കണ്ണൂരിലെ രാഷ്ട്രീയ അരുംകൊലകളില്‍ വേറിട്ടുനിന്ന കൊലപാതകം
കണ്ണൂരിലെ രാഷ്ട്രീയ അരുംകൊലകളില്‍  വേറിട്ടുനിന്ന കൊലപാതകം
Tuesday, February 9, 2016 12:21 AM IST
കണ്ണൂര്‍: മാര്‍ക്സിസ്റ് പാര്‍ട്ടി കോടതി വിചാരണ നടത്തി നടപ്പാക്കിയ വധശിക്ഷയെന്ന പേരില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു മുസ്ലിംലീഗ് പ്രവര്‍ത്തകനായ തളിപ്പറമ്പ് അരിയിലിലെ ഷുക്കൂറിന്റെ വധം.

കണ്ണൂര്‍ ജില്ലയില്‍ നടന്ന അരുംകൊലകളില്‍ പൈശാചികതയില്‍ വേറിട്ടുനിന്ന ഒരുപകല്‍ കൊലപാതകം. പിന്തുടര്‍ന്നു പിടികൂടുകയും മണിക്കൂറുകള്‍ തടഞ്ഞുവച്ചു വിചാരണ നടത്തി കൊലപ്പെടുത്തുകയുമായിരുന്നു. 2012 ഫെബ്രുവരി 20ന് ഉച്ചകഴി ഞ്ഞു മൂന്നോടെയാണു കണ്ണപുരം കീഴറ വള്ളുവന്‍കടവില്‍ ഇരുപത്തിയൊന്നുകാരനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.

സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറമ്പ് അരിയിലില്‍ ആക്രമിക്കപ്പെട്ട് ഏതാനും മണിക്കൂറിനുള്ളിലായിരുന്നു കൊലപാതകം. ഷുക്കൂറിനൊപ്പം നാട്ടുകാരനായ സക്കറിയയ്ക്കു വെട്ടേല്‍ക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കു ക്രൂരമായ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. സിപിഎം നേതാക്കളും സജീവപ്രവര്‍ത്തകരുമായ 33 പേരാണു കേസിലെ പ്രതികള്‍. ഇതില്‍ ജയരാജന്‍ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. ഗൂഢാലോചനയ്ക്കാണ് ഇവര്‍ക്കെതിരേ ആദ്യം കേസെടുത്തതെങ്കിലും പിന്നീടതു പ്രേരണക്കുറ്റമാക്കി മാറ്റുകയായിരുന്നു. ഇതാണിപ്പോള്‍ ഹൈക്കോടതി വിമര്‍ശിക്കുകയും ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരിക്കുന്നത്.

ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ച സംഘത്തില്‍ ഷുക്കൂര്‍ ഇല്ലായിരുന്നെന്നു പോലീസ് അന്വേഷണത്തില്‍ പിന്നീടു വ്യക്തമായിരുന്നു. സംഭവദിവസം അരിയിലിനു സമീപമുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ ഒരാളുമായി ചെറുകുന്നിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു ഷുക്കൂര്‍ അടങ്ങുന്ന സംഘം. കടത്തു കടന്ന് ഇവര്‍ പോകുന്നതു കണ്ട സിപിഎം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവര്‍ക്കു വിവരം നല്‍കി. ഇതു മൊബൈല്‍ ഫോണുകളിലൂടെ പല ഭാഗങ്ങളിലേക്കും പ്രചരിച്ചു. തുടര്‍ന്നു പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും ഇവരെ പിന്തുടരുകയുമായിരുന്നു.

അക്രമികളെ കണ്ട് പരിചയക്കാരനായ മുഹമ്മദ്കുഞ്ഞി എന്നയാളുടെ വീട്ടില്‍ അഞ്ചംഗ സംഘം അഭയംതേടി. ഇതോടെ അക്രമികള്‍ വീടു വളഞ്ഞ് വീടിനകത്തു കയറി ഷുക്കൂറിനെയും മറ്റും ചോദ്യം ചെയ്തു. ഇതിനിടെ മൊബൈല്‍ കാമറയില്‍ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ പലരുടെയും മൊബൈലുകളിലേക്ക് എംഎംഎസ് ചെയ്യുകയും തളിപ്പറമ്പില്‍ കൊണ്ടുപോയി ചിലരെ കാണിക്കുകയും ചെയ്തുവത്രെ. ചിത്രങ്ങള്‍ പരിശോധിച്ചശേഷം ഷുക്കൂറും സക്കറിയ എന്നയാളും വാഹനം ആക്രമിച്ച സംഘത്തിലുണ്ടായിരുന്നതായി സ്ഥിരീകരണം നല്‍കിയെന്നും പറയുന്നു. ആക്രമണത്തെത്തുടര്‍ന്നു ചികിത്സ തേടിയ ജയരാജനും രാജേഷും ഈസമയം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലുണ്ടായിരുന്നു.

ഷുക്കൂറും സക്കറിയയും അക്രമിസംഘത്തില്‍ ഉണ്ടായിരുന്നെന്നു സ്ഥിരീകരണം ലഭിച്ചതോടെ തടഞ്ഞുവച്ച മറ്റുള്ളവരെ വിട്ടയച്ചു. ആക്രമിക്കില്ലെന്നു മുഹമ്മദ്കുഞ്ഞിക്ക് ഉറപ്പുനല്‍കിയശേഷം ഇരുവരെയും പുറത്തേക്കു ബലമായി കൊണ്ടുപോയി. തങ്ങള്‍ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നും ഇവര്‍ കേണപേക്ഷിച്ചെങ്കിലും അക്രമികള്‍ ദയ കാട്ടിയില്ല. വീടിനു സമീപത്തെ വയലിലൂടെ 200 മീറ്ററോളം ഇവരെ കൊണ്ടുപോയശേഷം സക്കറിയയെ മര്‍ദിക്കാന്‍ തുടങ്ങി. തങ്ങളെ കൊലപ്പെടുത്തുകയാണു ലക്ഷ്യമെന്ന് ഇതിനകം വ്യക്തമായ ഷുക്കൂര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അക്രമിസംഘം പിന്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കേ വെട്ടിവീഴ്ത്തുകയുമായിരുന്നുവെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


ഒന്നര മണിക്കൂറോളം അക്രമിസംഘം സ്ഥലത്തുണ്ടായിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും മറ്റും ഇതിനകം അവിടെ എത്തിയിരുന്നു. ബഹളംകേട്ട് പരിസരവാസികളുമെത്തി. എന്നാല്‍, അഭയം നല്‍കിയ മുഹമ്മദ്കുഞ്ഞിയല്ലാതെ മറ്റാരും അക്രമികളെ തടയാന്‍ ശ്രമിച്ചില്ല. വെട്ടേറ്റ ഷുക്കൂര്‍ സംഭവസ്ഥലത്തു രക്തം വാര്‍ന്നു മരിച്ചു. ഈ കേസില്‍ പി. ജയരാജനെ അറസ്റ് ചെയ്തതിനെത്തുടര്‍ന്നു സംസ്ഥാനവ്യാപകമായി സിപിഎം പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ നടത്തിയിരുന്നു. പോലീസ് സ്റേഷനുകള്‍വരെ പരക്കേ ആക്രമിക്കപ്പെട്ടു.

നാലു വര്‍ഷം ഒഴുക്കിയ കണ്ണീരിനു ഫലം കണ്ടു: ഷുക്കൂറിന്റെ മാതാവ്

തളിപ്പറമ്പ്: നാലുവര്‍ഷമായി താനൊഴുക്കിയ കണ്ണീരിന്റെ ഫലമാണു ഹൈക്കോടതി വിധിയെന്നു ഷുക്കൂറിന്റെ മാതാവ് ആത്തിക്ക. മകനെ കൊലചെയ്യുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും അവര്‍ പറഞ്ഞു.

കേസ് സിബിഐക്കു വിട്ടതായ ഹൈക്കോടതി വിധി അറിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അവര്‍. കേരള പോലീസും സിപിഎമ്മും ഒത്തുകളിച്ചു ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാനായിരുന്നു ശ്രമിച്ചത്.

സിബിഐ വരുന്നതോടെ കൂടുതല്‍ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുമെന്നാണു കരുതുന്നത്. ഞാന്‍ ഒരു സാധാരണക്കാരിയാണ്. മോനില്ലാത്ത നാലുവര്‍ഷം ഞാനനുഭവിച്ച വേദന ആര്‍ക്കും അളക്കാന്‍ പറ്റില്ല. അത്രയ്ക്കും ക്രൂരമായാണ് അവരെന്റെ മകനെ ഇല്ലാതാക്കിയത്. അവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപോരാട്ടം തുടരും.

കേസന്വേഷണത്തിനു കരുത്തുപകര്‍ന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ പ്രാര്‍ഥനയാണ് ആശ്വാസം. അല്ലാഹുവിനു സ്തുതി പറയുന്നു -ആത്തിക്ക പറഞ്ഞു.

ഷുക്കൂര്‍ വധം: നാള്‍വഴി

2012 ഫെബ്രുവരി 20: അബ്ദുള്‍ഷുക്കൂര്‍ (22) കൊല്ലപ്പെട്ടു.

മാര്‍ച്ച് 22: സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു.

ജൂണ്‍ 2: സിപിഎം കണ്ണപുരം ടൌണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി. സജിത്തിന്റെ ബൈക്കിന്റെ ടൂള്‍ബോക്സില്‍നിന്നു ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്െടടുത്തു.

ജൂണ്‍ 9: ചോദ്യംചെയ്യലിനായി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എ എന്നിവര്‍ക്കു നോട്ടീസ്.

ജൂണ്‍ 12: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യംചെയ്തു.

ജൂണ്‍ 18: സിപിഎം നേതാവും തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റുമായ കെ. ബാലകൃഷ്ണനില്‍നിന്നു മൊഴിയെടുത്തു.

ഓഗസ്റ് 1: പി. ജയരാജന്‍ അറസ്റില്‍

ഓഗസ്റ് 2: അറസ്റില്‍ പ്രതിഷേധിച്ചു സംസ്ഥാന ഹര്‍ത്താല്‍, വ്യാപക അക്രമം.

ഓഗസ്റ് 6: പി. ജയരാജന്റെ ജാമ്യഹര്‍ജി കണ്ണൂര്‍ കോടതി തള്ളി.

ഓഗസ്റ് 12: പി. ജയരാജന്റെ ജാമ്യഹര്‍ജിയും ടി.വി. രാജേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഹൈക്കോടതി തള്ളി. രാജേഷ് കണ്ണൂര്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി .

ഓഗസ്റ് 22: രാജേഷ് ജാമ്യത്തിലിറങ്ങി, പി. ജയരാജന്റെ ജാമ്യാപേക്ഷ 27 ലേക്കു മാറ്റി.

ഓഗസ്റ് 23: കണ്ണൂര്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2016 ഫെബ്രുവരി 8: ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.