ബാബു കള്ളിവയലില്‍ ഐസിഎഐ ദേശീയ കൌണ്‍സിലില്‍
ബാബു കള്ളിവയലില്‍ ഐസിഎഐ ദേശീയ കൌണ്‍സിലില്‍
Tuesday, February 9, 2016 12:32 AM IST
കൊച്ചി: പ്രമുഖ ചാര്‍ട്ടേഡ് അക്കൌണ്ടന്റായ ബാബു ഏബ്രഹാം കള്ളിവയലില്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റസ് ഓഫ് ഇന്ത്യ (ഐസിഎഐ) ദേശീയ കൌണ്‍സിലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് ദേശീയ ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് ഇദ്ദേഹം. ഈ മാസം 12ന് ഡല്‍ഹിയില്‍ ഇന്‍സ്റിറ്റ്യൂട്ട് ആസ്ഥാനത്ത് ചുമതലയേല്‍ക്കും.

2013 മുതല്‍ ഐസിഎഐ ദേശീയ കൌണ്‍സില്‍ അംഗമായി തുടരുന്ന ബാബു ഏബ്രഹാം കള്ളിവയലില്‍ കേരളത്തില്‍ നിന്നു സമിതിയിലെത്തുന്ന ആറാമത്തെ ആളാണ്. 2019 വരെയാണു പുതിയ നാഷണല്‍ കൌണ്‍സിലിന്റെ കാലാവധി. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളെയാണ് ബാബു ദേശീയ തലത്തില്‍ പ്രതിനിധീകരിക്കുന്നത്. ഐസിഎഐ ദക്ഷിണേഷ്യന്‍ റീജണല്‍ കൌണ്‍സിലിന്റെ 2010-11ലെ ചെയര്‍മാനായിരുന്നു. 2004 മുതല്‍ ദക്ഷിണേഷ്യന്‍ കൌണ്‍സില്‍ അംഗവും 2006-07ല്‍ സെക്രട്ടറിയുമായിരുന്നു. ഓള്‍ കേരള ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റാണ്. സംസ്ഥാന ധനമന്ത്രി അധ്യക്ഷനായ കേരള ടാക്സ് മോണിട്ടറിംഗ് സെല്‍ അംഗമാണ്. അമേരിക്ക ആസ്ഥാനമായ ഇന്‍ഫര്‍മേഷന്‍ സിസ്റംസ് ഓഡിറ്റ് ആന്‍ഡ് കണ്‍ട്രോള്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ്, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ലോക്കല്‍ ബോര്‍ഡ് ഡയറക്ടര്‍, റോട്ടറി ഡിസ്ട്രിക്ട് 3200 ട്രഷറര്‍, കൊച്ചിന്‍ മിഡ് ടൌണ്‍ റോട്ടറി ക്ളബ് പ്രസിഡന്റ്, ഭവന്‍സ് വിദ്യാമന്ദിര്‍ കൊച്ചി കേന്ദ്രം ട്രഷറര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


എറണാകുളം കേന്ദ്രമായി 1991 മുതല്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സ്ഥാപനമായ ബാബു എ. കള്ളിവയലില്‍ ആന്‍ഡ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറാണ് ഇദ്ദേഹം. പാലാ സെന്റ് തോമസ് കോളജില്‍ നിന്നു ബിരുദമെടുത്തശേഷം 1987ല്‍ സിഎ പാസായ ബാബു ഡല്‍ഹിയില്‍ എ.എഫ്. ഫെര്‍ഗൂസണ്‍ ആന്‍ഡ് കമ്പനിയുടെ ഓഡിറ്റ് മാനേജരായി പ്രവര്‍ത്തിച്ചു. കോട്ടയം ജില്ലയിലെ വിളക്കുമാടം കള്ളിവയലില്‍ പരേതനായ കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്.

രാജ്യത്ത് രണ്ടര ലക്ഷത്തോളം അംഗങ്ങളും പത്തു ലക്ഷത്തോളം സിഎ വിദ്യാര്‍ഥികളും സിഎ ഇന്‍സ്റിറ്റ്യൂട്ടിന്റെ ഭാഗമാണ്. 1949ല്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമം അനുസരിച്ച് ഓഡിറ്റിംഗ്, അക്കൌണ്ടിംഗ് എന്നിവയ്ക്കായുള്ള ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരുടെ ഇന്ത്യയിലെ ഔദ്യോഗിക നിയന്ത്രണ സമിതിയാണ് ഐസിഎഐ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.