ഭരണനേട്ടം ഉയര്‍ത്തിപ്പിടിച്ചു മുഖ്യമന്ത്രി; അഴിമതി ഉന്നയിച്ചു പ്രതിപക്ഷം
ഭരണനേട്ടം ഉയര്‍ത്തിപ്പിടിച്ചു മുഖ്യമന്ത്രി; അഴിമതി ഉന്നയിച്ചു പ്രതിപക്ഷം
Saturday, February 13, 2016 12:46 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചപ്പോള്‍ അഴിമതി ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം കൂട്ടി. ഇരുകൂട്ടരും മുന്നില്‍ക്കണ്ടത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു തന്നെ.

അഴിമതി ആരോപണങ്ങളിലും മറ്റു വിവാദങ്ങളിലും പെട്ടു കിടക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ സ്വന്തം നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒരുങ്ങുന്നു എന്ന സൂചനയാണ് ബജറ്റ് പ്രസംഗത്തിലൂടെ മുഖ്യമന്ത്രി നല്‍കുന്നത്. വികസനവും കരുതലും എന്ന മുദ്രാവാക്യത്തോടു നൂറു ശതമാനം നീതിപുലര്‍ത്താന്‍ കഴിഞ്ഞു എന്നു മുഖ്യമന്ത്രി തന്നെ പ്രസംഗത്തില്‍ അവകാശപ്പെടുന്നു.

വികസന രംഗത്ത് മെഗാ പ്രോജക്ടുകളും മറ്റു വികസന പരിപാടികളും ഉയര്‍ത്തിക്കാട്ടിയ ഉമ്മന്‍ ചാണ്ടി അവയുടെ തുടര്‍ച്ചയാണ് ഈ ബജറ്റിലും അവതരിപ്പിച്ചിരിക്കുന്നത്. കാരുണ്യ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സാമൂഹ്യനീതി വകുപ്പ് എന്നിവയിലൂടെ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ബജറ്റ് പ്രസംഗത്തില്‍ ഊന്നിപ്പറയുന്നു.

വികസനത്തിനപ്പുറം കരുതല്‍ എന്ന മുദ്രാവാക്യത്തിന് ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതായി കാണുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവരും നിരാലംബരുമായവര്‍ക്കായി നിരവധി പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ തലോടല്‍ ലഭിക്കാത്ത ഒരു മേഖലയോ സവിശേഷ ശ്രദ്ധ ലഭിക്കാത്ത ഒരു ജനവിഭാഗമോ അവശേഷിക്കുന്നില്ല എന്ന ബജറ്റ് പ്രസംഗത്തിലെ പരാമര്‍ശം കരുതലിനു നല്‍കിയ ഊന്നല്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പു വര്‍ഷമാണെങ്കിലും ആനുകൂല്യങ്ങളോ ഇളവുകളോ വാരിക്കോരി നല്‍കിയിട്ടില്ലെന്നുള്ളത് ശ്രദ്ധേയമാണ്. പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കുമുള്ള കുറേ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുകയാണു ചെയ്തിരിക്കുന്നത്. ബിപിഎലുകാര്‍ക്കുള്ള ഒരു രൂപ അരി പൂര്‍ണമായും സൌജന്യമാക്കിയതു മാത്രമാണ് എടുത്തുപറയാവുന്ന ജനപ്രിയ പരിപാടി.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള സഹായപദ്ധതി പ്രഖ്യാപിച്ചു എന്നു മാത്രം. ഇതു ജനപ്രിയ പദ്ധതിയുടെ ഗണത്തില്‍ പെടുത്താന്‍ സാധിക്കില്ല.

സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന 30 ലക്ഷത്തോളം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. അടുത്ത ഘട്ടത്തില്‍ മറ്റു മേഖലകളില്‍ പെട്ടവരിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.

വിധവാ പെന്‍ഷന്റെ ആനുകൂല്യം അഞ്ചു വര്‍ഷത്തിലധികമായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടു കഴിയുന്നവര്‍ക്കു കൂടി നല്‍കാനും തീരുമാനിച്ചു. അതുപോലെ തന്നെ 75 വയസ് കഴിഞ്ഞവര്‍ക്കുള്ള വാര്‍ധക്യകാല പെന്‍ഷന്‍ പ്രതിമാസം 1500 രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേക്കും ജനവിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഇത്തരം നടപടികള്‍ സാധാരണക്കാര്‍ക്കിടയില്‍ ചലനമുണ്ടാക്കും.


സര്‍ക്കാരിനെതിരെ എന്തെല്ലാം ആരോപണങ്ങളുയര്‍ന്നാലും ഭരണനേട്ടങ്ങള്‍ കൊണ്ട് അതിനെയെല്ലാം മറികടക്കാമെന്ന ആത്മവിശ്വാസമാണ് ഉമ്മന്‍ ചാണ്ടി പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷത്തിനുള്ള വെല്ലുവിളി കൂടിയാണു മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്.

പ്രതിപക്ഷം സഭയ്ക്കുള്ളില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധം കടുപ്പിച്ചപ്പോഴും കൂസലില്ലാതെയായിരുന്നു മുഖ്യമന്ത്രിയുടെ ബജറ്റ്് പ്രസംഗം. ഇടറിയ ശബ്ദവുമായാണ് എത്തിയതെങ്കിലും മൂന്നു മണിക്കൂറോളം നീണ്ട പ്രസംഗം പൂര്‍ത്തിയാക്കുന്നതിനിടെ ഒരു തവണ പോലും വെള്ളം കുടിക്കാനുള്ള ഇടവേള എടുത്തില്ല ഉമ്മന്‍ ചാണ്ടി. റിക്കാര്‍ഡ് കുറിച്ച് ചരിത്രത്തില്‍ ഇടംപിടിച്ചെങ്കിലും മൂന്നു മണിക്കൂര്‍ പ്രസംഗം കേള്‍വിക്കാരെ ബോറടിപ്പിച്ചു എന്നതു മറ്റൊരു വശം.

മുഖ്യമന്ത്രി ഇങ്ങനെ കടുത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും പ്രതിപക്ഷം അഴിമതിക്ക് ഊന്നല്‍ കൊടുത്തു തന്നെ മുന്നോട്ടുപോകുമെന്നു വ്യക്തമാക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആരോപണവിധേയനായ കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇത്തവണ രാഷ്ട്രീയ കാരണങ്ങളാല്‍ അത്ര കടുത്ത നിലപാടിലേക്ക് നീങ്ങിയില്ലെങ്കിലും വലിയ തോതിലുള്ള പ്രതിഷേധം തന്നെ അവര്‍ ഉയര്‍ത്തി. അഴിമതി ആരോപണം ഉയര്‍ന്ന എല്ലാ മന്ത്രിമാര്‍ക്കുമെതിരെ പ്രതിഷേധിക്കുന്നുണ്െടങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആണ് അവര്‍ പ്രധാനമായും ഉന്നംവയ്ക്കുന്നത്. കാരണം ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയെ ആണ് അവര്‍ക്കു മറികടക്കേണ്ടത്.

ഇന്നലെ രാവിലെ ബജറ്റ് അവതരണം തുടങ്ങുന്നതിനു മുമ്പുതന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. ഇരുപതു മിനിറ്റോളം മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് സഭയ്ക്കു പുറത്തേക്കു പോകുകയായിരുന്നു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. ബജറ്റ് ബഹിഷ്കരിച്ച സാഹചര്യത്തില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ സാംഗത്യമുണ്േടാ എന്ന ചോദ്യം ഉയരും. നിയമസഭയിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള അവസരം പ്രതിപക്ഷം കളഞ്ഞുകുളിച്ചത് അദ്ഭുതപ്പെടുത്തി.

ഏതായാലും നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്കു മുന്നണികള്‍ ഇറങ്ങുമ്പോള്‍ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്നെ ഭരണമുന്നണി ജനങ്ങളെ നേരിടുമെന്നു വ്യക്തം. അതിനുള്ള വക അഞ്ചു വര്‍ഷത്തെ ഭരണത്തിലുണ്െടന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് പ്രസംഗത്തിലൂടെ പ്രകടിപ്പിച്ചത്. മറുപക്ഷത്ത് ആരോപണങ്ങളും വിവാദങ്ങളുമാകും തങ്ങളുടെ ആയുധമെന്നു പ്രതിപക്ഷവും വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.