രശ്മി വധക്കേസ് : വിധി തനിക്കെതിരാക്കാന്‍ ഗൂഢാലോചന നടന്നെന്നു ബിജു രാധാകൃഷ്ണന്‍
രശ്മി വധക്കേസ് : വിധി തനിക്കെതിരാക്കാന്‍ ഗൂഢാലോചന നടന്നെന്നു ബിജു രാധാകൃഷ്ണന്‍
Wednesday, December 2, 2015 12:46 AM IST
കൊച്ചി: രശ്മി വധക്കേസില്‍ വിധി തനിക്കെതിരാകുന്നതിനായി രാഷ്ട്രീയ രംഗത്തെ പ്രമുഖരടങ്ങുന്ന എട്ടംഗ സംഘം ഗൂഢാലോചന നടത്തിയതായി ബിജു രാധാകൃഷ്ണന്‍ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റീസ് ശിവരാജന്‍ കമ്മീഷനു മുന്‍പാകെ മൊഴി നല്‍കി.

കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധി തനിക്കെതിരാക്കുന്നതിന് എംഎല്‍എമാരായ ഹൈബി ഈഡനും മോന്‍സ് ജോസഫും പോലീസ് ഉദ്യോഗസ്ഥരും അക്കമുള്ള എട്ടംഗ സംഘമാണ് ഗൂഢാലോചന നടത്തിയത്. രശ്മിവധക്കേസില്‍ തനിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നതിന് 14 ദിവസം മുമ്പാണ് കൊല്ലം യാത്രിനിവാസില്‍ ഗൂഢാലോചന നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സംഭാഷണങ്ങളും തന്റെ പക്കലുണ്ട്. ഇവ കമ്മീഷന്‍ മുന്നില്‍ ഹാജരാക്കാമെന്നും ബിജു പറഞ്ഞു.

അഡ്വ. ഫെനി ബാലകൃഷ്ണന്‍, അന്നത്തെ കൊല്ലം ഡിവൈഎസ്പി സി.ജി. സുരേഷ്കുമാര്‍, സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കേസിന്റെ വിധിയെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തിയശേഷം തന്നെ ശിക്ഷിക്കുന്നതിനായി ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്‍ അഡ്വ. ഫെനിയുടെ കൈവശം 25 ലക്ഷം രൂപ ഏല്‍പ്പിച്ചിരുന്നു. തന്റെയും ടീം സോളാര്‍ എനര്‍ജി സൊല്യൂഷന്‍ കമ്പനിയുടെയും തകര്‍ച്ചയ്ക്കു മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ട്. ഇതിനെക്കുറിച്ച് പരാമര്‍ശിക്കാതെ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട ഒരു കാര്യവും പറയാനാകില്ലെന്നും ബിജു പറഞ്ഞു.

എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, പി.സി. വിഷ്ണുനാഥ് എന്നിവര്‍ക്ക് സോളാര്‍ ഇടപാടുമായി ബന്ധമുണ്ടായിരുന്നതായും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

ലാഭവിഹിതം പങ്കിടുന്ന സമ്പ്രദായത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വ്യവസായികളുമായി ബന്ധങ്ങള്‍ ഉണ്ടാക്കുന്ന കാര്യം 2011 വരെ തനിക്ക് അറിയുന്ന ഒന്നായിരുന്നില്ല. കലൂര്‍ സ്റേഡിയത്തില്‍ 12 ദിവസം നീളുന്ന ഒരു എക്സ്പോ നടക്കുന്ന സമയത്താണ് ഇത്തരം ഇടപാടിനെക്കുറിച്ച് മനസിലാക്കാനായത്. സര്‍ക്കാരിന്റെയും ചില സംഘടനകളുടെയും ആഭിമുഖ്യത്തിലായിരുന്നു പ്രദര്‍ശനം. എക്സ്പോയെക്കുറിച്ച് തന്നോടു പറയുന്നത് ഹൈബി ഈഡനും കൊച്ചി മേയറായിരുന്ന ടോണി ചമ്മണിയും കൂടിയാണ്.

ടീം സോളാറിന്റെ വാര്‍ഷിക പരിപാടി കൊച്ചിയിലെ ഡ്രീം ഹോട്ടലില്‍ നടക്കുന്ന സമയത്തായിരുന്നു അത്. എക്സ്പോയുടെ വിശദാംശങ്ങള്‍ സംസാരിക്കാനായി ഡിസിസി ഭാരവാഹിയായ പ്രേമചന്ദ്രനെ തങ്ങളുടെ ഓഫീസിലേക്കു വിടുമെന്നും പറഞ്ഞു. ഇതനുസരിച്ച് വന്ന പ്രേമചന്ദ്രന്‍ തങ്ങള്‍ക്ക് എക്സ്പോയില്‍ പ്രീമിയം സ്റാള്‍ തരാമെന്നു പറഞ്ഞു. എന്നാല്‍ അവിടെ കച്ചവടം നടത്തി ലഭിക്കുന്ന തുകയുടെ 20 ശതമാനം തങ്ങള്‍ക്കു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം രീതിയെക്കുറിച്ച് പരിചയമില്ലാതിരുന്ന താന്‍ വ്യക്തതയ്ക്കുവേണ്ടി ഹൈബി ഈഡനെ വിളിച്ചുചോദിച്ചു.

പ്രോഫിറ്റ് ഷെയറിംഗ് സമ്പ്രദായം അവലംബിച്ചാല്‍ തങ്ങള്‍ക്കു മറ്റു പ്രയോജനങ്ങള്‍ ഉണ്ടാകുമെന്ന് ഹൈബി പറഞ്ഞു. തുടര്‍ന്ന് ലാഭവിഹിതം പങ്കിടുന്ന സമ്പ്രദായം അവലംബിക്കുകയും വരുമാനത്തിന്റെ പങ്ക് ഹൈബിയുടെ വസതിയില്‍ എത്തിക്കുകയും ചെയ്തു. അതനുസരിച്ച് സിറ്റി പോലീസ് കമ്മീഷണറുടെ ക്യാമ്പ് ഓഫീസിലേത് അടക്കം പുറത്തുനിന്നുമുള്ള 10-12 ഓര്‍ഡറുകള്‍ ടീം സോളാറിനു ലഭിച്ചു.


തനിക്ക് ഏറെ സ്നേഹബഹുമാനങ്ങള്‍ ഉള്ള വ്യക്തിയാണ് മോന്‍സ് ജോസഫെന്നു ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ കമ്പനിക്കു വേണ്ടി ഏറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്തുതന്നിട്ടുണ്ട്. സരിതയും മോന്‍സ് ജോസഫുമായുള്ള ബന്ധത്തില്‍ ഇടപെടണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെടുകയും അതില്‍ ഇടപെടുകയും ചെയ്തതാണ് തങ്ങളുടെ ബന്ധം മോശമാകാന്‍ കാരണം. ഇത് തനിക്കെതിരായ ഗൂഢാലോചനയില്‍ അദ്ദേഹം പങ്കാളിയാകുന്നതിനു കാരണമാകുകയും ചെയ്തു. പി.സി. വിഷ്ണുനാഥ് എംഎല്‍എയും തങ്ങള്‍ക്കു സഹായം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ മൂന്നുവട്ടം നേരില്‍ കണ്ടിട്ടുണ്ട്.

ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ക്കു സമര്‍പ്പിച്ച തങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ടിനൊപ്പം അദ്ദേഹത്തിന്റെ കത്തും വച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആവശ്യത്തിനുവേണ്ടി അദ്ദേഹത്തിന് അഞ്ചു ലക്ഷം രൂപ കൈമാറിയെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.

സാധാരണ ഗതിയില്‍ ബിസിനസില്‍ സഹായിച്ചവരുടെ കാര്യങ്ങള്‍ പുറത്ത് പറയരുതാത്തതാണ്. എന്നാല്‍ തന്റെ ജീവിതത്തില്‍ കയ്പേറിയ അനുഭവങ്ങള്‍ സമ്മാനിച്ചവരുടെ പേരുകള്‍ മാത്രമാണ് പുറത്തുപറയുന്നത്. അധികാരം എന്നതു സ്ത്രീകളെ ഉപയോഗിച്ച് കുറുക്കുവഴിയിലൂടെ ധനം സമ്പാദിക്കാനുള്ള മാര്‍ഗമാക്കിയിട്ടുള്ളവരുടെ പച്ചയായിട്ടുള്ള മുഖം പുറത്തു കാണിക്കാന്‍ വേണ്ടിയാണ് ഇത്തരം വൃത്തികെട്ട സംസ്കാരത്തിന് ഇരയായ വ്യക്തി എന്ന നിലയില്‍ താന്‍ കാര്യങ്ങള്‍ തുറന്നുപറയുന്നതെന്ന് ബിജു പറഞ്ഞു.

ഇന്നലെ രാവിലെ മൊഴി നല്‍കാനെത്തിയ ബിജു രാധാകൃഷ്ണന്‍ തനിക്ക് കടുത്ത ശാരീരിക അസ്വസ്ഥതയുണ്െടന്നു കമ്മീഷന്‍ സെക്രട്ടറിയെ അറിയിച്ചു. തുടര്‍ന്നു കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ രക്തസമ്മര്‍ദ്ദം അടക്കമുള്ള പരിശോധനകള്‍ നടത്തിയെങ്കിലും ആരോഗ്യം സാധാരണ നിലയിലാണെന്നു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതോടെ ബിജുവിനെ വിസ്താരത്തിനായി കൊണ്ടുവന്നു. തനിക്ക് ശാരീരിക അവശതയുണ്െടന്ന് അറിയിച്ചിട്ടും ജയിലധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചുവെന്നും ബിജു കമ്മീഷനെ അറിയിച്ചു.

കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അവശതയുമുള്ളതിനാല്‍ തന്നെ ഡിസംബര്‍ ഏഴിനു ശേഷമേ വിസ്തരിക്കാവൂ എന്നപേക്ഷിച്ച് ഉച്ചയ്ക്കുശേഷം ബിജു കമ്മീഷന് ഹര്‍ജി നല്‍കി. കമ്മീഷന്‍ ഇതു തള്ളി. എന്നാല്‍ ബിജുവിന്റെ മാനസിക സമ്മര്‍ദം കണക്കിലെടുത്ത് സിറ്റിംഗ് തത്കാലത്തേക്ക് നിര്‍ത്തിവച്ചു.സിറ്റിംഗ് ഇന്നു രാവിലെ 10നു തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.