പാലക്കാട്ടെ എല്ലാ അനധികൃത ക്വാറികളും നിര്‍ത്തണം: ഹൈക്കോടതി
പാലക്കാട്ടെ എല്ലാ അനധികൃത ക്വാറികളും നിര്‍ത്തണം: ഹൈക്കോടതി
Saturday, February 6, 2016 12:37 AM IST
കൊച്ചി: പാലക്കാട് ജില്ലയിലെ എല്ലാ അനധികൃത ക്വാറികളും പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി. പാലക്കാട് മുതലമട സ്വദേശികളായ കെ.ബി. സുമന്‍, എന്‍.എം. ഹസന്‍ മുഹമ്മദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഇടക്കാല ഉത്തരവ്. പൊതുതാത്പര്യവും സര്‍ക്കാരിന്റെ ആവശ്യവും മുന്‍നിര്‍ത്തി നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013ലെ വിജ്ഞാപന പ്രകാരം മുതലമട ഒന്ന്, രണ്ട് വില്ലേജുകള്‍ പരിസ്ഥിതി ലോലമാണ്. ഈ സാഹചര്യത്തില്‍ ഇവിടത്തെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം ഉടന്‍ തടയണം. ജില്ലാ ഭരണകൂടവും ജിയോളജിസ്റും ഉത്തരവ് നല്‍കണം. പ്രദേശത്ത്് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ പാലക്കാട് ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം. തിരുവനന്തപുരത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ്സ്റഡീസിനെ (എന്‍സിഇഎസ്എസ്) കേസില്‍ കക്ഷിചേര്‍ക്കണം. പരിസ്ഥിതി അനുമതിയില്ലാതെ മുതലമട ഒന്ന്, രണ്ട് വില്ലേജുകളിലെ ക്വാറികള്‍ക്കു പെര്‍മിറ്റ് നല്‍കിയത് എങ്ങനെയെന്നു പരിശോധിക്കണം. ഏതെല്ലാം ക്വാറികള്‍ക്കാണ് പ്രവര്‍ത്തനാനുമതി ലഭിച്ചതെന്ന് ബന്ധപ്പെട്ട ജിയോളജിസ്റ് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


മുതലമട ഒന്ന്, രണ്ട് വില്ലേജുകളിലെ ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പാലക്കാട് ജില്ലാ കളക്ടര്‍ 2013 ഡിസംബര്‍ 12നു ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രദേശത്തു പരിസ്ഥിതിക്കു വലിയ ഭീഷണി ഉയരുകയാണെന്നും ഈ നിലയില്‍ തുടരുകയാണെങ്കില്‍ പാരിസ്ഥിതിക നാശം ഉണ്ടാകുമെന്നും പ്രദേശത്തിന്റെ സ്വഭാവം വീണ്െടടുക്കാനാവില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.

വന്‍തോതില്‍ ഖനനം നടക്കുന്ന പ്രദേശത്തു ശാസ്ത്രീയ പഠനം നടത്താതെ ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കരുതെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, തുടര്‍നടപടി ഉണ്ടായില്ല. പരിസ്ഥിതി ലോല പ്രദേശത്തു പോലും പാരിസ്ഥിതികാനുമതിയില്ലാതെ എന്‍ഒസി ലഭിച്ചതെങ്ങനെയെന്നു കണ്െടത്താനാവുന്നില്ല. പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യാന്‍ അനുവദിക്കുമ്പോള്‍ അതു പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്നും കോടതി പറഞ്ഞു.

പാരിസ്ഥിതിക അനുമതിയില്ലാതെ നിയമവിരുദ്ധമായി മുതലമടയിലെ കൊല്ലങ്കോട് തോംസണ്‍ മെറ്റല്‍സ് ഉള്‍പ്പെടെയുള്ള ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയതു സംബന്ധിച്ച ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.