വെല്ലുവിളി ഉയര്‍ത്തുന്ന കോള്‍കൃഷി
വെല്ലുവിളി ഉയര്‍ത്തുന്ന കോള്‍കൃഷി
Tuesday, February 9, 2016 12:18 AM IST
കോളിലും നെല്ലിലും കണ്ണീര്‍കൃഷി -1/ പോള്‍ മാത്യു

ഒരുകാലത്ത് തൃശൂര്‍ കോള്‍പ്പാടത്തു കൃഷിയിടമുണ്െടന്നു പറഞ്ഞാല്‍ അഭിമാനമായിരുന്നു. എവിടെ ചെന്നാലും കര്‍ഷകനെന്ന നിലയില്‍ അംഗീകാരം ഉണ്ടായിരുന്നുവെന്നു മാത്രമല്ല, നിലം പണിതു പട്ടിണി കിടക്കാതെ ജീവിക്കാനെങ്കിലും കഴിയുമായിരുന്നു.

പക്ഷേ, ഇന്ന് അതൊക്കെ മാറി. നെല്‍കൃഷി നടത്തുന്നതുതന്നെ വെല്ലുവിളിയായി മാറിയിരിക്കയാണെന്നാണു കോള്‍കര്‍ഷകരുടെ രോദനം. വാഗ്ദാനങ്ങള്‍ കേട്ടു നെല്‍വിത്തെറിഞ്ഞവര്‍ കണ്ണീരാണു പലപ്പോഴും കൊയ്തെടുക്കുന്നത്. നെല്ല് കൂടുതല്‍ ഉത്പാദിപ്പിച്ചാല്‍ എടുക്കാന്‍ ആളില്ല, എടുത്താല്‍തന്നെ വില കിട്ടണമെങ്കില്‍ പട്ടിണിസമരം നടത്തേണ്ട ഗതികേടിലും. ഇതിനാല്‍ പലരും നെല്‍കൃഷി തന്നെ ഉപേക്ഷിച്ചു. കൃഷി നടത്താതെ നിലം വെറുതെയിടാന്‍ ഇടയാക്കുന്നതു സര്‍ക്കാരിന്റെ തെറ്റായ സമീപനമാണെന്നു കോള്‍ കര്‍ഷക സംഘടനകളും പറയുന്നു.

ജില്ലയിലെ കോള്‍പ്പടവുകളില്‍ അമ്പതിനായിരത്തോളം കര്‍ഷക കുടുംബങ്ങളുണ്ട്. മുപ്പതിനായിരത്തോളം ഏക്കറിലാണു കൃഷിയിറക്കുന്നത്. നെല്‍കര്‍ഷകരെയല്ലേ പറ്റിക്കാനാകൂ.

എല്ലാ വര്‍ഷവും കോള്‍കര്‍ഷകര്‍ക്കു സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കും. പക്ഷേ, ഒന്നും നടപ്പാക്കാറില്ലെന്നുമാത്രം. പക്ഷേ പാവപ്പെട്ട കര്‍ഷകന്‍ എല്ലാം ശുഭമാകുമെന്നു കരുതി കടം വാങ്ങി വീണ്ടും കൃഷിയിറക്കും. ജില്ലയിലെ കോള്‍പ്പടവുകളില്‍ കൃഷിയിറക്കുന്നവരില്‍ കൂടുതല്‍ ആളുകളും നെല്ലു വിറ്റുകിട്ടുന്ന പണംകൊണ്ടു വീണ്ടും കൃഷിയിറക്കുന്നവരാണ്. പക്ഷേ, നെല്ലു വിറ്റാല്‍ പണം പെട്ടെന്നു കിട്ടാറില്ല. കൃഷിയിറക്കേണ്ട സമയത്തു കൃഷിയിറക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ബ്ളേഡ് പലിശയ്ക്കു പണം വാങ്ങിയാണ് ഒട്ടുമിക്ക കര്‍ഷകരും പിന്നെയും കൃഷിയിറക്കുക.

ബജറ്റിലെ തുക കടലാസില്‍

കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച പമ്പിംഗ് സബ്സിഡി ഇനിയും ലഭിച്ചിട്ടില്ല. വെള്ളം പമ്പ് ചെയ്തു കളഞ്ഞശേഷം മാത്രമേ കോള്‍നിലത്തു കൃഷിയിറക്കാനാകൂ. ഇതിനായി വന്‍ തുകയാണു കര്‍ഷകര്‍ക്ക് അധിക ചെലവായി വരുക. എന്നാല്‍, തുച്ഛമായ തുകയാണ് നല്‍കിവന്നിരുന്നത്, ഏക്കറിന് 300 രൂപ.

ഇതു മതിയാകില്ലെന്നും ഈ പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാരിനു നിവേദനം നല്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ബജറ്റില്‍ മന്ത്രി കെ.എം. മാണി കൂടുതല്‍ തുക അനുവദിച്ചു. ഏക്കറിന് 1200 രൂപ. അടുത്ത ബജറ്റ് അവതരിപ്പിക്കാറായിട്ടും ഇതുവരെ ഈ തുക കിട്ടിയിട്ടില്ല. കര്‍ഷകര്‍ സ്വന്തം ചെലവില്‍തന്നെ വെള്ളം പമ്പ്ചെയ്ത് കൃഷിയിറക്കിക്കൊണ്ടിരിക്കയാണിപ്പോള്‍.

നെല്‍കര്‍ഷകനെ ആര്‍ക്കു വേണം?

2016ളലയ09ിലഹ്മ്യമഹ.ഷുഴഉത്പന്നംപോലെ തന്നെ നെല്‍കൃഷി നടത്തുന്നവര്‍ക്കും സമൂഹത്തില്‍ വിലയില്ലാതായി. നെല്‍കര്‍ഷകരെ സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലേക്കു തള്ളിയിട്ടതുപോലെയാണെന്നു കര്‍ഷകര്‍ പറയുന്നു. നെല്‍കൃഷി പ്രധാന വരുമാനമാര്‍ഗമാക്കി ജീവിതം മുന്നോട്ടുനയിക്കാമെന്ന മോഹങ്ങള്‍ പണ്േട നശിച്ചു. മറ്റെല്ലാ മേഖലയിലും ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചപ്പോള്‍ നെല്‍കര്‍ഷകരെ മാത്രം ആരും കൈപിടിക്കാന്‍ എത്തിയില്ലെന്ന സങ്കടമാണ് കോള്‍കര്‍ഷകരുടെ വലിയ നിരാശ. പണ്ട് പത്തേക്കറും അതില്‍ കൂടുതലും നിലങ്ങളുള്ളവര്‍ നിരവധി പേരായിരുന്നു. എന്നാല്‍, നഷ്ടം സഹിച്ച് നെല്‍കൃഷി നടത്തേണ്െടന്നു തീരുമാനിച്ചതോടെ ഇപ്പോള്‍ അരയേക്കറിലും അതിലും കുറവ് നിലങ്ങളിലുമാണ് പലരും കൃഷിയിറക്കുന്നത്. ഒട്ടു മിക്കവരും സ്ഥലങ്ങള്‍ കൈമാറിക്കഴിഞ്ഞു. നിലവിലുള്ള നിയമമനുസരിച്ച് അഞ്ചേക്കര്‍ വരെയെങ്കിലും കൃഷി ചെയ്യുന്നവര്‍ക്കേ തോട്ടം മേഖലയിലുള്ളവര്‍ക്കു ലഭിക്കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. പക്ഷേ, നെല്‍കര്‍ഷകരില്‍ അധികം പേരും അഞ്ചേക്കര്‍ പോലും കൃഷിയില്ലാത്തവരാണ്.


അതിനാല്‍ സര്‍ക്കാരില്‍ നിന്നു കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാനും അവസരമില്ലാതായി. അഞ്ചേക്കറിലും താഴെ നെല്‍കൃഷിയിറക്കുന്നവര്‍ക്കും തോട്ടംമേഖലയിലുളളവര്‍ക്കു ലഭിക്കുന്നതുപോലുള്ള ആനുകൂല്യം ലഭ്യമാക്കാനുള്ള നയമുണ്ടാക്കണമെന്നാണ് കോള്‍കര്‍ഷകരുടെ ആവശ്യം.

കൂലി വര്‍ധിച്ചു, നെല്ലിനു വിലയില്ല

1980ല്‍ പാടത്തു പണിയെടുക്കുന്നവര്‍ക്ക് ആറു രൂപയായിരുന്നു ഒരു ദിവസത്തെ കൂലി. അന്നു നെല്ലിനു കിലോയ്ക്ക് ഒരു രൂപയായിരുന്നു വില. ആറു രൂപയുണ്ടായിരുന്ന കൂലി ഇന്ന് 600 രൂപയിലെത്തി. കൂലിയില്‍ നൂറിരട്ടി വര്‍ധന. പക്ഷേ, നെല്ലിന്റെ വില അടുത്തിടെ വര്‍ധിപ്പിച്ചു കിലോയ്ക്ക് 21.50 രൂപയിലെത്തിയിട്ടേയുള്ളൂ!

നഷ്ടം സഹിച്ചാണു കര്‍ഷകര്‍ ഇപ്പോഴും നെല്‍കൃഷി ചെയ്യുന്നത്. പ്രകൃതിയെ ആശ്രയിച്ചു കൃഷിയിറക്കുന്ന കര്‍ഷകന്റെ നെഞ്ചില്‍, കതിരു കൊയ്തെടുക്കുന്നതുവരെ തീയാണ്. മഴ കൂടിയാല്‍, കേടുവന്നാല്‍ കൃഷിയിറക്കിയതൊക്കെ നശിക്കും. പിന്നെ നഷ്ടം സഹിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.

ആശ്രയമായി സഹകരണ ബാങ്ക്

നെല്ലുവിറ്റു പണം കിട്ടാതെ കഷ്ടത്തിലായിരുന്നവരെ സഹായിക്കാന്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് എത്തിയതു കഴിഞ്ഞവര്‍ഷം കോള്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. സിവില്‍ സപ്ളൈസ് കോര്‍പറേഷനുമായുള്ള കരാറിന്റെ ഭാഗമായി നെല്ലു വില്‍ക്കുന്ന കര്‍ഷകനു ബാങ്ക് അഡ്വാന്‍സായി പണം നല്കി. അതിനാല്‍ ഇത്തവണ നെല്ലിന്റെ വിലയ്ക്കുവേണ്ടി സമരത്തിനിറങ്ങേണ്ടിവന്നില്ലെന്നു മാത്രം.

വര്‍ഷങ്ങളായി നെല്ലു വിറ്റതിനുശേഷം പണം കിട്ടാനായി പട്ടിണിസമരത്തിനിറങ്ങേണ്ട ഗതികേടിലായിരുന്നു. സഹകരണ ബാങ്ക് കര്‍ഷകരുടെ രക്ഷകരായതോടെയാണ് കോള്‍കര്‍ഷകര്‍ക്കു തത്കാലത്തേക്കു കൃഷിയില്‍തന്നെ തുടരാന്‍ അവസരം ലഭിച്ചിരിക്കുന്നത്.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.