മുഖപ്രസംഗം: കരുതല്‍ കുറയാതെ,ജനകീയ ബജറ്റ്
Saturday, February 13, 2016 12:14 AM IST
വികസനാധിഷ്ഠിതവും കരുതലുള്ളതും എന്നു മാത്രമല്ല, ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ളതുമായ ബജറ്റാണു ധനവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. ക്ഷേമപദ്ധതികള്‍ക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. കാര്‍ഷികമേഖലയ്ക്കു പ്രത്യേക പരിഗണന നല്‍കി. ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ ഈ ബജറ്റ് സമ്പന്നമാണെന്നു പറയാം. മുപ്പതു ലക്ഷത്തോളം വരുന്ന ക്ഷേമപെന്‍ഷന്‍കാര്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനുള്ള നീക്കം അത്തരമൊന്നാണ്. നികുതിയിളവുകളിലൂടെയും ബജറ്റ് ജനപ്രിയമാകുന്നു.

പൊതുവേ ശുഭകരമായൊരു സാമ്പത്തിക സാഹചര്യമല്ല ആഗോളതലത്തില്‍ കാണുന്നത്. സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യവും വ്യത്യസ്തമല്ല. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും നിര്‍മാണമേഖലയിലെ സ്തംഭനവുമൊക്കെ അതിനു കാരണങ്ങളാണ്. റബര്‍കൃഷി മേഖലയിലെ വിലയിടിവു മാത്രമല്ല, ഉത്പാദനക്കുറവും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു വഴിതെളിച്ചു. സ്വാഭാവികമായും നികുതി വരുമാനത്തിലും കുറവു വന്നു. കേന്ദ്ര സഹായം ആയിരം കോടിയോളം കുറയുകയും ചെയ്തു. ചുരുക്കത്തില്‍, നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. അടുത്ത വര്‍ഷം വരുമാനത്തില്‍ 20 ശതമാനം വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. പക്ഷേ അതും യാഥാര്‍ഥ്യബോധമുള്ള പ്രതീക്ഷയാണെന്നു പറയാനാവില്ല. നികുതിവരുമാനം കുറയുന്നതിനു കാരണം നാട്ടില്‍ വ്യാപാരം കുറയുന്നതാണ്. നികുതിപിരിവ് ഊര്‍ജിതമായാല്‍ പോലും വ്യാപാരം കുറഞ്ഞാല്‍ വരുമാനം ഇടിയും.

ബജറ്റുകള്‍ എത്രകണ്ടു ഭാവനാപൂര്‍ണമായാലും, വിവിധ പദ്ധതികളിലേക്കു സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന വിഹിതം കാര്യക്ഷമമായി വിനിയോഗിക്കപ്പെടുന്നില്ല എന്നതു ഗൌരവതരമായ പ്രശ്നമാണ്. ഭരണനിര്‍വഹണത്തിലെ കാര്യക്ഷമതയില്ലായ്മ ഇതിനു പ്രധാന കാരണമാണ്. റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്കു കഴിഞ്ഞ ബജറ്റില്‍ 300 കോടി രൂപ നീക്കിവച്ചിരുന്നു. പക്ഷേ, അതിന്റെ മൂന്നിലൊന്നുപോലും ഉപയോഗിക്കാനായിട്ടില്ല. ഇപ്രാവശ്യം 500 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. റബര്‍ കിലോഗ്രാമിനു 150 രൂപ ലഭിക്കത്തക്കവിധമുള്ള വിലസ്ഥിരതാ പദ്ധതിയാണു ലക്ഷ്യമിടുന്നത്. ഇതു ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു പ്രയോജനപ്രദമായ വിധത്തില്‍ ചെലവഴിക്കണം.

അംഗവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി പോലെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍, പ്രമേഹബാധിതരായ കുട്ടികള്‍, ഒറ്റപ്പെട്ട രോഗികള്‍, മാനസിക രോഗികള്‍ എന്നിവര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമപദ്ധതികള്‍ പ്രത്യേകം ശ്ളാഘനീയമാണ്. വോട്ട്ബാങ്കുകളും സമ്മര്‍ദശക്തികളും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഊറ്റിക്കൊണ്ടുപോകുന്നതു പതിവായിരിക്കേ, അവഗണിതമായ ഇത്തരം വിഭാഗങ്ങളെ ബജറ്റില്‍ പ്രത്യേകം പരിഗണിച്ചു എന്നത് അഭിനന്ദനാര്‍ഹം. വിദ്യാഭ്യാസ വായ്പയുടെ പലിശയിളവ് ഉന്നതവിദ്യാഭ്യാസത്തിനാഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്കു വലിയ പ്രചോദനമാകും. ഇരുനൂറു കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനു മാത്രം വിദ്യാഭ്യാസ വായ്പയിനത്തില്‍ 2200 കോടി രൂപ പിരിഞ്ഞുകിട്ടാനുള്ള സാഹചര്യത്തില്‍ ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന തുക തീരെ കുറവാണ്.


സുസ്ഥിര നെല്‍ക്കൃഷി വികസനത്തിനും നാളികേര വികസനത്തിനും നീക്കിവച്ചിട്ടുള്ള തുകകളും നാമമാത്രമാണെങ്കിലും ആ മേഖലയെ പരിഗണിച്ചുവെന്നത് ആശ്വാസകരം. മത്സ്യബന്ധനമേഖലയ്ക്കും പരിഗണന ലഭിച്ചു. വടകരയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, അഞ്ചു വര്‍ഷംകൊണ്ട് 500 മത്സ്യവിപണന കേന്ദ്രങ്ങള്‍, സമഗ്ര തീരദേശ വികസന പദ്ധതി, മത്സ്യത്തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസ പദ്ധതിത്തുകയുടെ വര്‍ധന, പൂന്തുറ-വലിയതുറ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം എന്നിവ ആ മേഖലയ്ക്ക് ഉണര്‍വു പകരും.

എല്ലാ ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൌജന്യമായി അരി നല്‍കുന്ന പദ്ധതി ആദ്യമായാണു കേരളത്തില്‍ നടപ്പാക്കുന്നത്. റേഷന്‍ സൌജന്യമാക്കുന്നതു ജനങ്ങളില്‍ അലസത വര്‍ധിപ്പിക്കുമെന്നു വാദിക്കുന്നവരുണ്െടങ്കിലും ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരുടെ ഭക്ഷ്യാവശ്യങ്ങള്‍ നിര്‍വഹിക്കുകയെന്നതു ഭരണകൂടത്തിന്റെ ചുമതലയാണ്. അമ്പത്തഞ്ചു കോടി രൂപയാണ് ഇതിനുള്ള അധികച്ചെലവായി കണക്കാക്കുന്നത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനു 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണിയുടെ നിഴലിലാണു സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങള്‍. അവരുടെ ആശങ്ക സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നു. ജീവന്‍രക്ഷാ മരുന്നുകള്‍ക്കുള്ള വാറ്റ് നികുതി ഒഴിവാക്കിയതും, പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ നൂറു കോടി രൂപ മാറ്റിവച്ചതും ആരോഗ്യ വിദ്യാഭ്യാസത്തിനായി 393.88 കോടി രൂപ വകയിരുത്തിയതും ആരോഗ്യരംഗത്തോടുള്ള പരിഗണനയായി. പ്ളാസ്റിക് ബാഗുകള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തിയതും പ്ളാസ്റിക് കുപ്പികളിലെ ശീതളപാനീയങ്ങള്‍ക്ക് അഞ്ചു ശതമാനം സര്‍ചാര്‍ജ് ചുമത്തിയതും പ്ളാസ്റിക്കിനെതിരേയുള്ള ബോധവത്കരണപ്രക്രിയയെ സഹായിക്കും.

വനിതകള്‍ക്കു ചില പ്രത്യേക ആനുകൂല്യങ്ങള്‍ ബജറ്റിലുണ്ട്. സ്ത്രീശക്തി ലോട്ടറിയും കനിവ് പദ്ധതിയും ഭാവനാപൂര്‍ണമാണ്. വിധവാ പെന്‍ഷന്‍ വര്‍ധിപ്പിച്ചതും അഞ്ചുവര്‍ഷത്തിലേറെയായി ഭര്‍ത്താവില്‍നിന്നു വേര്‍പെട്ടു ജീവിക്കുന്നവര്‍ക്കു വിധവാ പെന്‍ഷന് അര്‍ഹത നല്‍കിയതും നിരാലംബരായ സ്ത്രീകള്‍ക്ക് അനുഗ്രഹംതന്നെ. ബജറ്റ് പദ്ധതികളും നിര്‍ദേശങ്ങളും പ്രത്യാശ പകരുമ്പോഴും വിഹിതങ്ങളുടെ വിനിയോഗം ലക്ഷ്യങ്ങളിലെത്തുക എന്നതാണു പ്രധാനം. അക്കാര്യത്തില്‍ ഭരണപരമായ കാര്യക്ഷമതയും സുതാര്യതയും തെളിയട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.