എന്‍എസ്യുഐ ദേശീയ നിര്‍വാഹകസമിതി കൊച്ചിയില്‍; രാഹുല്‍ പങ്കെടുക്കും
Tuesday, February 9, 2016 12:29 AM IST
കൊച്ചി: നാഷണല്‍ സ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) ദേശീയ നിര്‍വാഹക സമിതി യോഗം നാളെയും മറ്റന്നാളും അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് യോഗം ആരംഭിക്കും.

വൈകുന്നേരം 4.30ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് എന്‍എസ്യു അഖിലേന്ത്യാ അധ്യക്ഷന്‍ റോജി എം. ജോണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് എന്‍എസ്യുഐ ദേശീയ നിര്‍വാഹക സമിതി ചേരുന്നത്. എന്‍എസ്യു സംസ്ഥാന അധ്യക്ഷന്മാര്‍, ദേശീയ ഭാരവാഹികള്‍, കെഎസ്യു സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുലയ്ക്കൊപ്പം പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളും പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികളും മദ്രാസ് ഐഐടി അംബേദ്കര്‍ പെരിയാര്‍ സ്റഡി സര്‍ക്കിള്‍ വിദ്യാര്‍ഥി പ്രതിനിധികളും യോഗത്തിനെത്തും. രോഹിത് വെമുലയുടെ പേരിലുള്ള വേദിയിലാണ് യോഗം ചേരുന്നത്.

മുകുള്‍ വാസ്നിക് ഉള്‍പ്പെടെയുള്ള എഐസിസി നേതാക്കളും വി.എം. സുധീരന്‍, രമേശ് ചെന്നിത്തല അടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.


കേരളത്തില്‍ പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി റോജി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. കെഎസ്യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന ജനറല്‍ സെക്രട്ടറി സബീര്‍ മുട്ടം എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.


രാഹുല്‍ നാളെ സ്റാര്‍ട്ടപ് വില്ലേജ് സന്ദര്‍ശിക്കും

കൊച്ചി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കൊച്ചിയിലെത്തും. തിരുവനന്തപുരത്ത് കെപിസിസി എക്സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞു മൂന്നോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി നേരെ കളമശേരിയിലെ സ്റാര്‍ട്ടപ് വില്ലേജിലേക്ക് തിരിക്കും.

സ്റാര്‍ട്ടപ് വില്ലേജില്‍ അര മണിക്കൂറോളം ചെലവഴിക്കുന്ന അദ്ദേഹം അവിടെ വ്യവസായ സംരംഭകരും മെന്റര്‍മാരുമായി ആശയവിനിമയം നടത്തും. ഹൈബി ഈഡന്‍ എംഎല്‍എ രാഹുലിനെ അനുഗമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.