പുതുപ്പള്ളിയെ ഒഴിവാക്കി ഇടത്, ബിജെപി യാത്രകള്‍
പുതുപ്പള്ളിയെ ഒഴിവാക്കി ഇടത്, ബിജെപി യാത്രകള്‍
Tuesday, February 9, 2016 12:29 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വന്തംതട്ടകമായ പുതുപ്പള്ളി മണ്ഡലത്തെ ഒഴിവാക്കി ഇടതുപക്ഷ പാര്‍ട്ടികളുടെ കേരള യാത്രകള്‍. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചും ഉഴവൂര്‍ വിജയന്‍ നയിച്ച എന്‍സിപിയുടെ ഉണര്‍ത്തു യാത്രയും പുതുപ്പള്ളി മണ്ഡലം ഒഴിവാക്കി കടന്നുപോയി.

കാനം രാജേന്ദ്രന്‍ നയിക്കുന്ന സിപിഐയുടെ ജനകീയ യാത്രയും പുതുപ്പള്ളിയിലെ സ്വീകരണം ഒഴിവാക്കിയാണു കടന്നുപോകുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ആരോപണപ്രത്യാരോപണങ്ങള്‍ ഉയര്‍ത്തുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി നടത്തുന്ന കേരള യാത്രകളില്‍ പുതുപ്പള്ളി മണ്ഡലത്തെ ഒഴിവാക്കിയത് ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

പിണറായി വിജയന്റെ നവകേരള മാര്‍ച്ചിനു മുണ്ടക്കയം, പൊന്‍കുന്നം, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, പാലാ, കുറുപ്പുന്തറ, വൈക്കം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ നിയോജകമണ്ഡലം കൂടിയാണു പുതുപ്പള്ളി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്ര 10, 11 തീയതികളിലാണു കോട്ടയം ജില്ലയില്‍ പര്യടനം നടത്തുന്നത്. ഏറ്റുമാനൂര്‍, പാലാ, മുണ്ടക്കയം, കറുകച്ചാല്‍, ചങ്ങനാശേരി, കോട്ടയം, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലാണു യാത്രയ്ക്കു സ്വീകരണം. പുതുപ്പള്ളിയെ 'ടച്ച്' ചെയ്യാതെ പോകുന്ന സിപിഎമ്മിന്റെയും സിപിഐയുടെയും യാത്രകള്‍ക്ക് പക്ഷേ ജില്ലയിലെ മറ്റു നിയോജക മണ്ഡലങ്ങളിലെല്ലാം സ്വീകരണമുണ്ട്. ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വിമോചന യാത്രയ്ക്ക് പുതുപ്പള്ളി മണ്ഡലത്തില്‍ സ്വീകരണം ഒരുക്കിയിരുന്നെങ്കിലും അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കോട്ടയത്തു മാത്രമേ ജാഥയ്ക്കു സ്വീകരണം ഉണ്ടായിരുന്നുള്ളു.


അതേസമയം പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണമാണു കോട്ടയത്ത് നല്‍കുന്നതെന്നാണ് ഇരുപാര്‍ട്ടികളുടേയും നിലപാട്.

പുതുപ്പള്ളിയില്‍ സ്വീകരണം ഒരുക്കാത്തതില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നായിരുന്നു ഇതേക്കുറിച്ചു കോട്ടയത്തെത്തിയ പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ മറുപടി. മറ്റു ജില്ലകളിലും ഇതേരീതിയില്‍ രണ്ടും മൂന്നും മണ്ഡലങ്ങളില്‍ ഒന്നിച്ചു സ്വീകരണം നല്‍കിയിരുന്നുവെന്നും പിണറായി പറഞ്ഞു. പിണറായിയുടെ നേതൃത്വത്തില്‍ 2014 ജനുവരിയില്‍ നടത്തിയ കേരളാ മാര്‍ച്ചിലും പുതുപ്പള്ളിയില്‍ സ്വീകരണം ഒരുക്കിയിരുന്നില്ല. എന്‍സിപിയുടെ ഉണര്‍ത്തുയാത്രയ്ക്ക് തലയോലപ്പറമ്പ്, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നിവടങ്ങളില്‍ മാത്രമായിരുന്നു സ്വീകരണമുണ്ടായിരുന്നത്.

എല്ലാ മണ്ഡലങ്ങളിലും സ്വീകരണം നല്‍കുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ യാത്രകള്‍ക്കു പുതുപ്പള്ളിയില്‍ സ്വീകരണം നല്‍കാതിരിക്കുന്നതു പാര്‍ട്ടികള്‍ക്കുള്ളിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിച്ച കേരള രക്ഷാ യാത്രയ്ക്കു പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ സ്വീകരണം ഒരുക്കിയിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന്റെ കേരള യാത്രയ്ക്കും പുതുപ്പള്ളി മണ്ഡലത്തില്‍ സ്വീകരണമുണ്ടായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.