പേരുകളുമായി സരിത സോളാര്‍ കമ്മീഷനില്‍
പേരുകളുമായി സരിത സോളാര്‍ കമ്മീഷനില്‍
Saturday, February 6, 2016 12:36 AM IST
കൊച്ചി: ലൈംഗികമായി ചൂഷണം ചെയ്തവരുടെ പേരുകളടങ്ങുന്ന കുറിപ്പ് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരാക്കി. മുദ്രവച്ച കവറില്‍ നല്‍കിയ കുറിപ്പില്‍ താന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണെന്നു സരിത മൊഴി നല്‍കി. മൊഴി സാധൂകരിക്കുന്ന തെളിവുകളടങ്ങുന്ന കവര്‍ ഇന്നു കമ്മീഷനില്‍ ഹാജരാക്കുമെന്നും സരിത പറഞ്ഞു.

2012-13 കാലഘട്ടങ്ങളില്‍ സരിത രാഷ്ട്രീയ പ്രമുഖരുമായും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റാഫ് അംഗങ്ങളുമായും നടത്തിയ ആറായിരത്തിലേറെ ഫോണ്‍ സംഭാഷണങ്ങളുടെ കണക്കുകള്‍ കമ്മീഷന്‍ അഭിഭാഷകന്‍ ആര്‍. ഹരികുമാര്‍ സരിതയെ കാണിച്ചു. താന്‍ പ്രമുഖരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ തന്നെയാണ് ഇവയെന്നു സരിത മൊഴി നല്‍കി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നമ്പറിലേക്കു വിളിച്ചതും അവിടെനിന്നു തിരിച്ചു വിളിച്ചതുമായ ഏതാണ്ട് 180 കോളുകളുടെ കണക്കും ഇക്കൂട്ടത്തിലുണ്ട്. ടെനി ജോപ്പന്റെ നമ്പറില്‍ താന്‍ വിളിച്ച 1,700 കോളുകളില്‍ 15 മുതല്‍ 20 ശതമാനം വരെ മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിച്ച കോളുകളാണെന്നു സരിത അവകാശപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നമ്പറിലേക്കുള്ള കോളുകള്‍ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ടെനിജോപ്പന്‍, ഗണ്‍മാന്‍ സലിംരാജ്, മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, മുന്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍, മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംപിമാരായ ജോസ് കെ. മാണി, എം.ഐ. ഷാനവാസ്, എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, എ.പി. അബ്ദുള്ളകുട്ടി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിക്ക്, രമേഷ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ പിഎ പ്രദോഷ്, മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള, മന്ത്രി എ.പി. അനില്‍കുമാറിന്റെ പിഎ നസറുള്ള എന്നിവരുമായി നടത്തിയതെന്നു പറയുന്ന ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളാണു കമ്മീഷന്‍ അഭിഭാഷകന്‍ ഹരികുമാര്‍ ഹാജരാക്കിയത്.

മൊഴിയില്‍ പറയുന്നത് ഇങ്ങനെ: 2013ല്‍ പോലീസ് അസോസിയേഷന്റെ വാര്‍ഷിക യോഗത്തിലേക്ക് അസോസിയേഷന്‍ സെക്രട്ടറി ജി.ആര്‍. അജിത്ത് സംഭാവന ആവശ്യപ്പെട്ടു. എല്ലാ പോലീസ് സ്റേഷനിലും സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ ചെയ്യാനുള്ള പ്രമേയം അസോസിയേഷന്‍ മീറ്റിംഗില്‍ പാസാക്കുമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജി.ആര്‍. അജിത്തിന് 20 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ളോക്കിനു താഴെ കാര്‍ പാര്‍ക്കിംഗില്‍ വച്ചാണു തുക കൈമാറിയത്.


പോലീസ് അസോസിയേഷന്റെ യോഗത്തില്‍ സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ സംബന്ധിച്ച പ്രമേയം പാസാക്കുകയും അന്നത്തെ ഉത്തര മേഖല എഡിജിപി എം. ശങ്കര്‍ റെഡ്ഡി പദ്ധതി നടപ്പാക്കാനായി നിര്‍ദേശം നല്‍കുകയുംചെയ്തു. താന്‍ നല്‍കിയ തുകയ്ക്കു രസീതൊന്നും തന്നിരുന്നില്ല. പകരം അസോസിയേഷന്റെ സ്മരണികയില്‍ ടീം സോളാര്‍ കമ്പനിയുടെ പേരില്‍ ഒരു പരസ്യം കൊടുക്കാമെന്നു പറഞ്ഞു. പരസ്യത്തിന്റെ മാറ്റര്‍ ടെനി ജോപ്പന്റെ ഇമെയില്‍ വിലാസത്തിലാണ് അയച്ചുകൊടുത്ത്. എന്നാല്‍, സ്മരണിക പുറത്തിറങ്ങുന്ന സമയം താന്‍ അറസ്റിലായി. പരസ്യത്തിന്റെ സ്ഥാനത്തു കമ്പനിയുടെ പേരു ചേര്‍ക്കാതെ ബെസ്റ് കോപ്ളിമെന്റ്സ് ഫ്രം എ വെല്‍വിഷര്‍ എന്നാണ് എഴുതിയിരുന്നത്. സ്മരണികയുടെ കോപ്പിയും സരിത കമ്മീഷനില്‍ ഹാജരാക്കി. അറസ്റിലായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചോദിച്ചാല്‍ അറിയില്ല എന്നു പറയണമെന്ന്് അഡ്വ.ഫെനി ബാലകൃഷ്ണന്‍ മുഖേന അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നു.

വയനാട് കളക്ടറേറ്റില്‍ സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ നടത്താനായി ടീം സോളാറിന് അനുകൂലമായ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നു. പദ്ധതി നടപ്പാക്കുന്നതിനു കമ്പനിക്കു വേണ്ട സഹായങ്ങള്‍ ചെയ്തു തന്നിരുന്നതു വയനാട് എംപി എം.ഐ. ഷാനവാസിന്റെ പിഎ ഷൈലേഷ് കുമാറാണ്. കോഴിക്കോട് കളക്ടറേറ്റിലും മുക്കം പ്രദേശത്തും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും ഷൈലേഷ് കുമാര്‍ തന്നെയാണു പേപ്പറുകള്‍ നീക്കിയത്.

തിരുവനന്തപുരത്തു കഴിഞ്ഞ വര്‍ഷം മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ താന്‍ ഉയര്‍ത്തിക്കാണിച്ച കത്ത് 30 പേജുകളുള്ളതായിരുന്നു. അക്കൂട്ടത്തില്‍ താന്‍ എഴുതി തയാറാക്കിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. തനിക്കുണ്ടായ അനുഭവങ്ങളെകുറിച്ചുള്ള വിവരങ്ങളായിരുന്നു അതെന്നു സരിത പറഞ്ഞു.

കമ്മീഷനില്‍ ഇന്നു സരിത എസ്. നായരെ ബിജു രാധാകൃഷ്ണന്‍ ക്രോസ് വിസ്താരം ചെയ്യും. കൊല്ലത്ത് ആര്‍എസ്പിയുടെ യോഗം നടക്കുന്ന വേദിയില്‍ സോളാര്‍ ജുഡീഷല്‍ കമ്മീഷനെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവനയുണ്ടായതു പത്രമാധ്യമങ്ങളില്‍ വന്നതു കേസില്‍ കക്ഷിചേര്‍ന്നിട്ടുളള അഡ്വ.സി. രാജേന്ദ്രന്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതില്‍ നടപടിയെടുക്കണമെന്നും അഡ്വ.രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് ഷിബു ബേബി ജോണിന്റെ വക്കാലത്ത് എടുത്തിട്ടുള്ള അഡ്വ.ശിവന്‍ മഠത്തിലിനോടു വിശദീകരണം ചോദിക്കുമെന്നു കമ്മീഷന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.