രാജഗിരി ആശുപത്രി ഉദ്ഘാടനവും മെഡി. കോളജ് ശിലാസ്ഥാപനവും നാളെ
രാജഗിരി ആശുപത്രി ഉദ്ഘാടനവും മെഡി. കോളജ് ശിലാസ്ഥാപനവും നാളെ
Saturday, February 6, 2016 12:46 AM IST
കൊച്ചി: സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റിറ്റ്യൂഷന്‍സിന്റെ സംരംഭമായ ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രി നാളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔപചാരികമായി ഉദ്ഘാടനംചെയ്യും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷതവഹിക്കും. രാജഗിരി മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനവും വിരമിച്ചവര്‍ക്കുള്ള രാജഗിരി റിട്രീറ്റ് ഹോമിന്റെ സ്ഥാപനശിലയുടെ വെഞ്ചരിപ്പും ചടങ്ങില്‍ നടക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ലോകോത്തര നിലവാരമുള്ള ത്രിതീയ ആരോഗ്യപരിരക്ഷയും സൌകര്യങ്ങളുമുള്ള ആശുപത്രിയില്‍ ആരോഗ്യ സംരക്ഷണ മേഖലയിലെ അതിനൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള വിദഗ്ധ ചികിത്സാരീതികളാണുള്ളത്. ഓങ്കോളജി ഒഴികെയുള്ള എല്ലാ പ്രധാന ചികിത്സാ വിഭാഗങ്ങളും ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ഹരിതഭംഗിയാര്‍ന്ന 40 ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിട്ടുള്ള ആശുപത്രി രോഗനിര്‍ണയം, ചികിത്സ, പുനരധിവാസം, രോഗപ്രതിരോധത്തിലൂടെ സംരക്ഷണം എന്നിവ അത്യാധുനിക രീതിയില്‍ ഒരു കുടക്കീഴില്‍ നല്‍കുന്ന 550 കിടക്കകളുള്ള സുസജ്ജമായ മള്‍ട്ടി സ്പെഷാലിറ്റി ചികിത്സാകേന്ദ്രമാണ്. ദേശീയ അംഗീകാരമായ എന്‍എബിഎച്ച് അക്രെഡിറ്റേഷന്‍ ലഭിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര അക്രെഡിറ്റേഷനായ ജെസിഎ ലഭിക്കുന്നതിനുള്ള മോക്ക് സമ്മറി അടുത്ത മാസം നടക്കും.


പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ആശുപത്രിയില്‍ 1,200 കിടക്കകളുണ്ടാകും. മെഡിക്കല്‍ കോളജിനായി 250 കോടിയും ആശുപത്രിക്ക് 300 കോടിയുമാണ് ചെലവിടുന്നത്. സ്ഥലത്തിന്റെ മൂല്യം കണക്കാക്കാതെയുള്ള താണ് ഈ സംഖ്യ. കോളജ് ഓഫ് നഴ്സിംഗ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ്, റീഹാബിലിറ്റേഷന്‍ സെന്റര്‍, സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് എന്നിവയും ആ ശുപത്രിയോടനുബന്ധിച്ചു തുടങ്ങും.

നാളെ വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടനച്ചടങ്ങ്. സിഎംഐ സഭ പ്രയോര്‍ ജനറാള്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, അന്‍വര്‍ സാദത്ത് എംഎല്‍എ, സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് ക്ളീറ്റസ് പ്ളാക്കല്‍, ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി, ചീഫ് ഫൈനാന്‍സ് ഡയറക്ടര്‍ ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അബ്ബാസ്, സൌത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ വി.ജി. മാത്യു എന്നിവര്‍ പ്രസംഗിക്കും. നടന്‍ നിവിന്‍ പോളി ചടങ്ങില്‍ പ്രത്യേക അതിഥിയാകും. മീഡിയ ആന്‍ഡ് റിലേഷന്‍സ് മാനേജര്‍ ജോസ് ആലപ്പാട്ടും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.