കര്‍ഷകരെ രക്ഷിക്കാനുള്ള അവസരം പാഴാക്കി: ജോയ്സ് ജോര്‍ജ് എംപി
കര്‍ഷകരെ രക്ഷിക്കാനുള്ള അവസരം പാഴാക്കി: ജോയ്സ് ജോര്‍ജ് എംപി
Friday, February 12, 2016 11:57 PM IST
കട്ടപ്പന: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രം തള്ളിയതോടെ പരിസ്ഥിതിലോല മേഖലയില്‍നിന്നു കര്‍ഷകരെ രക്ഷിക്കാനുള്ള അവസരം സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയതായി ജോയ്സ് ജോര്‍ജ് എംപി. സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിലെ വസ്തുതാപരമായ പിശകുകളും പാകപ്പിഴകളും തിരുത്താന്‍ തയാറാകാതിരുന്നതാണ് കേരള ജനതയെ അപകടകരമായ സാഹചര്യത്തിലേയ്ക്ക് എത്തിച്ചത്. റിപ്പോര്‍ട്ടിലെ അശാസ്ത്രീയതകളും അവ്യക്തതകളും വളരെ നേരത്തെതന്നെ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിനെ അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വമാണ് ഇപ്പോഴത്തെ സാഹചര്യത്തിനുത്തരവാദി.

ഭാഗീക ഇഎസ്എയും ഇടകലര്‍ന്ന ഇഎസ്എയും ഇഎസ്എയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഈ റിപ്പോര്‍ട്ട് നല്‍കരുതെന്നും അപേക്ഷയുടെ സ്വരത്തില്‍പോലും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.


വനാതിര്‍ത്തികള്‍ നിര്‍ണയിച്ച് വില്ലേജടിസ്ഥാനത്തില്‍ കൃത്യമായ ഭൂപടവും റിപ്പോര്‍ട്ടും അക്ഷാംശവും രേഖാംശവും രേഖപ്പെടുത്തി കേന്ദ്രത്തിന് നല്‍കിയാല്‍ പരിസ്ഥിതിലോല പട്ടികയില്‍നിന്ന് കൃഷിയിടങ്ങളേയും ജനവാസ കേന്ദ്രങ്ങളെയും തോട്ടങ്ങളെയും ടൌണ്‍ഷിപ്പുകളെയും ഒഴിവാക്കി നല്‍കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിരുന്നു.

കേന്ദ്രം നല്‍കിയ അനുകൂല സാഹചര്യത്തെ പ്രയോജനപ്പെടുത്താന്‍ ഒന്നരവര്‍ഷം സമയം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. കേരളത്തില്‍ കോട്ടയത്തെ നാലു വില്ലേജുകളെ മാത്രം ഒഴിവാക്കിയെടുക്കാന്‍ അമിതാവേശം കാണിച്ച സര്‍ക്കാര്‍ സംസ്ഥാനത്തെ 119 വില്ലേജുകളിലെ ലക്ഷക്കണക്കിന് കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്നും എംപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.