കണ്ണൂരില്‍നിന്നു സിപിഎമ്മിനു പ്രഹരങ്ങളുടെ പ്രവാഹം
കണ്ണൂരില്‍നിന്നു സിപിഎമ്മിനു പ്രഹരങ്ങളുടെ പ്രവാഹം
Tuesday, February 9, 2016 12:22 AM IST
കണ്ണൂര്‍: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്നു പറയുന്ന സിപിഎമ്മിനു പാര്‍ട്ടി കോട്ടയായ കണ്ണൂരില്‍നിന്നു പ്രഹരങ്ങളുടെ പ്രവാഹം. കണ്ണൂരിലെ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട കൊലക്കേസുകളും അതുമായി ബന്ധപ്പെട്ട കോടതി വിധികളും ഫ്ളക്സ് ബോര്‍ഡ് വിവാദങ്ങളും പാര്‍ട്ടിക്കു പിന്നോട്ടുള്ള വലിയാകുന്നു. സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയുടെ തീരുമാനങ്ങള്‍ തുടര്‍ച്ചയായി പാളുന്നതും പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്റെ രാജിയുടെ തൊട്ടുപിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഭാവി ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ചു സഖാക്കള്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡും ജയരാജന്‍ പ്രതിയായ അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐക്കു വിട്ടതും പാര്‍ട്ടിക്കു വലിയ ക്ഷീണമുണ്ടാക്കും. സിബിഐ അന്വേഷിക്കുന്ന കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെ പ്രതിയാക്കിയത് അടുത്ത നാളിലാണ്. ഇതില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പെടാപ്പാട് പെടുന്നതിനിടയിലാണു ഷുക്കൂര്‍ വധക്കേസ് സിബിഐ ഏറ്റെടുക്കുന്നത്.

ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതും തെറ്റായ തീരുമാനമെന്നു വിലയിരുത്തപ്പെടുകയും ഒടുവില്‍ അദ്ദേഹത്തെക്കൊണ്ടു രാജിവയ്പിക്കുകയും ചെയ്തതിന്റെ കോലാഹലങ്ങള്‍ക്കിടയിലാണ് ഇതൊക്കെ സംഭവിക്കുന്നത്. മുസ്ലിംലീഗ് പ്രവര്‍ത്തകനാണു കൊല്ലപ്പെട്ട അബ്ദുള്‍ഷുക്കൂര്‍. ആര്‍എസ്എസിന്റെ ജില്ലാതല നേതാവായിരുന്നു കതിരൂരിലെ മനോജ്. ഷൂക്കൂര്‍ കേസില്‍ പ്രേരണാക്കുറ്റത്തിനു 32ാം പ്രതിയും മനോജ് വധക്കേസില്‍ ഗൂഢാലോചനയ്ക്ക് 25ാം പ്രതിയുമാണു ജയരാജന്‍.

ഷുക്കൂര്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണു സിബിഐ കേസ് ഏറ്റെടുത്തു പുനരന്വേഷിക്കുന്നത്. കൊലപാതകത്തിലെ

ഗൂഢാലോചനയാകും സിബിഐ പ്രധാനമായും അന്വേഷിക്കുക. മനോജ് വധക്കേസില്‍ എപ്പോള്‍ വേണമെങ്കിലും ജയരാജനെ സിബിഐ അറസ്റ് ചെയ്യാം. അറസ്റ്



ഒഴിവാക്കാന്‍ ആഴ്ചകളായി ആശുപത്രിയിലാണ് അദ്ദേഹം. ഇത്തരമൊരു ഘട്ടത്തിലാണ് ജയരാജന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഭാവി ആഭ്യന്തരമന്ത്രിയാകുമെന്നുമുള്ള സൂചനകളോടെ കണ്ണൂരില്‍ പാര്‍ട്ടി സഖാക്കള്‍ ഫ്ളക്സ് ബോര്‍ഡ് ഉയര്‍ത്തിയത്.

പാര്‍ട്ടിക്കു പുറത്തുള്ളവര്‍ക്കൊപ്പം അകത്തുള്ളവര്‍ക്കും ഇത് അരോചകമായി തോന്നി എന്നതാണു യാഥാര്‍ഥ്യം. ബോര്‍ഡ് എടുത്തുമാറ്റിയെന്നു മാത്രമല്ല ജില്ലാ സെക്രട്ടേറിയറ്റ് അടിയന്തരമായി ചേര്‍ന്ന് ബോര്‍ഡ് വച്ചതിനെ തള്ളിപ്പറഞ്ഞു. പാര്‍ട്ടിക്കെതിരേയുള്ള പ്രചാരണത്തിനു ശത്രുക്കള്‍ക്ക് ബോര്‍ഡ് അവസരമുണ്ടാക്കിയെന്ന് അല്‍പ്പം കടത്തിത്തന്നെ പറയുകയും ചെയ്തു. ജയരാജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ത്തന്നെ അത് ഇനി നടക്കില്ലാത്ത സ്ഥിതിയായി. കണ്ണൂരിലെ ഉയര്‍ന്ന സിപിഎം നേതാക്കളും സജീവ പ്രവര്‍ത്തകരും ഉള്‍പ്പെട്ട ഫസല്‍, മനോജ് വധക്കേസുകള്‍ക്കു പുറമെയാണു ഷുക്കൂര്‍ കേസും സിബിഐ അന്വേഷിക്കുന്നത്. ഈ മൂന്നു കേസുകള്‍ക്കു പുറമെ കണ്ണൂരിലെയടക്കം ഉയര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരേ ആരോപണങ്ങളുയരുകയും ചിലര്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത ടി.പി. ചന്ദ്രശേഖരന്‍ വധക്കേസും സിബിഐ അന്വേഷണത്തിലേക്കാണു നീങ്ങുന്നത്. സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയ ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. മറ്റൊരു പ്രതി കാരായി ചന്ദ്രശേഖരന്‍ തലശേരി ഏരിയാകമ്മിറ്റി അംഗവും. ഈ കേസിലെ മറ്റു പ്രതികളും സിപിഎമ്മിന്റെ വിശ്വസ്തരാണ്.


അറസ്റിലായ കാരായിമാര്‍ ഏറെക്കാലം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇവര്‍ക്കു ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളം ജില്ല വിട്ട് പുറത്തുപോകാനുമാകില്ല. ഈ സാഹചര്യത്തിലാണ് ഇരുവരെയും സിപിഎമ്മിലെ കണ്ണൂര്‍ ലോബി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരനെ തലശേരി നഗരസഭാ ചെയര്‍മാനുമാക്കിയതും. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാത്തതിനെത്തുടര്‍ന്നു ഭരണസ്തംഭനമെന്നു പറഞ്ഞ് എതിര്‍പക്ഷം സമരത്തിനിറങ്ങുകയും രാജനു പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവരികയും ചെയ്തു. ചന്ദ്രശേഖരനും രാജിവയ്ക്കാന്‍ തീരുമാനമായി.

സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിനു പിന്നാലെയാണു തലശേരി സ്വദേശി ഫസല്‍ വധിക്കപ്പെട്ടത്. ഗൂഢാലോചനയ്ക്കാണു കാരായിമാര്‍ ഈ കേസില്‍ പ്രതികളായത്. മനോജ് വധക്കേസില്‍ മുഖ്യ ആസൂത്രകനെന്ന നിലയിലാണു ഗൂഢാലോചന കുറ്റം ചുമത്തി ജയരാജനെ സിബിഐ പ്രതിയാക്കിയത്. മനോജിനോട് ജയരാജനുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ വൈരാഗ്യത്തിനു ഗൂഢാലോചന നടത്തി കൊല നടത്തിയെന്നാണു കേസ്. ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മൂന്നു തവണയാണു തലശേരി സെഷന്‍സ് കോടതി തള്ളിയത്. ഹൈക്കോടതിയിലാണ് ഇപ്പോള്‍ ജാമ്യഹര്‍ജിയുള്ളത്.

യുഎപിഎ വകുപ്പ് ചേര്‍ത്ത ഈ കേസില്‍ സിബിഐ ജയരാജനെ അറസ്റ് ചെയ്യുമെന്ന് ഉറപ്പായ ഘട്ടത്തിലാണു ഷുക്കൂര്‍ കേസ് ഹൈക്കോടതി സിബിഐക്കു വിട്ടിരിക്കുന്നത്.

ജയരാജനു പുറമെ സിപിഎമ്മിന്റെ കല്യാശേരി എംഎല്‍എ ടി.വി. രാജേഷും ഈ കേസില്‍ പ്രതിയാണ്. സോളാര്‍ കേസും ബാര്‍ കോഴക്കേസും ഉയര്‍ത്തി യുഡിഎഫിനെതിരേ ശക്തമായ സമരങ്ങള്‍ നടത്തുന്ന സമയത്തു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്ന പിണറായി വിജയന്റെ തട്ടകത്തില്‍ നിന്നുള്ള തിരിച്ചടികള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.

പ്രവര്‍ത്തകരുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ഇതിനു പുറമെ വരുന്നു. തിരുവനന്തപുരത്തു ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവും ഇതിനെ പിണറായി ന്യായീകരിച്ചതും വലിയ വിവാദമായിരുന്നു. ഒടുവില്‍ പിണറായിക്കു തിരുത്തേണ്ടിയും വന്നു. തളിപ്പറമ്പില്‍ ശ്രീകൃഷ്ണ ജയന്തിദിവസം പാര്‍ട്ടി സംഘടിപ്പിച്ച ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന ഫ്ളോട്ടുണ്ടാക്കി പ്രദര്‍ശിപ്പിച്ചതിനു പാര്‍ട്ടി നേതൃത്വത്തിനു പരസ്യമായി മാപ്പ് പറയേണ്ടിവന്നിരുന്നു. പിണറായി വിജയനെ അര്‍ജുനനും പി. ജയരാജനെ ശ്രീകൃഷ്ണനുമാക്കി ചിത്രീകരിച്ചുണ്ടാക്കിയ ഫ്ളക്സ് ബോര്‍ഡും ആക്ഷേപങ്ങള്‍ കേട്ടു.

തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സാഹചര്യത്തില്‍ പൊതുസമൂഹമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള വിവാദങ്ങള്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുന്നു. സോളാര്‍, ബാര്‍ കേസുകളിലെ പുതിയ വെളിപ്പെടുത്തലുകളും തെരഞ്ഞെടുപ്പിനു മുമ്പേ മേല്‍ക്കൈ നേടാനുള്ള ഇടതുനീക്കങ്ങള്‍ക്കു തടസമാകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.