പി. ജയരാജന്‍ കീഴടങ്ങി
പി. ജയരാജന്‍ കീഴടങ്ങി
Saturday, February 13, 2016 12:20 AM IST
തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നലെ രാവിലെ കീഴടങ്ങി. മാര്‍ച്ച് 11 വരെ ഒരു മാസത്തേക്കു റിമാന്‍ഡ് ചെയ്ത ജയരാജനെ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിനു കീഴിലുള്ള സഹകരണ ഹൃദയാലയയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പോലീസ് കാവലില്‍ ഇവിടെ ചികിത്സ തുടരും. പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു.

നേരത്തേ തലശേരി കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്നു കഴിഞ്ഞ ജനുവരി 19 മുതല്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലും 31 മുതല്‍ പരിയാരത്തും ചികിത്സയിലായിരുന്ന ജയരാജന്‍ ഇന്നലെ രാവിലെ 9.15ന് ആശുപത്രി വിട്ട് ആംബലുന്‍സില്‍ കോടതിയിലെത്തിയാണു കീഴടങ്ങിയത്. കോടതി നടപടി ആരംഭിച്ച ഉടന്‍ ഹാജരായ ജയരാജനെ ജഡ്ജി വി.ജി. അനില്‍ കുമാറാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു റിമാന്‍ഡ് ചെയ്തത്.

ചോദ്യംചെയ്യുന്നതിനു 16 മുതല്‍ മൂന്നു ദിവസത്തേക്കു ജയരാജനെ കസ്റഡിയില്‍ ലഭിക്കാന്‍ സിബിഐ ഡിവൈഎസ്പി ഹരി ഓംപ്രകാശ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 15ന് അപേക്ഷ കോടതി പരിഗണിക്കും. ജാമ്യത്തിനായി ജയരാജന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. അഭിഭാഷകരായ കെ. വിശ്വന്‍, അരുണ്‍ ബോസ് എന്നിവര്‍ മുഖേനയായിരുന്നു ജയരാജന്റെ കീഴടങ്ങല്‍. ഹൃദ്രോഗമുള്‍പ്പെടെയുള്ള അസുഖമുണ്െടന്നും മതിയായ ചികിത്സ ജയരാജനു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രത്യേക ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നു റിമാന്‍ഡില്‍ ചികിത്സാ സൌകര്യമൊരുക്കണമെന്നു ജഡ്ജി നിര്‍ദേശിച്ചു.

പോലീസ് കാവലില്‍ ജയിലിലേക്കു കൊണ്ടുപോകുംവഴി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജയരാജനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. ഇസിജിയില്‍ വ്യതിയാനമുണ്െടന്നും ഹൃദയ സംബന്ധമായ വിദഗ്ധ ചികിത്സ ജയരാജന് ആവശ്യമായതിനാല്‍ ഇതിനു സൌകര്യമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡോക്ടര്‍മാരായ ലത, രജിഷ എന്നിവരാണു ജയരാജനെ പരിശോധിച്ചത്. ഉച്ചകഴിഞ്ഞു രണ്േടാടെ സെന്‍ട്രല്‍ ജയിലിലെത്തിച്ച ജയരാജനെ വൈകുന്നേരം 4.30ഓടെ പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.


മൂന്നുതവണ ആന്‍ജിയോ പ്ളാസ്റിക്കു വിധേയനായിട്ടുള്ളയാളാണു ജയരാജന്‍. ദിവസവും ഫിസിയോതെറാപ്പിയും ഇദ്ദേഹത്തിനു ചെയ്തുവരുന്നു. മനോജ് വധക്കേസില്‍ ഗൂഢാലോചനയ്ക്കു യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്ത ജയരാജന്‍ 25-ാം പ്രതിയാണ്. സാധാരണ 14 ദിവസത്തേക്കാണ് റിമാന്‍ഡ് എങ്കിലും യുഎപിഎ വകുപ്പുള്ളതുകൊണ്ട് ഒരു മാസത്തേക്കാക്കുകയായിരുന്നു.

ഹൈക്കോടതിയില്‍ നല്‍കുന്നതിനു മുമ്പ് തലശേരി കോടതിയില്‍ ജയരാജന്‍ മൂന്നുതവണ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ഹൈക്കോടതിയും തള്ളിയതോടെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ നീക്കംനടത്തിയെങ്കിലും ഹര്‍ജി പരിഗണിക്കാന്‍ വൈകുമെന്നും അവിടെയും മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്നുമുള്ള നിയമോപദേശത്തെ തുടര്‍ന്നാണു കീഴടങ്ങാനുള്ള തീരുമാനമെടുത്തത്.

പരിയാരത്തുനിന്നു ജയരാജനെ എകെജി ആശുപത്രിയുടെ ഐസിയു ആംബുലന്‍സില്‍ രഹസ്യമായിട്ടായിരുന്നു കോടതിയിലെത്തിച്ചത്. ജയരാജന്റെ ഭാര്യ യമുനയും രണ്ടു സഹായികളുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ എം.വി. ജയരാജന്‍, കെ.കെ. രാഗേഷ് എംപി, ജയരാജന്റെ സഹോദരിയും എക്സ് എംപിയുമായ പി. സതീദേവി തുടങ്ങിയ സിപിഎം നേതാക്കളെത്തിയിരുന്നു. പ്രവര്‍ത്തകരും തടിച്ചുകൂടി.

കോടതിവളപ്പില്‍ മുദ്രാവാക്യം മുഴക്കാനുള്ള പ്രവര്‍ത്തകരുടെ നീക്കം നേതാക്കള്‍ ഇടപെട്ടു തടഞ്ഞു. പ്രവര്‍ത്തകര്‍ പിന്നീട് കോടതിയുടെ ഗേറ്റിനു പുറത്തുനിന്നു ജയരാജന് അഭിവാദ്യമര്‍പ്പിച്ചു മുദ്രാവാക്യം വിളിച്ചു. ജില്ലാ ആശുപത്രിയിലും സെന്‍ട്രല്‍ ജയില്‍ പരിസരത്തും പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം അണികള്‍ക്കു സിപിഎം നേതൃത്വം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.