കണ്ണുനീരായി നീര; ശവപ്പറമ്പായി തോപ്പുകള്‍
കണ്ണുനീരായി നീര; ശവപ്പറമ്പായി തോപ്പുകള്‍
Friday, February 12, 2016 11:53 PM IST
കോളിലും നെല്ലിലും കണ്ണീര്‍കൃഷി-4/ എം.വി. വസന്ത്

വാനോളം പ്രതീക്ഷയര്‍പ്പിച്ചു പണമെറിഞ്ഞവര്‍ക്കു നീര സമ്മാനിച്ചതു കണ്ണീര്‍ മാത്രം. നീരയെന്ന പുത്തന്‍ കാര്‍ഷിക ആശയത്തിനായി മുന്‍ നഷ്ടങ്ങളെല്ലാം മറന്നു കേരകര്‍ഷകര്‍ കൈകോര്‍ത്തതുതന്നെ വലിയ കാര്യമാണ്. ഇത്തരം വലിയ കാര്യങ്ങള്‍ വളരെ വിരളമായേ നമ്മുടെ നാട്ടില്‍ നടക്കാറുള്ളു. നീരയുടെ വരവും പോക്കും പെട്ടെന്നായിരുന്നു. പക്ഷേ, പദ്ധതി പാളിയതും പൊളിഞ്ഞതുമൊന്നും അധികൃതര്‍ അറിഞ്ഞമട്ടില്ല. ഇപ്പോള്‍ പരസ്യ ബോര്‍ഡുകളിലും കേരകര്‍ഷകരുടെ നെടുവീര്‍പ്പുകളിലും മാത്രമായി ഒതുങ്ങിയിരിക്കുകയാണു നീര.

നാളികേര വികസന ബോര്‍ഡിനു കീഴിലെ ജില്ലാതല കമ്പനികളില്‍ പണമടച്ചു പദ്ധതിയില്‍ ചേര്‍ന്നവര്‍ ഇന്നു പെരുവഴിയിലാണ്. തെങ്ങിന്‍തോപ്പുകളില്‍ പലതും ശവപ്പറമ്പിന്റെ മട്ടിലാണ്. പാതിവഴിയില്‍ ഉപേക്ഷിച്ച നീരചെത്തിന്റെ അവശിഷ്ടങ്ങളാണ് മിക്ക തോപ്പുകളിലുമുള്ളത്. നീരയെടുത്തു സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഫ്രീസറുകള്‍ പലതും തൊഴുത്തിലാണ് ഇടംപിടിച്ചിരിക്കുന്നത്. പണിയെടുക്കുന്നവര്‍ക്കു വിശ്രമിക്കാനായി കെട്ടിയ ഓലഷെഡുകള്‍ തീയിട്ടുനശിപ്പിച്ചാണ് പലരും മനസിലെ വിഷമം ഒതുക്കിയത്. കേരകര്‍ഷകര്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ ഒന്നു പരിശോധിച്ചാല്‍ മാത്രം മതി പദ്ധതി എവിടെയെത്തിയെന്നറിയാന്‍.

മോഹനവാഗ്ദാനങ്ങള്‍, നഷ്ടപ്പെരുമഴ

നീരയ്ക്കു മുന്നില്‍ കേരകര്‍ഷകര്‍ സ്വയം കുടുങ്ങിയതാണോ..? ഇത്ര വലിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ കേരകര്‍ഷകര്‍ മാത്രമല്ല, ആരും വീണുപോകും. നീര ഉത്പാദനം തുടങ്ങിക്കഴിഞ്ഞാല്‍ ഒരു ലിറ്ററിന് അമ്പതുരൂപ വരെ കേരകര്‍ഷകനു ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. പക്ഷേ, ഇതുവരെ സംസ്ഥാനത്തൊട്ടാകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കര്‍ഷകനു ലഭിച്ചിട്ടുള്ളതു ലിറ്ററിനു ശരാശരി 17 രൂപമാത്രം. കേര ടെക്നീഷനു ലിറ്ററിന് 25 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പക്ഷേ, ഇവര്‍ക്കു ലഭിച്ചതു ശരാശരി 16 രൂപ. ആദ്യത്തെ നാലുമാസം ഈ തുക കൃത്യമായി ലഭിച്ചിരുന്നു. പിന്നീടതു മുടങ്ങിയെന്നു മാത്രമല്ല അധികൃതര്‍ക്കു മിണ്ടാട്ടവുമില്ല. 2015 മേയില്‍ മുതല്‍ നീര ഉത്പാദിപ്പിച്ച ആര്‍ക്കും പണം ലഭിച്ചിട്ടില്ലെന്നു കര്‍ഷകരും ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിനു കീഴിലെ നാളികേര വികസന ബോര്‍ഡാണു നീര ഉത്പാദവും വിപണനവുമായി കേരകര്‍ഷകര്‍ക്കു തുണയാകാനെത്തിയത്. ബോര്‍ഡില്‍ അഫിലിയേറ്റു ചെയ്ത കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കാണ് അതതു ജില്ലകളിലെ ഉത്തരവാദിത്തം. ഗ്രൂപ്പുകള്‍ക്ക്, പ്രത്യേകിച്ചു പഞ്ചായത്തുതലത്തില്‍ രൂപീകരിക്കുന്ന സൊസൈറ്റികള്‍ക്ക് ഈ കമ്പനിയില്‍ നേരിട്ടു രജിസ്റര്‍ ചെയ്യാം. നീര ചെത്തുന്ന തെങ്ങൊന്നിനു 30 രൂപ നല്‍കി രജിസ്റര്‍ ചെയ്യണം. ഇതു കാലാന്തരത്തില്‍ മൂന്നുപ്രാവശ്യം നല്‍കണമെന്നാണു വ്യവസ്ഥ. ഇതിനു പകരമായി തെങ്ങൊന്നിനു ഇരുനൂറു രൂപയുടെ വളം സൌജന്യമായി രണ്ടുതവണയായി ബോര്‍ഡു തിരിച്ചുനല്‍കുമെന്നു മോഹനവാഗ്ദാന വ്യവസ്ഥയിലുണ്ട്. ആദ്യമാസങ്ങളില്‍ ഇതെല്ലാം കൃത്യമായി നടന്നിരുന്നതായി കര്‍ഷകര്‍ പറയുന്നു. ഈ കൃത്യതയില്‍ വിശ്വാസം വന്നതിനാലാണ് തങ്ങളെല്ലാം പണംമുടക്കി കുടുങ്ങേണ്ടിവന്നതെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കുടുങ്ങിയതിലധികവും പാലക്കാടു ജില്ലക്കാര്‍

കേരളത്തിലെമ്പാടും നീര ഉത്പാദനമുണ്െടന്നു പറയുമ്പോഴും കൂടുതല്‍ പങ്കാളിത്തമുണ്ടായതും നഷ്ടക്കൊയ്ത്തു നടത്തിയതും പാലക്കാട് ജില്ലയിലാണ്. പാലക്കാട്ടു മാത്രം രണ്ടരക്കോടിയോളം തെങ്ങുകളുണ്െടന്നാണു കണക്ക്. മൂന്നു ഗഡുക്കളായി 90 രൂപ തെങ്ങൊന്നിനു പിരിച്ചാല്‍തന്നെ 30 കോടിയോളം രൂപവരും. പെരുമാട്ടി പഞ്ചായത്തില്‍ മൂന്നേകാല്‍ ലക്ഷവും കൊഴിഞ്ഞാമ്പാറയില്‍ രണ്േടകാല്‍ ലക്ഷവും എരുത്തേംപതിയില്‍ രണ്ടുലക്ഷവും നല്ലേപ്പിള്ളിയില്‍ രണ്ടുലക്ഷവും തെങ്ങുകളുണ്െടന്നാണു കണക്ക്. ആളിയാര്‍ വെള്ളത്തിന്റെ ലഭ്യതയും മണ്ണിന്റെ വളക്കൂറുമാണ് ഈ മേഖലയില്‍ തെങ്ങിന്റെ ബാഹുല്യത്തിനു നിദാനം. പക്ഷേ, ഇതൊന്നും മുതലെടുക്കാന്‍ നീര ഉത്പാദക കമ്പനിക്കോ നാളികേര വികസന ബോര്‍ഡിനോ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് ഏറെ വിചിത്രം.


കള്ളുചെത്തിയിരുന്ന തോപ്പുകള്‍ പലതും നീരയിലേക്കു മാറിയിരുന്നു. കള്ളില്‍നിന്നു ലഭിക്കുന്ന വരുമാനത്തേക്കാള്‍ വളരെയധികം ലാഭമൊന്നും നീരചെത്തലില്‍ പ്രതീക്ഷിക്കേണ്െടങ്കിലും പലരും പിന്‍വാങ്ങിയതിനു പിന്നില്‍ സര്‍ക്കാരിന്റെ പരിരക്ഷയുണ്ടാകുമെന്ന ആശ്വാസമായിരുന്നു. മദ്യഉത്പാദകരെന്ന ചീത്തപ്പേരില്‍നിന്നു മാറിപ്പോകാനും പല കേരകര്‍ഷകരും ആഗ്രഹിച്ചിരുന്നു. ഇങ്ങനെ മനംമാറിയ പല കര്‍ഷകരും ഇന്നു വെട്ടിലായ അവസ്ഥയിലാണ്- ഉത്തരത്തിലുള്ളതു കിട്ടിയുമില്ല, കക്ഷത്തിലുള്ളതു പോകുകയും ചെയ്തുവെന്ന അവസ്ഥ.

തട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍

നീര തുടങ്ങിയതിനും ഒടുങ്ങിയതിനും പിന്നിലെ തന്ത്രങ്ങള്‍ പരിശോധിച്ചാല്‍ വന്‍ സാമ്പത്തിക തട്ടിപ്പും മനസിലാക്കാം. കര്‍ഷകരില്‍നിന്നു പിരിച്ച തുകയും അവര്‍ക്കു നല്‍കിയ വാഗ്ദാനവും ലഭിച്ച ആനുകൂല്യ വും ചേര്‍ത്തുവായിച്ചാല്‍ ഇതെല്ലാം പകല്‍പോലെ വ്യക്തമാണ്. നാളികേര വികസന ബോര്‍ഡിന്റെ സബ്സിഡി ആനുകൂല്യങ്ങളുടെ പെരുംസംഖ്യ തട്ടിയെടുക്കാനുള്ള എളുപ്പവഴിയായാണ് നീര പദ്ധതി പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അല്ലായിരുന്നുവെങ്കില്‍ ഉത്പാദനം തുടങ്ങി രണ്ടുവര്‍ഷം പിന്നിട്ടിട്ടും ക്ളച്ചു പിടിക്കാതെ പോകേണ്ട സംരംഭമായിരുന്നില്ല നീര പദ്ധതി. തെങ്ങുകളുടെ സമൃദ്ധിയുള്ള നാട്ടില്‍ ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത തോല്‍വിയാണു നീര പദ്ധതി കേരകര്‍ഷകര്‍ക്കും കേരളീയര്‍ക്കു മൊത്തത്തിലും സമ്മാനിച്ചിരിക്കുന്നത്.

കര്‍ഷകര്‍ക്കു ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും ജില്ലാതല നീര ഉത്പാദന കമ്പനികള്‍ക്കു യഥാവിധി ആനുകൂല്യങ്ങള്‍ എത്തുന്നുണ്െടന്നാണ് സൂചനകള്‍. നീര ഉത്പാദനവും കര്‍ഷകരുടെ പങ്കാളിത്തവും കുറഞ്ഞെന്നു വരുത്തി കമ്പനി നഷ്ടത്തിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അതിവിദഗ്ധമായി പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് കമ്പനികള്‍. ബോര്‍ഡിന്റെ സബ്സിഡികള്‍ നിലയ്ക്കുന്നതു വരെയെങ്കിലും തടിച്ചുകൊഴുക്കാന്‍ തയാറെടുക്കുകയാണ് ജില്ലാതല കമ്പനികള്‍.

നഷ്ടം കണക്കുകളില്‍ തീരില്ല...

ഞങ്ങളുടെ നഷ്ടം കണക്കുകളില്‍ തീരില്ല. ഞങ്ങള്‍ പ്രതികരിക്കും. തത്കാലം മിണ്ടാതിരിക്കുന്നു എന്നേയുള്ളു... കൊഴിഞ്ഞാമ്പാറയിലെ ഒരു കേരകര്‍ഷകന്‍ പറഞ്ഞു. ഇവിടത്തെ തെങ്ങിന്‍തോപ്പുകളില്‍ നൂറും ഇരുനൂറും തെങ്ങുകളല്ല, ആയിരത്തിലധികം വരുന്ന തോട്ടങ്ങളാണ് മിക്കതും. രജിസ്റര്‍ ചെയ്ത വകയില്‍ മാത്രം ഓരോരുത്തരുടെയും നഷ്ടം ലക്ഷങ്ങളാണ്.

അടങ്ങിയിരിക്കില്ല സാറേ ഞങ്ങള്‍. ഇവരെത്ര ദൂരം പോകുമെന്നു നോക്കാം. ഇവിടത്തെ കര്‍ഷകരെ പറ്റിക്കാന്‍ ആരും നോക്കേണ്ട... (ഫോട്ടോയ്ക്കു പോസ് ചെയ്യാതെ, വിലാസം പറയാതെ അയാള്‍ നടന്നുനീങ്ങി).

(നാളെ കണ്ണീര്‍ തോരാതെ മലയോരം- പരമ്പര തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.