ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബജറ്റ്: കോടിയേരി ബാലകൃഷ്ണന്‍
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബജറ്റ്: കോടിയേരി ബാലകൃഷ്ണന്‍
Saturday, February 13, 2016 1:00 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലാക്കാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബജ റ്റാണ് ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പു തന്നെ അതു ചോര്‍ന്ന സ്ഥിതിയാണ് ഉണ്ടായത്. ഇക്കാര്യത്തിലുള്ള രഹസ്യ സ്വഭാവം പോലും സൂക്ഷിക്കാന്‍ കഴിയാത്തവിധം സര്‍ക്കാര്‍ സംവിധാനം കുത്തഴിഞ്ഞിരിക്കുന്നു. കേരള സമ്പദ്ഘടന പാപ്പരായിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ബജറ്റ് രേഖകളില്‍നിന്നു ലഭിക്കുന്നത്. കേരള സമ്പദ്ഘടനയുടെ വളര്‍ച്ച അഖിലേന്ത്യാ ശരാശരിയേക്കാള്‍ പിറകിലായിരിക്കുകയാണ്.

അടിസ്ഥാന മേഖലകളായ കാര്‍ഷിക-വ്യാവസായിക മേഖലകളും തകര്‍ന്നിരിക്കുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, അവ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങളില്ലാത്ത ബജറ്റാണ് ഇത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലത്ത് തുടക്കം കുറിച്ച പദ്ധതികളുടെ അവകാശവാദമാണ് ഈ ബജറ്റില്‍ യുഡിഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്.

യുഡിഎഫിന്റെ പ്രകടനപത്രികയിലും വാഗ്ദാനങ്ങള്‍ നിരവധിയുണ്ടായിരുന്നു. അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ അവ എത്രത്തോളം നടപ്പിലാക്കി എന്ന് പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ് വാഗ്ദാന ലംഘനങ്ങള്‍.


അഞ്ചു വര്‍ഷം ഭരിച്ച് കേരളത്തിന്റെ സമ്പദ്ഘടനയെ ഗുരുതര പ്രതിസന്ധിയിലാക്കിയതിന്റെ തെളിവ് കൂടിയാണ് ബജറ്റ് രേഖകളെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജനങ്ങളെ കബളിപ്പിക്കാന്‍: വി. മുരളീധരന്‍

തിരുവനന്തപുരം: ഭരണം വിട്ടൊഴിയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്നതിനുവേണ്ടിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. ബജറ്റിലൂടെ ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനങ്ങളില്‍ ഒന്നുപോലും അദ്ദേഹത്തിന്റെ സര്‍ക്കാരിനു നടപ്പിലാക്കാനാകില്ല. നിയമസഭാ സമ്മേളനം അവസാനിക്കുമ്പോഴേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. അതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും അവസാനിക്കും. തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിന് യാതൊരു പ്രസക്തിയുമില്ലെന്ന് മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നരേന്ദ്രമോദിയുടെ ഭരണത്തില്‍ കൈഅയച്ചുള്ള സഹായം ലഭ്യമായിട്ടും കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.