സിപിഐയും സംസ്ഥാന ജാഥയ്ക്ക്: കാനം രാജേന്ദ്രന്‍ നയിക്കും
സിപിഐയും സംസ്ഥാന ജാഥയ്ക്ക്: കാനം രാജേന്ദ്രന്‍ നയിക്കും
Wednesday, December 2, 2015 12:51 AM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം നയിക്കുന്ന ജാഥയ്ക്കു പിന്നാലെ സംസ്ഥാന ജാഥയുമായി സിപിഐയും.

മതനിരപേക്ഷ കേരളത്തിനും വികസനത്തിനും വേണ്ടിയുള്ള മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന ജാഥ ജനുവരി 27-നു മഞ്ചേശ്വരത്തു നിന്നും ആരംഭിച്ചു ഫെബ്രുവരി 18-നു തിരുവനന്തപുരത്ത് സമാപിക്കും. സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജാഥ നയിക്കും. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണു ജാഥ തീരുമാനിച്ചതെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്കു പൊതുവേയും സിപിഐക്ക് പ്രത്യേകിച്ചും നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം എക്സിക്യൂട്ടീവ് പ്രാഥമികമായി വിലയിരുത്തി. താഴെ തട്ടിലുള്ള വിശദമായ വിലയിരുത്തലുകള്‍ക്കുശേഷം സംസ്ഥാന കൌണ്‍സില്‍ വീണ്ടും വിലയിരുത്തുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അഡ്വ. പി.എസ്. പ്രദീപ് നയിക്കുന്ന ജെഎസ്എസിനെ കമ്യൂണിസ്റ് പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസ് സിബിഐ അന്വേഷിക്കണമെന്നാണു സിപിഐയുടെ നിലപാടെന്നും കാനം പറഞ്ഞു. സമത്വമുന്നേറ്റ ജാഥയ്ക്കിടയില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ജാതിസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നു കാനം ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.