പരിസ്ഥിതിലോലം: പശ്ചിമഘട്ട ജനതയെ വീണ്ടും വഞ്ചിച്ചുവെന്ന് ഇന്‍ഫാം
Friday, February 12, 2016 11:53 PM IST
തൊടുപുഴ: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന യൂണിറ്റ് വില്ലേജാണെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുമ്പോള്‍ പശ്ചിമഘട്ട പ്രശ്നങ്ങളില്‍ വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ അപ്രസക്തമായിരിക്കുന്നുവെന്നും ഇക്കാലയളവില്‍ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാഴായിപ്പോയെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ.വി.സി.സെബാസ്റ്യന്‍. 2015 ഓഗസ്റ് 12നു കേന്ദ്രപരിസ്ഥിതി മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പരിസ്ഥിതിലോല പ്രദേശം നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന യൂണിറ്റ് വില്ലേജാണെന്നു വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരാകട്ടെ ഒരേ വില്ലേജില്‍ പരിസ്ഥിതിലോലങ്ങളും പരിസ്ഥിതിലോലമല്ലാത്തതുമായ സ്ഥലങ്ങളും അക്ഷാംശം, രേഖാംശം എന്നിവയും ഉള്‍പ്പെടുത്തിയാണ് ഭൂപടം സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി തെറ്റാണെന്നും പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇന്‍ഫാം ഉള്‍പ്പെടെയുള്ള കര്‍ഷകപ്രസ്ഥാനങ്ങള്‍ നിരവധി തവണ നല്‍കിയ മുന്നറിയിപ്പ് നിഷേധിച്ചതുമൂലമാണ് ഈ തിരിച്ചടി നേരിട്ടതെന്ന് വി.സി.സെബാസ്റ്യന്‍ പറഞ്ഞു.


99 പരിസ്ഥിതിലോല വില്ലേജുകളുണ്ടായിരുന്ന ഗോവ കരടുവിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ 19 വില്ലേജുകള്‍ മാത്രമേ പരിസ്ഥിതിലോലമായിട്ടുള്ളൂവെന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് സംസ്ഥാന സര്‍ക്കാരും മാതൃകയാക്കണം. ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂര്‍ണമായി ഒഴിവാക്കി വില്ലേജ് അടിസ്ഥാന യൂണിറ്റായി നിശ്ചയിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിക്കണമെന്നു വി.സി.സെബാസ്റ്യന്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.