കേരളം 6.67% വളര്‍ച്ച നേടി
Friday, February 12, 2016 11:49 PM IST
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനം 6.67 ശതമാനം വളര്‍ച്ച നേടി. തലേ വര്‍ഷത്തെ 4.54 ശതമാനത്തേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 4,32,361 കോടി രൂപയാണ്. 2013-14 ല്‍ ഇത് 4,05,308 കോടി രൂപയായിരുന്നു. 2014-15 സാമ്പത്തികവര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദേശീയ വരുമാനം കണക്കാക്കുന്നതിലെ അടിസ്ഥാന വര്‍ഷം 2004-05ല്‍ നിന്ന് 2011-12 ആയി മാറ്റുകയും പുതിയ ദേശീയ അക്കൌണ്ട്സ് സംവിധാനം സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായി കണക്കുകളില്‍ ചില മാറ്റങ്ങള്‍ വന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെ വന്നത്. കഴിഞ്ഞ വര്‍ഷം ദേശീയതലത്തില്‍ രാജ്യം 7.3 ശതമാനം വളര്‍ച്ച നേടിയിരുന്നു.

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ കൃഷി ഉള്‍പ്പെടെയുള്ള പ്രാഥമിക മേഖലയുടെയും വ്യവസായ മേഖലയുടെയും പങ്ക് ക്രമത്തില്‍ കുറഞ്ഞു വരുന്ന പ്രവണത കഴിഞ്ഞ വര്‍ഷവും തുടര്‍ന്നു. പ്രാഥമിക മേഖലയുടെ സംഭാവന 12.15 ശതമാനവും വ്യവസായം ഉള്‍പ്പെടെയുള്ള ദ്വിതീയ മേഖലയുടെ സംഭാവന 25.11 ശതമാനവും സേവന മേഖലയുടേത് 62.28 ശതമാനവുമാണ്. തലേ വര്‍ഷം ഇത് യഥാക്രമം 13.55, 25.46, 60.99 ശതമാനം എന്നിങ്ങനെയായിരുന്നു.

കേരളത്തിലെ ആളോഹരി വരുമാനം 2013-14 ലെ 1,08,147 രൂപയില്‍ നിന്നു കഴിഞ്ഞവര്‍ഷം 1,15,225 രൂപയായി വര്‍ധിച്ചു. ദേശീയ ശരാശരി 75,136 രൂപ മാത്രമാണ്. എറണാകുളം ജില്ലയാണ് കേരളത്തില്‍ ആളോഹരി വരുമാനത്തില്‍ ഒന്നാമത്. ഇവിടെ 1,61,472 രൂപയാണ് ആളോഹരി വരുമാനം. ആലപ്പുഴ, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകള്‍ കഴിഞ്ഞ വര്‍ഷം ശരാശരി വളര്‍ച്ചാനിരക്കിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു. അതേസമയം പത്തനംതിട്ട, കോട്ടയം, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകള്‍ സംസ്ഥാന ശരാശരിയേക്കാള്‍ വളരെ താഴ്ന്ന വളര്‍ച്ചയാണു കൈവരിച്ചത്.


കാര്‍ഷിക മേഖല പിന്നോട്ടടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയുടെ വളര്‍ച്ച നെഗറ്റീവ് ആണ്. അതായത് -4.67 ശതമാനം. തലേ വര്‍ഷം ഇത് -2.13 ആയിരുന്നു. നാളികേരത്തിന്റെയും റബറിന്റെയും ഉത്പാദനം കുറഞ്ഞപ്പോള്‍ കുരുമുളക് ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. 2013-14ല്‍ 29,408 ടണ്‍ കുരുമുളക് ഉത്പാദിപ്പിച്ച സ്ഥാനത്ത് 2014-15ല്‍ ഉത്പാദനം 40690 ടണ്‍ ആയി ഉയര്‍ന്നു. നെല്‍വയലുകളുടെ വിസ്തൃതി 1,99,611 ഹെക്ടറില്‍ നിന്ന് 1,98,159 ഹെക്ടറായി കുറഞ്ഞു. പച്ചക്കറി കൃഷിയില്‍ കുതിച്ചുച്ചാട്ടം നടത്തിയതാണ് കാര്‍ഷിക മേഖലയില്‍ എടുത്തു പറയാവുന്ന നേട്ടം. 2011-12 ല്‍ 42,477 ഹെക്ടറില്‍ പച്ചക്കറി കൃഷി നടത്തിയിരുന്ന സ്ഥാനത്ത് 2014-15 ല്‍ കൃഷി 90,533 ഹെക്ടറിലേക്കു വ്യാപിച്ചു. ഉത്പാദനം 8.25 ലക്ഷം ടണ്ണില്‍നിന്ന് 13.55 ലക്ഷമായി വര്‍ധിച്ചു.

സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 7.4 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 1.96 ലക്ഷം പേര്‍ക്കായി 37.37 കോടി രൂപ തൊഴിലില്ലായ്മാ വേതനമായി നല്‍കി. വിദ്യാര്‍ഥികളുടെ സ്കൂള്‍ പ്രവേശനം 2014-15 ല്‍ 37.9 ലക്ഷമായിരുന്നത് 2015-16 ല്‍ 37.7 ലക്ഷമായി കുറഞ്ഞു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രവേശനം നേടിയവരില്‍ 68.66 ശതമാനവും പെണ്‍കുട്ടികളാണ്. എന്നാല്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകളിലെ പെണ്‍കുട്ടികളുടെ ശതമാനം 36.86 ശതമാനം മാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.