തെങ്ങുകയറ്റം ഇനി നിസാരം, സിസ്റാന്റ് ക്ളൈംബറുമായി സഹോദരങ്ങള്‍
തെങ്ങുകയറ്റം ഇനി നിസാരം,  സിസ്റാന്റ് ക്ളൈംബറുമായി സഹോദരങ്ങള്‍
Saturday, February 6, 2016 12:36 AM IST
കോഴിക്കോട്: ഇരുന്നും നിന്നും അനായാസം തെങ്ങില്‍ കയറാവുന്ന യന്ത്രം തയാറാക്കി യുവ സഹോദരങ്ങള്‍. മലപ്പുറം അരീക്കോട് സ്വദേശികളായ ഷിബിന്‍(24), ഷാമില്‍(21) എന്നീ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളാണു സിസ്റാന്റ് ക്ളൈംബര്‍ എന്ന് പേരിട്ടിരിക്കുന്ന യന്ത്രം കണ്ടുപിടിച്ചത്. നിലവിലുള്ള മറ്റു തെങ്ങുകയറ്റ യന്ത്രങ്ങളേക്കാള്‍ സുഖകരമായി ഇതുപയോഗിക്കാം. യന്ത്രം തെങ്ങില്‍ ഘടിപ്പിച്ചതിനു ശേഷം അതില്‍ കയറി ഇരിക്കുക. അതിനുശേഷം യന്ത്രത്തിന്റെ മുകള്‍ഭാഗം കൈകൊണ്ട് ഉയര്‍ത്തി മുകളിലേക്കു കയറാം. ഇങ്ങനെ ഇരുന്നും നിന്നും തെങ്ങില്‍ കയറുന്നതു കൊണ്ടാണ് ഉപകരണത്തിനു സിസ്റാന്റ് ക്ളൈംബര്‍ എന്ന പേര് നല്‍കിയത്. മറ്റു തെങ്ങുകയറ്റ ഉപകരണത്തില്‍നിന്നു വ്യത്യസ്തമായി യന്ത്രത്തിന്റെ ഇരിക്കുന്ന ഭാഗത്തു സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ട്. തെങ്ങിന്റ മുകളില്‍നിന്ന് എന്തെങ്കിലും കാരണ മൂലം പിടിവിട്ടു പോയാലും താഴെ വീഴാതിരിക്കാന്‍ ഇതു സഹായിക്കും.

യന്ത്രത്തില്‍ ഇരുന്ന് ഏതു വശത്തേക്കും തിരിയാന്‍ കഴിയുമെന്നും ഈ യുവ പ്രതിഭകള്‍ അവകാശപ്പെടുന്നു. സിസ്റാന്റ് ക്ളൈംബറിന്റെ അടിസ്ഥാന മോഡലിനു അഞ്ചു കിലോഗ്രാം ഭാരമുണ്ട്. ഉപകരണത്തിനോടൊപ്പം പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ആവശ്യമായ സിഡി, ബ്രോഷര്‍, യൂസര്‍ മാനുവല്‍ എന്നിവയും നല്‍കും. 2,000 രൂപ മുതല്‍ 4,000 രൂപ വരെയാണു വില. യന്ത്രത്തിന്റെ മാര്‍ക്കറ്റിംഗിനായി കെന്‍സോണ്‍ എന്ന പേരില്‍ കമ്പനിയും യുവാക്കള്‍ ആരംഭിച്ചിട്ടുണ്ട്. നവസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി കോഴിക്കോട് എന്‍ഐടിയില്‍ നിലവിലുള്ള ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററിലാണു കമ്പനിയുടെ പ്രവര്‍ത്തനം.


ക്ളൈംബറിന്റെ ലോഞ്ചിംഗ് ഇന്നു വൈകുന്നേരം മൂന്നിനു എന്‍ഐടി കാമ്പസില്‍ നടക്കും. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനംചെയ്യും. കോഴിക്കോട് കളക്ടര്‍ എന്‍.പ്രശാന്ത്, എന്‍ഐടി ഡയറക്ടര്‍ ഡോ.ശിവജി ചക്രവര്‍ത്തി, എംഎല്‍എമാരായ പി.കെ ബഷീര്‍, പി.ടി.എ റഹിം എന്നിവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.