സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ തല്ലുകൂടലും ബംഗാളില്‍ മോതിരമാറ്റവും: രാജ്നാഥ് സിംഗ്
സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ തല്ലുകൂടലും ബംഗാളില്‍ മോതിരമാറ്റവും: രാജ്നാഥ് സിംഗ്
Friday, February 12, 2016 11:56 PM IST
തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ തല്ലുകൂടലും പശ്ചിമബംഗാളില്‍ മോതിരമാറ്റവുമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച വിമോചനയാത്രയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തു മാറിമാറി ഭരിക്കുന്നതു ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇങ്ങനെയൊരു ധാരണ അഴിമതി നടത്താന്‍ വേണ്ടി മാത്രമാണെന്നുള്ളതു സംസ്ഥാനത്തെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഇവിടെയൊരു ഭരണമാറ്റം ആഗ്രഹിക്കുന്നു. ഈ രണ്ടുമുന്നണികള്‍ക്കെതിരായി ഒരു മൂന്നാം ബദല്‍ ഉയര്‍ന്നുവരേണ്ട സാഹചര്യം സംജാതമായിട്ടുണ്ട്.

ഈ ബദലിനു നേതൃത്വം വഹിക്കേണ്ടതു ബിജെപിയാണ്. എല്‍ഡിഎഫില്‍നിന്നും യുഡിഎഫില്‍ നിന്നുമുള്ള മോചനം തന്നെയാണു ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി നേടിയ വിജയം ഇതാണു സൂചിപ്പിക്കുന്നതെന്നും വൈകാതെ കേരളം ഭരിക്കാനുള്ള അവസരം പാര്‍ട്ടിക്കു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വമെന്നതു സംസ്ഥാനത്തു കാണാന്‍ കഴിയുന്നതു ഇവിടത്തെ അവിയല്‍ എന്ന കറിയിലാണ്. എല്ലാ പച്ചക്കറികളും ചേര്‍ത്തുള്ള അവിയല്‍ സ്വാദിഷ്ടമാണ്. എന്നാല്‍, കേരളത്തിന്റെ വികസനത്തിന്റെ കാര്യത്തിലും ഈ അവിയലിലെ ഐക്യം വേണം. എന്നാല്‍, ഇങ്ങനെയൊരു ഐക്യം ഇവിടെയില്ലാത്തതുകൊണ്ടു വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം വളരെ പിന്നിലാണ്. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ കേരളത്തിന് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സാക്ഷരതയില്‍ ഏറെ മുന്നിലുള്ള കേരളത്തില്‍ യുവാക്കള്‍ക്കു തൊഴിലോ പുതിയ തൊഴില്‍ സംരംഭങ്ങളോ ഇല്ല. രണ്ടു മുന്നണികളും കൂടി കേരളം ഭരിച്ചതിന്റെ ബാക്കിപത്രമാണ് ഇങ്ങനെയൊരു സാഹചര്യത്തിലേക്കു കേരളത്തെ എത്തിച്ചതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.


വിമോചനയാത്രയുടെ നായകനായ കുമ്മനം രാജശേഖരനു രാജ്നാഥ് സിംഗ് സ്വീകരണം നല്‍കി. കണ്ണൂരില്‍ കോളജില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു രാജ്നാഥ് സിംഗിനു പരാതി നല്‍കി. ചലച്ചിത്ര സംവിധായകന്‍ രാജസേനനു കുമ്മനം ബിജെപി അംഗത്വം നല്‍കി. ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, വി.മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, സി.കെ. പദ്മനാഭന്‍, പി.എസ്. ശ്രീധരന്‍ പിള്ള ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് എന്നിവരും പ്രസംഗിച്ചു.

തിരുവനന്തപുരം, കഴക്കൂട്ടം, നേമം മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രകടനമായാണു സമ്മേളന വേദിയായ പൂജപ്പുര മൈതാനത്ത് എത്തിയത്. ഘോഷയാത്രയും വാദ്യമേളങ്ങളുമായി ആയിരക്കണക്കിനു പ്രവര്‍ത്തകരാണു വിമോചനയാത്രയുടെ സമാപനത്തില്‍ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.