ദൈവത്തിന്റെ മുന്നറിയിപ്പ്
ദൈവത്തിന്റെ മുന്നറിയിപ്പ്
Wednesday, December 2, 2015 12:58 AM IST
ക്രിസ്മസ് വിളക്ക് / ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍-2

ആദത്തിന്റെയും ഹവ്വയുടെയും ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ പുഷ്പങ്ങളാണു കായേനും ആബേലും. കായേന്‍ കൃഷിക്കാരനും, ആബേല്‍ ആട്ടിടയനുമായിരുന്നു. ഒരിക്കല്‍ അവര്‍ രണ്ടുപേരും ദൈവത്തിനു ബലിയര്‍പ്പിച്ചു.

"കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിനു കാഴ്ച സമര്‍പ്പിച്ചു. ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേയ്ക്കു കാഴ്ചവച്ചു'' (ഉല്‍പത്തി 4:4).

ആബേലിന്റെ കാഴ്ചവസ്തുക്കളില്‍ ദൈവം പ്രസാദിച്ചു. കായേന്റെ കാഴ്ചവസ്തുക്കളില്‍ അവിടുന്ന് പ്രസാദിച്ചില്ല. ഇതു കായേനെ കോപാകുലനാക്കി. ആ കോപം അവനെ കൊണ്ടുചെന്നെത്തിച്ചതു കൊലപാതകത്തിലും! ബൈബിള്‍ രേഖപ്പെടുത്തുന്നു."അവന്‍ വയലിലായിരിക്കെ കായേന്‍ ആബേലിനോട് കയര്‍ത്ത് അവനെ കൊന്നു'' (ഉല്‍പത്തി 4:8).

കൊലപാതകത്തിലേക്ക് ചെന്നെത്തും മുമ്പുതന്നെ ദൈവം കായേനോടു പറഞ്ഞിരുന്നു: "നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരുപ്പുണ്െടന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം'' (ഉല്‍പത്തി 4:7). ദൈവത്തിന്റെ മുന്നറിയിപ്പിനെ കായേന്‍ വിലമതിച്ചില്ല. അവന്‍ ഹൃദയം കൂടുതല്‍ കഠിനമാക്കി. അത് കൊലപാതകം വരെ എത്തി. ദൈവത്തിന്റെ മുന്നറിയിപ്പിന്റെ സ്വരം തിരിച്ചറിയാന്‍ പറ്റാത്തവര്‍, വലിയ തെറ്റില്‍ അകപ്പെടും.

ഇന്നും മനുഷ്യനില്‍ താത്പര്യം വച്ചിരിക്കുന്ന പാപങ്ങള്‍ പലതാണ്, മനുഷ്യരില്‍ ദൈവഭയം ഇല്ലാതാകുന്നു. തത്ഫലമായി ജഡിക താത്പര്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ പലരും വെമ്പല്‍കൊള്ളുന്നു. അശുദ്ധമായ കൂട്ടുകെട്ടുകളുടെയും, അവിശുദ്ധ ബന്ധങ്ങളുടെയും കഥയുടെ ചുരുള്‍ അഴിയുകയാണിന്ന്. പണവും പെണ്ണും എക്കാലത്തും മനുഷ്യനെ വീഴ്ചയിലേക്ക് നയിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ഉന്നതരും, ശക്തരുമായ എത്രയോ വ്യക്തികളാണു കാമത്തിന്റെ പേരില്‍ തകര്‍ന്നടിഞ്ഞത്. അശുദ്ധമായ കൂട്ടുകെട്ടുകളും അതേത്തുടര്‍ന്നുള്ള ബന്ധങ്ങളും കൊലപാതകത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിലും ഇത് പതിവുസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആത്മീയ നിലവാരം ഒത്തിരി താഴ്ന്നുപോകുന്നു.


അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ എല്ലാ ആഴ്ചയിലും തന്നെ മാധ്യമങ്ങള്‍ നമ്മുടെ ചെവികളിലെത്തിക്കുന്നു. അതിന്റെ എണ്ണവും വലുപ്പവും ഓരോ ദിവസവും കൂടിവരുന്നു. ഒരുവശത്ത് കഞ്ഞികുടിക്കാന്‍ കഷ്ടപ്പെടുന്ന ജീവിതങ്ങള്‍. മറുവശത്ത് ഉള്ളതെല്ലാം വാരിക്കൂട്ടുന്ന വന്‍ കുംഭകോണങ്ങള്‍! വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞതുപ്പോലെ ഒരു മരണസംസ്കാരത്തിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്.

തെറ്റുകള്‍ പിടിക്കപ്പെടാതെ പോകില്ല. ഇന്ന് ഇരുട്ടത്ത് ചെയ്തതു നാളെ പ്രകാശത്തില്‍ വെളിപ്പെടും. അപ്പോള്‍ എതിര്‍പ്പിന്റെ രൂക്ഷത വര്‍ധിക്കും. ചിലതെങ്കിലും മനുഷ്യന്റെ കോടതിയില്‍ തെളിയിക്കപ്പെട്ടില്ലെന്നുവരാം എന്നാല്‍, ദൈവത്തിന്റെ ന്യായാസനത്തിങ്കല്‍ അതു വെളിപ്പെടും. അതിനാല്‍ പാപം നമ്മില്‍ താത്പര്യം വച്ചിട്ടുണ്േടാ എന്നു പരിശോധിക്കണം. ഉണ്െടങ്കില്‍ എത്രയും വേഗം അതിനെ കീഴ്പ്പെടുത്തണം. ഇല്ലെങ്കില്‍ സ്വന്തം പതഃനത്തിലേക്കും; കൊലപാതകത്തിലേക്കും വരെ അതു കൊണ്ടുചെന്നെത്തിക്കും.

"മനുഷ്യര്‍ എന്തുചെയ്യണമെന്നും എങ്ങനെ പ്രാര്‍ഥിക്കണമെന്നും ഉപദേശിക്കുന്നതിനു ഗുരുവും രക്ഷകനുമായ ഒരാള്‍ വരുന്നതുവരെ ക്ഷമാപൂര്‍വം കാത്തിരിക്കാതെ നിവൃത്തിയില്ല. ഈശ്വരനോടും, സഹോദരങ്ങളോടും, നമ്മോടും തന്നെയുള്ള ധര്‍മങ്ങളെ അനുശാസിക്കാന്‍ കഴിവുള്ള ഒരാളെ നാം പ്രതീക്ഷിക്കുക തന്നെവേണം.'' (സോക്രട്ടീസ്)

കായേന്‍ സഹോദരനെ കൊന്നതു വഴി മനുഷ്യന്റെ അധഃപതനാവസ്ഥയും; തന്മൂലം രക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യവും നമുക്ക് വ്യക്തമാക്കുന്നു. മനുഷ്യനിലെ മൃഗീയത മാറണം. മൃഗത്തൊഴുത്തില്‍ ജനിച്ചവന് അതു മാറ്റാന്‍ സാധിക്കും. അവനെ രക്ഷകനായി സ്വീകരിക്കുന്നവര്‍ക്കു ദൈവകൃപ ലഭിക്കും. ഈ രക്ഷകനാണു കാലം കാത്തിരുന്ന ബെത്ലഹേമിലെ പുല്‍ത്തൊട്ടിലില്‍ ജനിച്ച ഉണ്ണിയേശു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.