സ്മാര്‍ട്സിറ്റി ഒന്നാം ഘട്ടം ഉദ്ഘാടനത്തിന് ഒരുങ്ങി
സ്മാര്‍ട്സിറ്റി ഒന്നാം ഘട്ടം ഉദ്ഘാടനത്തിന് ഒരുങ്ങി
Sunday, February 7, 2016 1:37 AM IST
കൊച്ചി: കൊച്ചി സ്മാര്‍ട്സിറ്റി ഒന്നാം ഘട്ടം ഉദ്ഘാടനത്തിനും രണ്ടാം ഘട്ട നിര്‍മാണാരംഭത്തിനും തയാറെടുപ്പ് പൂര്‍ത്തിയായതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.

സ്മാര്‍ട്സിറ്റി പദ്ധതിയുടെ എട്ടാമത് അവലോകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 20നാണ് ചടങ്ങു നടക്കുന്നത്. സ്മാര്‍ട്സിറ്റി ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് അവശേഷിച്ചിരുന്ന ഏതാണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകഴിഞ്ഞു. കോടതികളുടെ പരിഗണനയിലിരിക്കുന്ന നാല്, ആറ് സെന്റ്് ഭൂമി കൈയേറ്റങ്ങള്‍ മാത്രമാണ് ഇനി പരിഹിക്കാനുള്ളത്.

സ്മാര്‍ട്സിറ്റി പദ്ധതിപ്രദേശത്തോടു ചേര്‍ന്നു കിടക്കുന്ന കിന്‍ഫ്രയുടെ ഭൂമിയില്‍നിന്നു നാല് ഏക്കര്‍ സ്മാര്‍ട്സിറ്റിക്ക് നല്‍കാനും യോഗം തീരുമാനിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍നിന്നു നേരിട്ട് പദ്ധതിപ്രദേശത്ത് എത്തുന്ന റോഡ് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരളം ഇന്നുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തിലുള്ള പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങു നടക്കുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഎഇ കാബിനറ്റ്കാര്യ മന്ത്രിയും ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബായ് ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, വ്യവസായ, ഐടി മന്ത്രിയും കൊച്ചി സ്മാര്‍ട്സിറ്റി ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സ്മാര്‍ട്സിറ്റി ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐബിഎസ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, സിഎസ്ഇഇസഡ് ഡെവലപ്മെന്റ് കമ്മീഷണര്‍ എ.എന്‍. സഫീന, സ്മാര്‍ട്സിറ്റി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും ജിജി തോംസണ്‍ പറഞ്ഞു.


നിര്‍മാണം പൂര്‍ത്തിയായ ആദ്യ ഐടി ടവറിലെ 75 ശതമാനം സ്ഥലത്തും 27 ഐടി കമ്പനികള്‍ സ്ഥലമെടുത്തു കഴിഞ്ഞതായി കൊച്ചി സ്മാര്‍ട്സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോര്‍ജ് പറഞ്ഞു. ഈ കമ്പനികള്‍ പലതും അവയുടെ ഫിറ്റൌട്ട് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവയെല്ലാം മൂന്നു-നാലു മാസത്തിനകം പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷ. ടവറിന്റെ ഒരു നില പൂര്‍ണമായും ഒരു പ്രമുഖ ഐടി കമ്പനിക്കുവേണ്ടി കാത്തുവയ്ക്കുകയാണ്. ഇക്കാര്യത്തിലുള്ള പ്രഖ്യാപനം ഏതാനും ദിവസത്തിനകം പ്രതീക്ഷിക്കാം. മുഴുവനായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഒന്നാം ഘട്ടത്തില്‍ ഒരു ഷിഫ്റ്റില്‍ മാത്രം 5,000 തൊഴിലവസരങ്ങളുണ്ടാകും. സ്മാര്‍ട്സിറ്റി പവലിയന്‍ ഓഫീസില്‍ ഇന്നലെ ചേര്‍ന്ന യോഗ ത്തില്‍ സബ് കളക്ടര്‍ എസ്. സുഹാസും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.