ഡിസിഎല്‍
ഡിസിഎല്‍
Thursday, February 11, 2016 12:58 AM IST
കൊച്ചേട്ടന്റെ കത്ത് / പഴയിടത്തിന്റെ പുതിയ ഇടങ്ങള്‍...

സ്നേഹമുള്ള ഡിസിഎല്‍ കൂട്ടുകാരേ,

ഒരു വലിയ ചെമ്പുനിറയെ അമ്പലപ്പുഴ പാല്‍പ്പായം തിളയ്ക്കുന്നു.... പാത്രത്തില്‍നിന്നുയരുന്ന പായസഗന്ധത്തിന് നാസിക ചേര്‍ത്തുവച്ച് അദ്ദേഹം നിന്നു. മുഖം അത്ര പ്രസന്നമായില്ല. സഹായികള്‍ക്കു കാര്യം മനസിലായി. ഒരു ചെറിയ തവിയില്‍ അല്പം പായസം കോരിയെടുത്ത്, ചൂടാറ്റി അത് അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. വിരല്‍തൊട്ടുരുചിച്ച അദ്ദേഹത്തിന്റെ മുഖം വാടി. പായസത്തില്‍ രുചിഭേദം വന്നിരിക്കുന്നു! പിന്നെ ഒട്ടുംതാമസിച്ചില്ല. ജോലിക്കാരെ വരുത്തി പായസച്ചെമ്പ് തീയില്‍നിന്നിറക്കി വെയ്സ്റുകുഴിയിലേക്കു മറിച്ചു. തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മീഭായി നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കായിക പഠന, പരിശീലനകേന്ദ്രത്തില്‍വച്ച് സ്പെഷല്‍ ഒളിമ്പിക്സ് ഭാരത് കേരളയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള നമ്മുടെ കൂട്ടുകാര്‍ക്കുവേണ്ടി സംസ്ഥാന അത്ലറ്റിക് മീറ്റ് നടക്കുകയാണ്. 6000-ലധികം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കായികമാമാങ്കമാണിത്. രണ്ടായിരം അധ്യാപകരും ആയിരത്തോളം സന്നദ്ധസേവകരും ഈ കൂട്ടുകാര്‍ക്കു കാവലായി. ഈ മേളയില്‍ ഭക്ഷണം വിളമ്പിയ പ്രശസ്തനായ പഴയിടം മോഹനന്‍ നമ്പൂതിരി ചെയ്ത ഒരു അപൂര്‍വ കര്‍മമാണ് ഞാന്‍ മേല്‍വിവരിച്ചത്.

താനുണ്ടാക്കിയ അതിമനോഹരമായ മാര്‍ബിള്‍ ശില്പത്തില്‍ മറ്റാര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത ഒരു ചെറിയ പിഴവ് കണ്െടത്തിയപ്പോള്‍ ആ ശില്പം തന്നെ തല്ലിത്തകര്‍ത്തുകളഞ്ഞ ഒരു ശില്പിയുടെ കഥയുണ്ട്, ഇറ്റാലിയന്‍ ചരിത്രത്താളുകളില്‍... പൂര്‍ണത എന്നത് ആത്മാര്‍ത്ഥതയുടെ പര്യായമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാനിര്‍മാതാക്കളുടെ ആ ഗണത്തിലേക്ക് ഇതാ മലയാളികളുടെ നാവിന്റെ രുചിക്കൂട്ടുകാരനായ പഴയിടം മോഹനന്‍ നമ്പൂതിരിയും നടന്നു കയറുന്നതിന്റെ ദൃശ്യമാണ് ഞാനവിടെ കണ്ടത്.

പാചകം എന്നത് ഒരു കലയാണ് എന്നും ഓരോ വിഭവവും ഒരു കലാസൃഷ്ടിയാണെന്നും വിളമ്പുന്നവനും ഉണ്ണുന്നവനും ഒരുപോലെ അനുഭവിക്കുന്ന അപൂര്‍വമായ ഒരു രസനാബാന്ധവവമുണ്ട് പഴയിടത്തിന്റെ സദ്യയില്‍. ഓരോ തവണയും സദ്യവിളമ്പുമ്പോള്‍ പഴയിടം രുചികൊണ്െടഴുതുന്ന ഒരു പാചകപ്രമാണമുണ്ട്, സദ്യ എന്നത് ഒരു വിദ്യയാണെന്ന്. സദ്യയുടെ വിദ്യ കൈവശമുള്ളവന്‍ വിശ്വംമുഴുവന്‍ വിളമ്പുകാരനാകുമെന്ന് പഴയിടത്തിന്റെ പാത്രങ്ങള്‍ നമ്മോടു പറയുന്നു.

ഭക്ഷണത്തിലും പച്ചക്കറികളിലും പഴങ്ങളിലും അമിതമായ വിഷം കുത്തിവച്ചും മായംകലര്‍ത്തിയും വില്പന നടത്തി അധര്‍മത്തിന്റെ മുതലാളിമാരാകുന്നവരുടെ നാടാണിത്. സ്വന്തം വീട്ടില്‍ ഉണ്ണാനുള്ളതും കറിവയ്ക്കാനുള്ളതും വേറേ ഇടങ്ങളില്‍ കൃഷിചെയ്യുകയും വില്ക്കാനുള്ളതില്‍ വിഷം കുത്തിവയ്ക്കുകയും ചെയ്യുന്ന കൃഷിക്കാരുടെയും കച്ചവടക്കാരുടെയും നടുവില്‍നിന്നുകൊണ്ടു പഴയിടം പറഞ്ഞു: "ഭിന്നശേഷിയുള്ള ഈ പൊന്നുംകുടങ്ങള്‍ക്ക് അന്നം വിളമ്പിയിട്ട് എനിക്കു പണക്കാരനാകേണ്ട."


പഴയിടം നമ്പൂതിരി എന്ന വിളമ്പുകാരന്‍ തന്റെ വിഭവസംസ്കാരം കൃഷിചെയ്യുന്ന നന്മയുടെയും ശുദ്ധമനസിന്റെയും പുതിയ ഇടങ്ങള്‍ നമുക്കും കണ്െടത്താം. ആത്മാര്‍ത്ഥതയുടെ സദ്യവിളമ്പുന്നത് വിശ്വസ്തതയുടെ തൂശനിലയിലാണെന്ന് രുചിച്ചറിയാം. അതു ജീവിതത്തിന്റെ രുചിയാണ്. രുചിയുള്ള ജീവിതം വിളമ്പി നമുക്ക് കാലത്തിന്റെ സദ്യയാകാം.

ആശംസകളോടെ,
സ്വന്തം കൊച്ചേട്ടന്‍

കോട്ടയം പ്രവിശ്യാ ജീവിത ദര്‍ശനക്യാമ്പ് 'പെറ്റ്സ് 2016'ഏപ്രില്‍ 25 മുതല്‍ മുട്ടം ഷന്താള്‍ ജ്യോതിയില്‍

കോട്ടയം: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യ മധ്യവേനല്‍ അവധിക്കാലത്തു നടത്തുന്ന നേതൃത്വപരിശീലന വ്യക്തിത്വ വികസന ക്യാമ്പ് - പെറ്റ്സ് 2016 ഏപ്രില്‍ 25, 26, 27 തീയതികളില്‍ മുട്ടം ഷന്താള്‍ ജ്യോതി പബ്ളിക് സ്കൂളില്‍ നടക്കും.

ആറു മുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന ക്യാമ്പില്‍ ആദ്യം പേരു രജിസ്റര്‍ ചെയ്യുന്ന 125 കുട്ടികള്‍ക്കാണു പ്രവേശനം.

സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ ബാലമനസുകള്‍ക്കു കരുത്തുപകരുക, പരസ്പരം അംഗീകരിക്കാനും വളര്‍ത്താനും കൂട്ടുകാരെ വിജയിപ്പിക്കാനും പരിശീലനം നല്കുക, സന്മാര്‍ഗ മൂല്യബോധങ്ങളില്‍ അധിഷ്ഠിതമായ ജീവിതക്രമം രൂപീകരിക്കുക, കലാസാഹിത്യ വാസനകള്‍ക്ക് രംഗവേദിയൊരുക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍. കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ക്യാമ്പില്‍ പങ്കെടുത്ത് പരിശീലനം നല്കും. പസംഗപരിശീലനം, വ്യക്തിത്വവികസനം, നേതൃപരിശീലനം, ഗ്രൂപ്പ് ഡൈനാമിക്സ്, നവയുഗ മാധ്യമങ്ങള്‍ കൈകാര്യംചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പഠനം എങ്ങനെ എളുപ്പമാക്കാം, പ്രകൃതിദര്‍ശന്‍, നെഗറ്റീവായ ചിന്തകള്‍ ഒഴിവാക്കി ജീവിതത്തെക്കുറിച്ച് പോസിറ്റീവായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുക, പവര്‍ മെഡിറ്റേഷന്‍ തുടങ്ങിയവ ക്യാമ്പിന്റെ പ്രത്യേകതകളാണ്.

ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ ഫെബ്രുവരി 26-നു മുമ്പായി പേര്, ക്ളാസ്, വിലാസം, മേഖല, ഫോണ്‍ നമ്പര്‍ സഹിതം മുഴുവന്‍ തുകയും നല്കി മേഖലാ ഓര്‍ഗനൈസര്‍മാര്‍മുഖേന പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. തോമസിന്റെ പക്കല്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446608737, 04862-209204 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.

ഡിസിഎല്‍ ഐക്യു അവാര്‍ഡ് ഡേ 27-ന് കോട്ടയത്ത്

കോട്ടയം: ഡിസിഎല്‍ ഐക്യു സ്കോളര്‍ഷിപ്പ് വിജയികള്‍ക്കും സ്കൂളുകള്‍ക്കുമുള്ള അവാര്‍ഡ് വിതരണം ഫെബ്രുവരി 27-ന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കും.

രാവിലെ 11-നു നടക്കുന്ന സമ്മേളനത്തില്‍വച്ച് 2015-16 അധ്യയനവര്‍ഷം ഡിസിഎല്‍ നടത്തിയ ഐക്യു സ്കോളര്‍ഷിപ്പ് പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും ഡിസിഎല്‍ സ്റാര്‍ അവാര്‍ഡ് ജേതാക്കളായ സ്കൂളുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. 11-ന് ആരംഭിക്കുന്ന സമ്മേളനം ഉച്ചയ്ക്കു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.