ആര്‍ക്കും വേണ്ടാത്ത നാളികേരം
ആര്‍ക്കും വേണ്ടാത്ത നാളികേരം
Thursday, February 11, 2016 12:41 AM IST
കോളിലും നെല്ലിലും കണ്ണീര്‍കൃഷി -3 / പോള്‍ മാത്യു

തേങ്ങ താഴേക്കു വീഴുന്നതുപോലെ നാളികേരത്തിന്റെ വില കൂപ്പുകുത്തിയപ്പോള്‍ കേരകര്‍ഷകര്‍ ആശ്വാസത്തോടെയാണു നീരയുടെ വരവ് സ്വാഗതം ചെയ്തത്. എന്നാല്‍, കാര്‍ഷിക സര്‍വകലാശാല സ്ഥിതി ചെയ്യുന്ന തൃശൂര്‍ ജില്ലയില്‍ കേരകര്‍ഷകരെ കരകയറ്റാന്‍ കണ്െടത്തിയ 'നീര'യില്‍ നിന്ന് ഊര്‍ജം നേടാമെന്നു കരുതിയിരുന്ന കേരകര്‍ഷകരുടെ സ്വപ്നങ്ങള്‍ കൂമ്പടഞ്ഞുതുടങ്ങി.

നീരയുടെ ഉപയോഗം വ്യാപകമായാല്‍ രണ്ടു തെങ്ങുള്ളവനു പട്ടിണിയില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നായിരുന്നു കൃഷി ഉദ്യോഗസ്ഥരുടെ അഭിപ്രായം. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത 'നീര' പക്ഷേ യാതൊരു ചലനവും സൃഷ്ടിച്ചില്ല. നീര ചെത്തിയെടുക്കാന്‍ വൈദഗ്ധ്യമുള്ളവരെ തെരഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം അവസാനിച്ച പോലെയാണ്. കാര്‍ഷിക സര്‍കലാശാല കര്‍ഷകര്‍ക്കായി അടുത്തിടെ കണ്െടത്തിയ വിപ്ളവകരമായ കണ്െടത്തല്‍ നിശബ്ദമായ അന്ത്യത്തിലേക്കു നീങ്ങുകയാണിപ്പോള്‍.

നാളികേരം വാങ്ങാനാളില്ല

ഇപ്പോള്‍ കേര കര്‍ഷകര്‍ നേരിടുന്ന മറ്റൊരു വലിയ പ്രശ്നം നാളികേരം വാങ്ങാന്‍ ആളില്ലാതായിരിക്കുന്നു എന്നതാണ്. ഒരു നാളികേരത്തിന് ആറുരൂപയിലും താഴെയാണു വില. നാളികേരത്തിന്റെ വില താങ്ങിനിര്‍ത്താന്‍ പ്രഖ്യാപിച്ച താങ്ങുവിലയും കര്‍ഷകര്‍ക്കു താങ്ങാവുന്നില്ല. 1994ല്‍ ഉണ്ടായ വിലയിടിവിലേക്കാണു നാളികേരത്തിന്റെ സ്ഥിതി എത്തിക്കൊണ്ടിരിക്കുന്നതെന്നു കേര കര്‍ഷകനായ എ.സി. തോമസ് പറഞ്ഞു. രണ്ടു രൂപയ്ക്കു പോലും അന്നു നാളികേരം വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നു പലരും തെങ്ങിനു വളമിടുകയോ വേണ്ടരീതിയില്‍ പരിരക്ഷ നല്‍കുകയോ ചെയ്യാതായി. ഉത്പാദനം കുറഞ്ഞതോടെയാണു വീണ്ടും നാളികേരത്തിന്റെ വില കുറച്ചെങ്കിലും കൂടിയത്.

റബറിന്റെ പ്രാധാന്യം നാളികേരത്തിനും വേണം

ഭരണകൂടം റബറിനു കൊടുക്കുന്ന പ്രാധാന്യമെങ്കിലും കേരളത്തിലെ തെങ്ങിനു നല്‍കുന്നില്ലെന്നു കര്‍ഷകര്‍ക്കു പരാതിയുണ്ട്. കേരം തിങ്ങും കേരള നാട്ടിലെന്നൊക്കെ പറയുന്നുണ്െടങ്കിലും തെങ്ങുള്ളവനു ജീവിക്കാന്‍ വേറെ വഴിനോക്കേണ്ട ഗതികേടാണ്. ഒരു തേങ്ങയ്ക്കു പത്തു രൂപയെങ്കിലും കിട്ടിയാല്‍ വലിയ നഷ്ടമില്ലാതെ പോകാനാകും. പക്ഷേ, പത്തു രൂപ പോയിട്ട് ഏഴു രൂപയ്ക്കു നാളികേരം എടുക്കാന്‍ തയാറുള്ള കച്ചവടക്കാര്‍ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. നാളികേരം വില കൊടുത്തുവാങ്ങി സൂക്ഷിച്ചു കൊപ്രയാക്കിയാലും നഷ്ടമാവുമെന്ന ഭയമാണ് കച്ചവടക്കാരും പിന്‍വാങ്ങുന്നതിന്റെ കാരണമത്രേ.

ആശ്വാസം അല്പകാലം

കേരകര്‍ഷകരെ സഹായിക്കാന്‍ കൃഷിഭവനുകള്‍ വഴി പച്ചനാളികേരം സംഭരിക്കാനുള്ള പദ്ധതി കര്‍ഷകര്‍ക്ക് ഒരു പരിധി വരെ ആശ്വാസമായിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ കൃഷിഭവനുകളിലൂടെ പച്ച നാളികേരം പല സ്ഥലങ്ങളിലും സംഭരിക്കുന്നില്ല. കിലോയ്ക്ക് 28ഉം 30ഉം രൂപയൊക്കെ നല്കി സംഭരണം നടത്തിയതോടെ പൊതുമാര്‍ക്കറ്റിലും നാളികേരത്തിന്റെ വില കൂടിയിരുന്നു. ഇപ്പോള്‍ സംഭരണ വില 25 രൂപയിലും താഴെയാണ്. അതും സംഭരണം നടത്താതായതോടെ കേര കര്‍ഷകര്‍ നാളികേരം വില്‍ക്കാന്‍ കഴിയാതെ കൂട്ടിയിട്ടിരിക്കയാണ്. വെളിച്ചെണ്ണയ്ക്കും ദിനംപ്രതി വില ഇടിയുന്നതിനാല്‍ കൊപ്രയാക്കാനും ആളുകള്‍ മടിക്കുകയാണ്.




നാളികേര കര്‍ഷകരെ സഹായിക്കാനായി 2001ല്‍ 33 രൂപയാണ് കൊപ്രയ്ക്കു താങ്ങുവില നിശ്ചയിച്ചത്. റബര്‍ വിലയേക്കാള്‍ കൂടുതല്‍ വില അന്നു കൊപ്രയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍, 2015 എത്തിയപ്പോള്‍ കൊപ്രയുടെ താങ്ങുവില വെറും 52.50 പൈസ മാത്രമായി. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 60 രൂപ ലഭിക്കുമെന്നു മാത്രം.

വിലയിടിവിനു കാരണം സര്‍ക്കാര്‍

2001ല്‍ കേന്ദ്രസര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചപ്പോള്‍ എല്ലാ വര്‍ഷവും ചെലവനുസരിച്ചു വില ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തതാണു നാളികേരത്തിന്റെ വിലയിടിവിനു കാരണമെന്നു കര്‍ഷകര്‍ പറയുന്നു.

നാളികേര കര്‍ഷകരെ ശ്രദ്ധിക്കാതെ മറ്റു കര്‍ഷകര്‍ക്കുവേണ്ടി സര്‍ക്കാര്‍ നിലകൊണ്ടതാണ് കേരകര്‍ഷകരുടെ കണ്ണീരിനു കാരണം. നാളികേരം ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവുകള്‍ വര്‍ധിക്കുന്നതനുസരിച്ചു താങ്ങുവിലയിലും വര്‍ധന വരുത്തണം.

തൃശൂര്‍ ജില്ലയില്‍ വന്‍കിട തെങ്ങുകര്‍ഷകരേക്കാള്‍ ചെറുകിട തെങ്ങുകര്‍ഷകരാണ് കൂടുതല്‍. കിട്ടുന്ന നാളികേരം വില്‍പ്പന നടത്തി വീട്ടുചെലവ് നടത്തുന്നവരും അടുത്തിടെവരെ ഉണ്ടായിരുന്നു. ഇപ്പോള്‍ നാളികേരത്തിനു വിലയില്ലാതായതോടെ പലരും കൂലിപ്പണിയെടുത്താണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്.

നാളികേരത്തിനു വില കൂടിയപ്പോള്‍ തെങ്ങുകയറ്റക്കാരും കൂലി വര്‍ധിപ്പിച്ചു. തോട്ടങ്ങളിലൊക്കെ ഒരു തെങ്ങിന് 25ഉം 30ഉം ഒക്കെയാണ് കയറ്റക്കൂലിയായി വാങ്ങിക്കുന്നത്. നാലും അഞ്ചും തെങ്ങുകള്‍ മാത്രം ഉള്ളവരില്‍നിന്ന് അമ്പതു രൂപ വരെയാണ് തെങ്ങുകയറ്റക്കൂലി വാങ്ങിക്കുന്നത്.

പിന്നീടു നാളികേരത്തിനു വില കൂപ്പുകുത്തിയെങ്കിലും തെങ്ങുകയറ്റക്കൂലി ഇവര്‍ കുറച്ചിട്ടില്ല. കൂലി കൊടുത്ത് നാളികേരമിട്ടാല്‍ കര്‍ഷകന്‍ കൈയില്‍നിന്ന് പണമെടുത്തു കൊടുക്കേണ്ടി വരുന്നതാണ് അവസ്ഥ.

നാളികേര വികസന ബോര്‍ഡിന്റെ കണക്കു പ്രകാരം ഒരു കിലോ നാളികേരം ഉത്പാദിപ്പിക്കാന്‍ 27.60 പൈസയാണ് ചെലവു വരുന്നത്. ഈ കണക്കനുസരിച്ച് 20 ശതമാനം മാത്രം ലാഭം കണക്കാക്കിയാല്‍ പച്ചനാളികേരത്തിന് 33 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്‍ക്കാനാകൂ. നനയ്ക്കാനും വളമിടാനും ചെലവിടുന്നതുകൂടി കണക്കാക്കിയാല്‍ തെങ്ങ് സംരക്ഷിക്കുന്നതുകൊണ്ട് വലിയ പ്രയോജനമില്ലെന്നു മനസിലാകും.

ചെലവും വരവും കണക്കാക്കിയാല്‍ മലയാളികള്‍ പണ്ടുതന്നെ തെങ്ങ് ഉപേക്ഷിച്ചേനെ. പക്ഷേ, തെങ്ങ് മലയാളിയുടെ ഒരു വികാരമായതിനാല്‍ അതിനെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെന്നുമാത്രം. സംസ്ഥാന സര്‍ക്കാര്‍ റബറിനു നല്കുന്ന പരിഗണന നാളികേരത്തിനു നല്കിയാല്‍ മാത്രമേ വില ലഭിക്കുകയുള്ളൂ. കൊപ്രയുടെ താങ്ങുവില ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നാണു കര്‍ഷകരുടെ ആവശ്യം.

നാഫെഡ് കൈവിട്ടതും തിരിച്ചടിയായി

കൊപ്രസംഭരണത്തില്‍നിന്നു കേന്ദ്രവും പിന്‍മാറിയതോടെയാണ് കേരകര്‍ഷകര്‍ കഷ്ടത്തിലായത്. നാളികേരത്തിന്റെ വില പിടിച്ചുനിര്‍ത്താന്‍ ഒരു പരിധിവരെ കൊപ്രസംഭരണത്തിനു കഴിയുമായിരുന്നു. കൊപ്രസംഭരണം തുടരണമെന്നുപോലും ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നില്ലെന്നു കേര കര്‍ഷകര്‍ പറഞ്ഞു.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.