ചാര്‍ജ് കുറയ്ക്കാന്‍ സാഹചര്യം അനുവദിക്കുന്നില്ല: ബസുടമകള്‍
Friday, February 12, 2016 11:50 PM IST
കോഴിക്കോട്: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളുടെ യാത്രാനിരക്ക് ഒരു രൂപ കുറച്ച സാഹചര്യത്തില്‍ ചാര്‍ജ് കുറയ്ക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ സ്വകാര്യബസുടമകള്‍ യോഗം ചേരും. ഇന്ന് എറണാകുളത്തു ചേരുന്ന യോഗത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യബസ് സംഘടനാ പ്രതിനിധികളും പങ്കെടുക്കും. നിലവിലെ സാഹചര്യത്തില്‍ നിരക്കുകുറയ്ക്കല്‍ പ്രായോഗികമല്ലെന്ന അഭിപ്രായമാണു ബസുടമകള്‍ക്കുള്ളത്.

ഇന്ധനവിലയിലെ കുറവു മാത്രം കണക്കിലെടുത്തു നിരക്കുകുറയ്ക്കല്‍ പ്രായോഗികമല്ല. തൊഴിലാളികളുടെ കൂലി, സ്പെയര്‍ പാര്‍ട്സുകളുടെ വില എന്നിവയെല്ലാം ഉയര്‍ന്നു. അറ്റകുറ്റപ്പണിക്കുള്ള ചെലവും കാര്യമായി വര്‍ധിച്ചു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ നിരക്കു കുറയ്ക്കുന്നതു കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ദീപികയോടു പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.