നഷ്ടത്തിന്റെ കണക്കുമായി വാളംതോട്; നേട്ടങ്ങള്‍ സ്വന്തമാക്കി വിവേകാനന്ദന്‍
നഷ്ടത്തിന്റെ കണക്കുമായി വാളംതോട്; നേട്ടങ്ങള്‍ സ്വന്തമാക്കി വിവേകാനന്ദന്‍
Sunday, February 7, 2016 12:55 AM IST
സ്വന്തം ലേഖകന്‍

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തു ചാലിയാര്‍ പഞ്ചായത്തിന്റെ മലയോര മേഖലയായ വാളംതോട് ഗ്രാമം കടക്കെണിയുടെ കഥ പറയുമ്പോള്‍ വൈവിധ്യങ്ങളായ കൃഷിയിറക്കി വിജയഗാഥ രചിക്കുകയാണ് ഈ മേഖലയിലെതന്നെ ചുങ്കത്തറ ഗ്രാമം. ഒരുവശത്ത് കൃഷിയിടങ്ങളില്‍നിന്നു കണ്ണീര്‍ കഥ മാത്രം കേള്‍ക്കുമ്പോള്‍ മറുവശത്ത് സാധ്യതകള്‍ പരാമവധി ഉപയോഗപ്പെടുത്തുകയാണ് ഒരു യുവാവ്.

കടബാധ്യതയേറി സ്ഥലം വിറ്റ് കുടിയിറങ്ങിയതു നൂറോളം കുടുംബങ്ങള്‍. 1947 ഓടുകൂടിയാണു കോട്ടയം, വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ ചാലിയാര്‍ ഗ്രാമത്തിലേക്കു കുടിയേറിയത്. തെരുവപ്പുല്ല് (വാറ്റ്പുല്ല്) കൃഷിയിലായിരുന്നു തുടക്കം. തുടര്‍ന്നു കപ്പ, വാഴ, നെല്ല് തുടങ്ങിയവയും കൃഷി ചെയ്തു. സ്ഥിരവരുമാനം ലക്ഷ്യമിട്ട് മുക്കം കനറാബാങ്കിന്റെ സഹായത്തോടെ കാപ്പി കൃഷി തുടങ്ങിയെങ്കിലും വിലയിടിവിനെത്തുടര്‍ന്നു കാപ്പി വെട്ടി നീക്കി നിലമ്പൂര്‍ ഭൂപണയ ബാങ്കിന്റെ സഹായത്തോടെ കമുക് കൃഷി ആരംഭിച്ചു. ഈ സമയം പണം തിരിച്ചടയ്ക്കാനുള്ള നോട്ടീസുകള്‍ കനറാ ബാങ്കില്‍ നിന്നു വന്നുതുടങ്ങിയിരുന്നു. കായിച്ച് അധികം ആകുന്നതിനുമുമ്പ് കമുകുകള്‍ക്കു മഹാളി രോഗം ബാധിച്ചു. നാലുവര്‍ഷത്തിനുള്ളില്‍ അവ പൂര്‍ണമായി നശിച്ചു. മറ്റൊരു പ്രധാന കൃഷിയായിരുന്ന കുരുമുളക് ദ്രുതവാട്ടം ബാധിച്ചു പൂര്‍ണമായും നിലംപൊത്തി.

സീസണില്‍ ലോഡ് കണക്കിനു കുരുമുളകും അടക്കയുമാണ് ഇവിടെനിന്നു കയറ്റിപ്പോയിരുന്നത്. അഞ്ച് ടണ്ണിലേറെ അടയ്ക്ക ഓരോ വര്‍ഷവും ലഭിച്ചിരുന്നവര്‍ നിരവധിയായിരുന്നു. രോഗബാധ പൂര്‍ണമായതോടെ ഒരു ക്വിന്റല്‍ അടക്കപോലും ലഭിക്കാതായി. 50 ക്വിന്റലിലേറെ കുരുമുളക് ലഭിച്ചിരുന്ന കര്‍ഷകര്‍ക്കു പത്ത് കിലോ പോലും കിട്ടാത്ത അവസ്ഥ. റബര്‍ പരീക്ഷിച്ചു നോക്കിയെങ്കിലും സമുദ്ര നിരപ്പില്‍നിന്നു രണ്ടായിരം അടിയിലേറെ ഉയരത്തില്‍ നില്‍ക്കുന്ന ഇവിടുത്ത കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാല്‍ അത് ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. എടുത്ത വായ്പകളുടെ പത്തിരട്ടിയിലേറെ തുക പലിശയിനത്തില്‍ അടയ്ക്കേണ്ടി വന്നവര്‍ നിരവധി. സമരങ്ങളെത്തുടര്‍ന്ന് കനറാ ബാങ്കും ഭൂപണയ ബാങ്കും പലിശയില്‍ ചെറിയ ഇളവുകള്‍ വരുത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഭൂമി വിറ്റ് കടം വീട്ടുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നു. അങ്ങനെ കടം വീട്ടാന്‍ ഭൂമി വിറ്റ് കുടിയിറങ്ങേണ്ടി വന്നവര്‍ നിരവധി.

പത്ത് വര്‍ഷത്തിനുള്ളില്‍ ഇത്രയേറെ കുടുംബങ്ങള്‍ കുടിയിറങ്ങിയ ഒരു ഗ്രാമം കേരളത്തില്‍ വേറെയുണ്ടാകില്ല. 40 വര്‍ഷമായി കൃഷിയിടത്തില്‍ സജീവമായുള്ള ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കൂടിയായ മാത്യു കൊട്ടാരത്തിലിന്റെ നാല് ഏക്കര്‍ സ്ഥലം രണ്ടരയായി കുറഞ്ഞു. കൃഷിയെല്ലാം പരാജയമായതോടെ നിലനില്‍പ്പിനായി നിരവധി കര്‍ഷകരാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ ഇറച്ചി കോഴികളെ വളര്‍ത്തുന്നത്. മാത്യുവിനും 2500 കോഴിക്കുഞ്ഞുങ്ങളുണ്ട്. 45 ദിവസം വളര്‍ത്തി ഫാം ഉടമയ്ക്കു കൈമാറുമ്പോള്‍ കിലോയ്ക്ക് ആറ് രൂപ പ്രതിഫലം കിട്ടും. ഷെഡ് ഉണ്ടാക്കി തറയില്‍ പൊടി വിതറി സൌകര്യമൊരുക്കിയാല്‍ മാത്രമേ കോഴിക്കുഞ്ഞുങ്ങളെ ഫാം ഉടമകള്‍ നല്‍കൂ. വെള്ളം, വൈദ്യുതി, ചെലവുകള്‍ കര്‍ഷകന്‍ വഹിക്കണം. 45 ദിവസം കൂടുമ്പോള്‍ ചകിരിപ്പൊടി മാറ്റണം. ചാക്കിനു നൂറുരൂപ പ്രകാരം തമിഴ്നാട്ടില്‍ നിന്നുമാണു ചകിരിപ്പൊടി ഇറക്കുന്നത്. 2000 കോഴികള്‍ ഉള്ള ഫാമിന് 100 വാട്ടിന്റെ 20 ബള്‍ബുകള്‍ വേണം.

വേനല്‍ക്കാലത്ത് പത്ത് ദിവസവും മഴക്കാലത്ത് 15 ദിവസവും ആവശ്യമായ ചൂട് ലഭിക്കണം. ചെലവുകള്‍ നോക്കുമ്പോള്‍ കിലോയ്ക്ക് നാലു രൂപയാണു കര്‍ഷകന്റെ കൈയിലെത്തുന്നത്. ഇതിനായി ദിവസം മുഴുവന്‍ ചെലവഴിക്കുന്ന കൂലി കൂടി കണക്കാക്കുമ്പോള്‍ പുറത്തു മറ്റു ജോലിക്ക് പോകേണ്ട എന്നു മാത്രമേയുള്ളൂ. കോഴിവില ഇടിഞ്ഞാല്‍ ഫാം ഉടമകള്‍ കോഴിക്കുഞ്ഞുങ്ങളെ നല്‍കാറുമില്ല.

മറ്റൊരു പ്രധാനകൃഷിയായ നേന്ത്രവാഴയ്ക്ക് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് തിരിച്ചടിയാകുകയാണ്. നാക്കടപ്പ്, തണ്ടുചുമപ്പ്, ഇലകളിലെ മഞ്ഞപ്പ്, കൂമ്പുചീയല്‍ എന്നിവ വ്യാപകമായി. കാട്ടാനകളും കാട്ടുപന്നികളും കൃഷിയിടത്തില്‍ വരുത്തുന്ന നഷ്ടം വേറെ. കര്‍ഷകരില്‍ ഭൂരിഭാഗത്തിനും ബാങ്കുകളില്‍ ലക്ഷങ്ങളുടെ കടബാധ്യതയുമുണ്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ കൃഷിയിടത്തില്‍ സജീവമായിരുന്ന കര്‍ഷകരുടെ മക്കളില്‍ ഭൂരിഭാഗവും കൃഷിയോട് വിമുഖത കാണിക്കുകയാണെന്നും മാത്യു പറയുന്നു. മേഖലയില്‍ അവശേഷിക്കുന്ന വിളകളായ കാപ്പിക്കും കുരുമുളകിനും കശുവണ്ടിക്കും സീസണായതോടെ വിലയിടിയുന്നത് തിരിച്ചടിയാകുകയാണ്. മേഖലയില്‍ ടൂറിസം സാധ്യത ഏറി വരുന്നത് മാത്രമാണ് കര്‍ഷകര്‍ക്ക് അല്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടവും വിനോദകേന്ദ്രങ്ങളും സജീവമാകുന്നതോടെ കുറച്ചു പേര്‍ക്കെങ്കിലും ജോലി ലഭിക്കുമെന്നാണു പ്രതീക്ഷ.


വാളംതോടില്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മറുവശത്ത് ചുങ്കത്തറ ഗ്രാമത്തില്‍ 31 സെന്റ് സ്ഥലവും വീടും സ്വന്തമായുള്ള യുവാവ് 30 ഏക്കറില്‍ പാട്ടക്കൃഷി നടത്തി വിജയഗാഥ രചിക്കുന്ന കഥ കൂടി കേള്‍ക്കാം. ചുങ്കത്തറ തലഞ്ഞിയിലെ മലയില്‍ വടക്കേതില്‍ വിവേകാനന്ദന്നെ യുവാവാണ് കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയിലും വൈവിധ്യങ്ങളായ വിളകള്‍ കൃഷിചെയ്ത് വിജയം കൊയ്യുന്നത്.

പതിന്നാലാം വയസില്‍ സ്കൂള്‍ പഠനകാലത്താണ് വിവേകാനന്ദന്റെ മനസിലേക്ക് കൃഷിയെന്ന ആശയം കടന്നുവരുന്നത്. കാര്‍ഷികവൃത്തിയില്‍ ഇരുപത്തിയെട്ട് വര്‍ഷം പിന്നിടുമ്പോള്‍ ലാഭങ്ങളുടെ കണക്ക് മാത്രമേ വിവേകാനന്ദന്റെ പുസ്തകത്തിലുള്ളൂ. എല്ലാ വിളകളും സീസണനുസരിച്ച് കൃഷിയിറക്കുന്ന രീതിയാണ് ഇദ്ദേഹത്തിന്റേത്. നെല്ല്, നേന്ത്രവാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്‍, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, പാവല്‍, പടവലം, ചീര തുടങ്ങിയവയാണ് പ്രധാനമായും ചെയ്തുവരുന്നത്. ഇവയെല്ലാം വാണിജ്യാടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നത്. പോത്തുകല്‍, ചുങ്കത്തറ, മൂത്തേടം എന്നീ പഞ്ചായത്തുകളിലായി 30 ഏക്കര്‍ സ്ഥലത്താണ് വിവേകാനന്ദന്റെ കൃഷി. പതിനാറായിരത്തിലേറെ നേന്ത്രവാഴയാണ് ഇത്തവണ കൃഷി ചെയ്തത്.

നൂറ്റിനാല്‍പ്പത് ടണ്ണോളം നേന്ത്രക്കുലയാണ് ഇത്തവണ വിപണിയില്‍ നല്‍കിയത്. പതിനാലു രൂപവരെ കിലോയ്ക്ക് ലഭിച്ച സാഹചര്യവുമുണ്ടായി. ഏഴ് ഏക്കറില്‍ കപ്പ കൃഷി ചെയ്യുന്നുണ്ട്. നെ ല്ല് വളരെ കുറിച്ചുമാത്രമേയുള്ളൂ. ചേന, ചേമ്പ്, കാച്ചില്‍ എന്നിവ വാഴക്ക് ഇടവിളയായാണ് ചെയ്യുന്നത്. സീസണി ല്‍ നിത്യേന നാനൂറ് കിലോ പയര്‍, മുന്നൂറ്റിയന്‍പത് കിലോ പാവയ്ക്ക, ടണ്‍ കണക്കിന് വെള്ളരി, കുമ്പളം, മത്തന്‍ എന്നിവയും വിവേകാനന്ദന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു വിളയ്ക്ക് വില കുറയുമ്പോള്‍ മറ്റൊന്നു ചെയ്ത് നഷ്ടം നികത്തും. ഓണം, വിഷു, മണ്ഡലകാലം വിപണികള്‍ മുന്‍കൂട്ടി കണ്ടാണ് പച്ചക്കറികള്‍ ഇറക്കുന്നത്. ഇക്കാരണത്താല്‍ വിപണിയില്‍ നല്ല വില ലഭിക്കുകയും ചെയ്യും. സ്ഥിരമായി പതിനഞ്ച് തൊഴിലാളികള്‍ ജോലിക്കുണ്ടാകും. ചിലയിടങ്ങളില്‍ സ്ഥലമുടമകള്‍ നിര്‍മിച്ച കുഴല്‍ക്കിണര്‍ ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്. കറവയുള്ള നാല് പശുക്കള്‍, ആട്, കോഴി, താറാവ് എന്നിവയേയും വിവേകാനന്ദന്‍ സംരക്ഷിക്കുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നും പൂര്‍ണ പിന്തുണ എല്ലാക്കാലത്തും ലഭിക്കുന്നുണ്െടന്ന് വിവേകാനന്ദന്‍ പറയുന്നു. 2009-ലെ സംസ്ഥാന സര്‍ക്കാരിന്റെ യുവകര്‍ഷകനുള്ള അവാര്‍ഡ് വിവേകാനന്ദനാണ് ലഭിച്ചത്.

ഇതിനു പുറമേ നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്, ആത്മ, വെജിറ്റബിള്‍ ആന്‍ഡ്് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍ എന്നിവയുടെ നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചാലിയാര്‍ പഞ്ചായത്ത് ഓഫീസില്‍ എല്‍ഡി ക്ളാര്‍ക്കായ അനിതയാണ് ഭാര്യ. രണ്ട് മക്കളുമുണ്ട്.



(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.