തി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നു രാവിലെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കുന്നുണ്ട്. ഇത് തടയാന്‍ മറുവിഭാഗം ശ്രമിക്കുമെന്നു സൂചനയുള്ളതിനാല്‍ ശക്തമായ സുരക്ഷയാണു പോലീസ് ഒരുക്കുന്നത്. യാക്കോബായ ചാപ്പലില്‍ നിന്നുള്ള വഴിയിലും വൈഎംസിഎ റോഡിലും പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ തിങ്കളാഴ്ച ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.