മുഖപ്രസംഗം: ഭരണത്തെ സ്വാധീനിക്കാന്‍ സംഭാവനകള്‍
Thursday, February 11, 2016 12:07 AM IST
അധികാരവും അഴിമതിയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി മാറിയിരിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യയില്‍ മാത്രമല്ല, പല രാജ്യങ്ങളിലുമുണ്ട്. ജനാധിപത്യ ഭരണകൂടങ്ങള്‍ അഴിമതി നടത്തിയാല്‍ അതു നീതിന്യായ കോടതിയുടെയും, തെരഞ്ഞെടുപ്പിലും മറ്റും ജനകീയകോടതിയുടെയും വിചാരണയ്ക്കു വിഷയമാകും. ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും മാനിക്കുന്ന ഭരണകൂടങ്ങളും രാഷ്ട്രീയകക്ഷികളും അഴിമതിയിലേക്കു കൂപ്പുകുത്തുമ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ചു ജനങ്ങള്‍ക്കു മതിപ്പുകുറയാം. എന്നാല്‍ ഏകാധിപത്യ ഭരണകൂടങ്ങളും രാജഭരണവുമൊക്കെ വിമര്‍ശനങ്ങള്‍ക്കോ വിലയിരുത്തലുകള്‍ക്കോ ഒട്ടുംതന്നെ വിധേയമല്ലെന്നതു നാം മറക്കരുത്. ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും വിചാരണയ്ക്കു വിധേയരാക്കാന്‍ കഴിയുന്നു എന്നതു ജനാധിപത്യത്തിന്റെ വലിയ മേന്മയാണ്.

ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പ്രവര്‍ത്തിക്കണമെങ്കില്‍ ഫണ്ട് വേണം. എന്നാല്‍ സാധാരണക്കാരില്‍നിന്നു പണം സ്വീകരിച്ചു പ്രവര്‍ത്തനം നടത്തുകയെന്നത് അത്ര പ്രായോഗികമായി ഇന്ത്യയിലെ പല രാഷ്ട്രീയകക്ഷികളും കാണുന്നില്ല. സാധാരണക്കാരുടെ സംഭാവനകളെക്കാള്‍ കോര്‍പറേറ്റുകളുടെയും വന്‍ വ്യവസായികളുടെയുമൊക്കെ സംഭാവനകളെ ആശ്രയിക്കുക എന്നതാണ് അവരുടെ രീതി. ഇത് എത്രമാത്രം ജനാധിപത്യപരമാണ്? പല വികസിത ജനാധിപത്യരാജ്യങ്ങളിലും രാഷ്ട്രീയ കക്ഷികള്‍ക്കു പ്രവര്‍ത്തനഫണ്ട് ലഭിക്കുന്നതു പൊതുജനങ്ങളില്‍നിന്നാണ്. അവിടെയും വലിയ കമ്പനികളും സമ്പന്നരും പാര്‍ട്ടികളുടെ ഫണ്ടിലേക്കു വന്‍തോതില്‍ സംഭാവനകള്‍ നല്‍കാറുണ്ട്. ഇത്തരം വന്‍കിടക്കാര്‍ രാഷ്ട്രീയക്കാരെയും പാര്‍ട്ടികളെയും വിലയ്ക്കെടുക്കുന്നതും രാഷ്ട്രീയക്കാരില്‍ സ്വാധീനം ചെലുത്തി തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതും ചിലപ്പോഴെങ്കിലും വാര്‍ത്തയാകാറുണ്ട്.

ഇന്ത്യയില്‍ രാഷ്ട്രീയ കക്ഷികള്‍ക്കു സംഭാവന നല്‍കാന്‍ അനുമതിയുണ്െടന്നുമാത്രമല്ല, സംഭാവനകള്‍ക്കു നികുതി ഇളവുകള്‍ ലഭിക്കുകയും ചെയ്യും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്കു 437.35 കോടി രൂപയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനു 141.46 കോടി രൂപയുമാണു സംഭാവന ലഭിച്ചതെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകളില്‍ കാണുന്നു. ശരത് പവാറിന്റെ എന്‍സിപി 38.82 കോടിയും സിപിഎം 3.42 കോടിയും സിപിഐ 1.33 കോടിയും സംഭാവന പിരിച്ചു എന്നാണ് ഔദ്യോഗികമായ കണക്ക്.

തെരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയപാര്‍ട്ടികളുടെ സംഭാവനാ വരുമാനം ഉയരും. ഈയിടെ അടുത്തടുത്തു രണ്ടുതവണ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ ബിജെപിക്കും കോണ്‍ഗ്രസിനും കിട്ടിയ സംഭാവനകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ജനപ്രാതിനിധ്യനിയമപ്രകാരം, ഇരുപതിനായിരം രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കേണ്ടതുണ്ട്. രാഷ്ട്രീയ കക്ഷികള്‍ക്കുള്ള സംഭാവനകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം മൊത്തം സംഭാവനയുടെ സിംഹഭാഗവും കുറച്ചുപേരില്‍നിന്നാണ് വരുന്നത് എന്നതാണ്. 2014-15ല്‍ 1234 സംഭാവനകളില്‍നിന്നാണു ബിജെപിക്കു 437.35 കോടി രൂപ കിട്ടിയതെന്നു പറയുമ്പോള്‍ സംഭാവന കൊടുത്തവരുടെ ആസ്തിയെക്കുറിച്ച് ഏറെക്കുറെ ബോധ്യമാകും. സംഭാവനകള്‍ നല്‍കുന്ന കമ്പനികള്‍ നികുതിയിളവും മറ്റും ഉന്നംവയ്ക്കുന്നുണ്ടാവും. അതിലുപരിയായി നേതാക്കളിലും മറ്റും വലിയ സ്വാധീനം ഉറപ്പിക്കാന്‍ സംഭാവനാ ദാതാക്കള്‍ക്കു സാധിക്കും. വലിയ കോര്‍പറേറ്റുകള്‍ രാജ്യത്തിന്റെ ഭരണമണ്ഡലത്തിലും സാമ്പത്തിക മേഖലയിലും സ്വാധീനം ചെലുത്തുന്നതിന് ഇതു കാരണമാവാം.


ദേശീയതലത്തിലോ എല്ലാ സംസ്ഥാനങ്ങളിലുമോ വലിയ സ്വാധീനമില്ലാത്ത രാഷ്ട്രീയകക്ഷികള്‍ക്കുപോലും വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമൊക്കെ വന്‍തുകകള്‍ സംഭാവനയായി ലഭിക്കുന്നുണ്ട്. എന്‍സിപിക്ക് 52 സംഭാവനകളില്‍നിന്നായി 38.82 കോടി രൂപ ലഭിച്ചപ്പോള്‍ സിപിഎമ്മിനു കിട്ടിയ 3.42 കോടി 74 സംഭാവനകളില്‍നിന്നും സിപിഐയുടെ 1.33 കോടി 55 സംഭാവനകളില്‍നിന്നുമായിരുന്നു. സ്ഥാപനങ്ങളും ട്രസ്റ്റുകളുമാണു സംഭാവനാദാതാക്കളില്‍ കൂടുതലും. പാര്‍ട്ടികള്‍ ഈ കണക്കുകള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ ബോധ്യപ്പെടുത്തേണ്ടതുണ്െടങ്കിലും പലരും അവ്യക്തത നിറഞ്ഞ കണക്കുകളാണു സമര്‍പ്പിക്കാറുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തു ലഭിച്ച സംഭാവനകളെക്കുറിച്ചു ബിജെപി ഉള്‍പ്പെടെ പല പാര്‍ട്ടികളും നല്‍കിയ കണക്കുകളില്‍ പാകപ്പിഴകള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഒരേ ചെക്ക് നമ്പരില്‍ വ്യത്യസ്ത ഇടപാടുകള്‍ നടന്നതായും മറ്റും കാണുകയുണ്ടായി. സംഭാവന നല്‍കുന്നവരുടെ വ്യക്തമായ വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, പാന്‍ നമ്പര്‍ ഒഴിവാക്കുക തുടങ്ങിയ ക്രമക്കേടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇരുപതിനായിരം രൂപയ്ക്കുമേലുള്ള സംഭാവനകളുടെ കണക്കുകള്‍ മാത്രമേ കമ്മീഷനെ ബോധിപ്പിക്കേണ്ടൂ എന്നിരിക്കേ സംഭാവനകളുടെ മുഴുവന്‍കണക്കുകളും പുറത്തുവരില്ല.

തമിഴ്നാട്ടില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കു ഫണ്ട് കണ്െടത്താന്‍ എഡിഎംകെ പുതിയൊരു തന്ത്രം പയറ്റുന്നുണ്ട്. തമിഴ്നാട്,പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നു പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ഫീസായി 11,000 രൂപ വീതം വാങ്ങുക എന്നതാണത്. ഇങ്ങനെ പാര്‍ട്ടിക്കു കിട്ടിയത് 28കോടി രൂപയാണ്. 26,174 അപേക്ഷകളില്‍ 7936 എണ്ണം തങ്ങളുടെ മണ്ഡലത്തില്‍ ജയലളിത മത്സരിക്കണമെന്നാവശ്യപ്പെട്ടായിരുന്നുവത്രേ. ഡിഎംകെ, ഡിഎംഡികെ പാര്‍ട്ടികളും വന്‍തുക ഫീസായി ഈടാക്കുന്നുണ്ട്. ഇത്തരം രീതികള്‍ എത്രമാത്രം ജനാധിപത്യപരമാണെന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിനും തെരഞ്ഞെടുപ്പു ചെലവുകള്‍ക്കുമൊക്കെ സംഭാവനകള്‍ ആവശ്യമെങ്കിലും അതിന്റെ മറവില്‍ സമ്പന്നരും വന്‍കമ്പനികളും മാഫിയകളും ഭരണത്തെ സ്വാധീനിക്കാന്‍ ഇടവരരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.