മുഖപ്രസംഗം: നിയമങ്ങള്‍ നടപ്പാക്കി റോഡുകള്‍ സുരക്ഷിതമാക്കൂ
Friday, February 12, 2016 11:26 PM IST
നമ്മുടെ റോഡുകള്‍ ചോരക്കളങ്ങളാകുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. പ്രതിവര്‍ഷം നാലായിരത്തിലേറെ മരണങ്ങള്‍, നാല്പതിനായിരത്തിലേറെ പരിക്കുകള്‍ - കേരളത്തിലെ റോഡ് അപകടങ്ങളുടെ കണക്ക് ആരെയും ഞെട്ടിക്കും. ജനങ്ങള്‍ മൂന്നു കോടി മുപ്പത്തഞ്ചു ലക്ഷം മാത്രമുള്ള സംസ്ഥാനത്തു ദിവസം 11 പേര്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നു.

സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന് ഒട്ടും അഭിമാനകരമല്ല ഈ കണക്ക്. എണ്‍പത്തഞ്ചു ലക്ഷത്തിലേറെ വാഹനങ്ങള്‍ രജിസ്റര്‍ ചെയ്തിട്ടുള്ളതുകൊണ്ടാണു കൂടുതല്‍ അപകടങ്ങള്‍ എന്നു പറഞ്ഞു തടിതപ്പാനാണ് എല്ലാവരും ശ്രമിക്കുന്നത്. ദിവസേന നടക്കുന്ന അപകടങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഈ വാദത്തില്‍ വലിയ കഴമ്പില്ലെന്നു കാണാം. വാഹനങ്ങള്‍ ഏറിയതും കൂടുതല്‍ വാഹനങ്ങള്‍ തെരുവില്‍ ഓടുന്നതുമല്ല അപകടങ്ങള്‍ കൂടാന്‍ കാരണം. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാന്‍ കഴിയുന്ന എത്രയെത്ര അപകടങ്ങളാണു ദിവസവും സംഭവിക്കുന്നത്? വഴിയാത്രക്കാരും വാഹനങ്ങള്‍ ഓടിക്കുന്നവരും കുറേക്കൂടി ജാഗ്രത പാലിക്കുകയും നിയമങ്ങള്‍ അനുസരിക്കുകയും, നിയമപാലകര്‍ കൃത്യമായി നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്താല്‍ അപകടങ്ങള്‍ വളരെയേറെ കുറയ്ക്കാനാവും.

ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നവയാണ് ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസ് സ്റാന്‍ഡില്‍ നടക്കുമ്പോഴുമൊക്കെ ഉണ്ടാകുന്ന അപകടങ്ങള്‍ എന്ന് എടുത്തുപറയേണ്ടതില്ല. ബസുകള്‍ക്കു കതകും കതകുകാവല്‍ക്കാരുമൊക്കെ ഉണ്ടായിട്ടും ആള്‍ക്കാര്‍ കയറിത്തീരും മുമ്പേ ബസ് മുന്നോട്ടെടുക്കുന്നു; ഇറങ്ങിത്തീരും മുമ്പേ ബസ് വിട്ടുപോകുന്നു; വാതില്‍പ്പടിയില്‍നിന്നു വീഴുന്നവരുടെ ദേഹത്ത് ബസ് കയറിയിറങ്ങുന്നു - ഇത്തരം സംഭവങ്ങള്‍ക്ക് ഒരു കാരണമേയുള്ളൂ: ബസ് ജീവനക്കാരുടെ ശ്രദ്ധക്കുറവ്. തിരക്കേറിയ ബസ് സ്റാന്‍ഡുകളില്‍ തനിക്കു വേണ്ട ബസ് അന്വേഷിച്ചു നീങ്ങുന്ന യാത്രക്കാരിയെയും യാത്രക്കാരനെയുമൊക്കെ വേണ്ടത്ര ശ്രദ്ധിക്കാതെ ബസുകള്‍ എടുക്കുന്നതും എത്രയോ അപകടങ്ങള്‍ ഉണ്ടാക്കുന്നു!

ഗതാഗതനിയമങ്ങള്‍ പാലിക്കുന്നതില്‍ ഏറെ ഉദാസീനത പുലര്‍ത്തുന്നവരാണു നാം എന്നതും ഇതോടു ചേര്‍ത്തു കണക്കിലെടുക്കേണ്ടതാണ്. നിയമം പാലിക്കുന്നത് എന്തോ തരംതാണ പണിയായി കാണുന്നവര്‍ ധാരാളം. വേഗം മുതല്‍ നിരവധി കാര്യങ്ങള്‍ക്കു നിയമവ്യവസ്ഥകള്‍ ഉണ്ട്. അത്തരം നിയമങ്ങളെല്ലാം പഠിച്ചവര്‍ക്കു മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് നല്കാവൂ എന്നുമുണ്ട്. പക്ഷേ എത്ര ഡ്രൈവര്‍മാര്‍ നിയമം പാലിക്കാന്‍ തയാറുണ്ട്? റോഡുകളിലെ കാമറകളും മറ്റും ദിവസേന കണ്െടത്തുന്ന അമിതവേഗ കേസുകളും ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരിലുള്ള കേസുകളും കേരളീയരുടെ നിയമലംഘന വാസനയുടെ തെളിവാണ്.

റോഡുകളില്‍ വ്യക്തമായ സൂചനകള്‍ സ്ഥാപിച്ചും വരയിട്ടും ക്രോസിംഗുകള്‍ അടയാളപ്പെടുത്തിയും അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനാവും. സംസ്ഥാനത്തെ ഒട്ടുമിക്ക പിഡബ്ള്യുഡി റോഡുകളിലും എല്ലാ സംസ്ഥാന, ദേശീയ പാതകളിലും ഇവയുണ്ട്. എന്നാല്‍, ഇവയുടെ പരിപാലനം വേണ്ടരീതിയില്‍ നടക്കുന്നില്ല. വള്ളിയും പടര്‍പ്പും കയറി മൂടിക്കിടക്കുന്ന സൂചനാ ബോര്‍ഡുകള്‍ സംസ്ഥാനത്തു പതിവുകാഴ്ചയാണ്. അപകടസാധ്യതാ മേഖലകള്‍ സംബന്ധിച്ച മുന്നറിയിപ്പുകളും വേണ്ടത്ര സ്ഥലങ്ങളില്‍ ഉണ്െടന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.


അമിതവേഗം, മത്സരഓട്ടം തുടങ്ങിയ പ്രശ്നങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയവയല്ല. ഇത്ര വാഹനങ്ങളും ഇത്രയേറെ തിരക്കും ഇല്ലാതിരുന്ന കാലത്തും വാഹനങ്ങള്‍ തെരുവുകളെ ചോരക്കളമാക്കാന്‍ മത്സരിക്കുകയായിരുന്നു. അതൊക്കെ ഇന്നും തുടരുന്നതിന് ഒരു കാരണമേ ഉള്ളൂ: നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ. സ്വകാര്യബസുകളായാലും ടിപ്പര്‍ ലോറികളായാലും മറ്റു വാഹനങ്ങളായാലും അമിതവേഗത്തില്‍ പായുന്നുണ്െടങ്കില്‍ അവയെ പിടികൂടണം, ശിക്ഷ നല്കണം. ഇക്കാര്യങ്ങള്‍ നിഷ്പക്ഷമായി, മുഖംനോക്കാതെ നടക്കും എന്നു വന്നാല്‍ തെരുവുകളെ കൊലക്കളമാക്കുന്ന മരണപ്പാച്ചിലുകള്‍ അവസാനിക്കും.

വലിയ റോഡുകളിലേക്ക് ഇടവഴികളില്‍നിന്നു കടന്നുവരുന്നവര്‍ അപകടങ്ങളില്‍പ്പെടുന്നതും അപകടം ഉണ്ടാക്കുന്നതും തടയാവുന്നതേയുള്ളൂ. ഇടവഴികളില്‍ ഹംപുകള്‍ സ്ഥാപിച്ചും കാഴ്ചയ്ക്കുള്ള തടസങ്ങള്‍ നീക്കിയും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചുമൊക്കെ ഈ അപകടങ്ങള്‍ തടയാം; അമൂല്യമായ ജീവനുകള്‍ രക്ഷിക്കാം.

കാല്‍നടക്കാരടക്കം റോഡിലെ യാത്രക്കാരും ചെറുവാഹനങ്ങള്‍ ഉപയോഗിക്കുന്നവരും നിയമങ്ങള്‍ പാലിക്കാനും ട്രാഫിക് സൂചനകള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനും തയാറാകണം. പലപ്പോഴും തിരക്കേറിയ റോഡുകളില്‍ യാതൊരു ജാഗ്രതയും ശ്രദ്ധയും ഇല്ലാതെ നടക്കുന്നവരും അശ്രദ്ധമായി ചെറുവാഹനങ്ങള്‍ ഉപയോഗിക്കുന്നവരും വരുത്തിവയ്ക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയല്ല. ട്രാഫിക് ബോധവത്കരണ പരിപാടികള്‍ വ്യാപകമാക്കണം എന്നു തന്നെയാണ് ഇതെല്ലാം കാണിക്കുന്നത്.

വലിയ അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ മാത്രമാണ് അധികൃതര്‍ റോഡ് അപകടങ്ങളെപ്പറ്റി ചിന്തിക്കുക. എന്നാല്‍, ഓരോ ദിവസവും അപകടങ്ങള്‍ കൌമാരക്കാരും യുവാക്കളുമടക്കം ഒരു ഡസനോളം പേരുടെ ജീവന്‍ അപഹരിക്കുന്നു എന്നത് കൂടുതല്‍ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. അപകടങ്ങളില്‍ മഹാഭൂരിപക്ഷവും ഒഴിവാക്കാവുന്നവയാണ് എന്നതു പ്രശ്നത്തെ കൂടുതല്‍ ഗൌരവത്തോടെ സമീപിക്കാന്‍ നമ്മെ പ്രേരിപ്പിക്കണം.

ജീവന്റെ തുടിപ്പ് അമൂല്യമാണെന്ന് അതു നിലച്ചുകഴിയുമ്പോഴേ മനസിലാകൂ. അല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതാണ് ആ നഷ്ടമെങ്കിലോ? അപകടങ്ങള്‍ കുറയ്ക്കുന്നതിന് അധികൃതര്‍ സത്വര നടപടികള്‍ എടുക്കുകയും ജനങ്ങള്‍ അവയോടു സഹകരിക്കുകയും ചെയ്താല്‍ ഒട്ടേറെ ജീവനുകള്‍ സംരക്ഷിക്കാം എന്നതിനു സംശയമില്ല. അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഒട്ടും വൈകിക്കൂടാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.