മുഖപ്രസംഗം: ഇതു നിയമവാഴ്ചയോടുള്ള വെല്ലുവിളി
Wednesday, December 2, 2015 11:57 PM IST
നഗരസഭാ കൌണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതു നോക്കി പോലീസ് കാത്തുനില്‍ക്കുക. സത്യപ്രതിജ്ഞ കഴിയുമ്പോള്‍, കൊലപാതക കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അവിടെനിന്ന് അറസ്റ് ചെയ്തുകൊണ്ടുപോകുക. ക്രിമിനല്‍ സംഘങ്ങള്‍ വാഴുന്ന ഏതെങ്കിലും അവികസിത ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ കാര്യമല്ല; കേരളത്തിലെ കാര്യമാണ്. രാഷ്ട്രീയ പ്രബുദ്ധത ഉണ്െടന്ന് അഭിമാനിക്കുകയും നിയമവാഴ്ച നടക്കുന്നെന്ന് അഹങ്കരിക്കുകയും ചെയ്യുന്ന നാട്ടിലെ കാര്യം.

ഇതുകൊണ്ടായില്ല. അതേ നഗരസഭയില്‍ത്തന്നെ മറ്റൊരു കൊലക്കേസ് പ്രതി ജയിലില്‍നിന്നു വന്നു സത്യപ്രതിജ്ഞ ചെയ്തു. ആ ജില്ലയിലെ മറ്റൊരു മുനിസിപ്പാലിറ്റിയിലെ ചെയര്‍മാനും ആ ജില്ലയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്നവരാണ്. ഇവരെല്ലാം ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണ് എന്നതും ശ്രദ്ധേയമാണ്.

ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണു യജമാനന്മാര്‍. അവരാണു ജനങ്ങള്‍ക്കുവേണ്ടി ഭരണം നടത്തേണ്ടത്. ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്യാനും പാടില്ല. പക്ഷേ, ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയും പ്രതികളായവരെയും ഒക്കെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഒരുക്കുകയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. നിയമത്തെയും നിയമവാഴ്ചയെയുമൊക്കെ നോക്കുകുത്തികളോ പരിഹാസവിഷയങ്ങളോ ആക്കുന്നവിധം ജനാധിപത്യ പ്രക്രിയയെ ഒരു രാഷ്ട്രീയ പാര്‍ട്ടി ദുരുപയോഗിക്കുന്നതു ജനാധിപത്യസംസ്കാരത്തിനുതന്നെ അപമാനമാണ്.

നിയമസഭകളിലും പാര്‍ലമെന്റിലുമൊക്കെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വരുന്നതിനെതിരേ രാജ്യത്തെങ്ങും അഭിപ്രായം ഉരുത്തിരിയുന്ന കാലമാണിത്. ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാനും അവ പരസ്യപ്പെടുത്താനുമൊക്കെ സന്നദ്ധസംഘങ്ങള്‍ ഉണ്ട്. അതെല്ലാം ഉണ്ടായിട്ടും ബിഹാര്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരില്‍ പകുതിയോളം പേര്‍ക്കു ക്രിമിനല്‍ പശ്ചാത്തലം ഉണ്െടന്നാണ് അറിയുന്നത്.

കേരളത്തിലടക്കം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അത്തരമൊരു പരിശോധന നടക്കുന്നില്ല. അതുകൊണ്ട് എന്തുമാകാം എന്നു വരുന്നതു ശരിയല്ല. കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഏറെ ചിന്തിക്കപ്പെടേണ്ട വിഷയമാണ്. ജയില്‍ശിക്ഷ അനുഭവിക്കുന്നവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുനിസിപ്പല്‍ ചെയര്‍മാനും ആക്കിയിരിക്കുന്നു. പത്രിക നല്‍കുന്നതു മുതല്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും കോടതിയുടെ പ്രത്യേക അനുമതി വാങ്ങി വേണ്ടിയിരുന്നു അവര്‍ക്കു നാട്ടിലെത്താന്‍. ഇനി ഭരണം നടത്താനും കോടതി കനിയണം. ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും കേസില്‍ പ്രതികളായി വിചാരണ നേരിടാനുള്ളവരാണു തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ രണ്ടംഗങ്ങള്‍.


ഇവരെ യാദൃച്ഛികമായി സ്ഥാനാര്‍ഥികളാക്കിയതല്ല. ശിക്ഷയും കേസും കേസിന്റെ സ്വഭാവവും ഗൌരവവും ഒക്കെ അറിഞ്ഞുകൊണ്ടുതന്നെയാണു സ്ഥാനാര്‍ഥികളാക്കിയത്. അനായാസം വിജയിക്കാവുന്ന സീറ്റുകളില്‍ നിര്‍ത്തി ജയിപ്പിച്ചെടുക്കുകയും ചെയ്തു. കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയും പ്രതികളാക്കപ്പെട്ടവരെയും സ്ഥാനാര്‍ഥികളും ഭരണാധികാരികളും ആക്കുന്ന രാഷ്്ട്രീയ കക്ഷികള്‍ എന്തു സന്ദേശമാണു ജനങ്ങള്‍ക്കു നല്‍കുന്നത്? കോടതിയെയും നിയമത്തെയും നിയമവാഴ്ചയെയും തങ്ങള്‍ മാനിക്കുന്നില്ല എന്നല്ലേ ആ പാര്‍ട്ടി പറയുന്നത്?

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കും പൌരാവകാശങ്ങള്‍ ഉണ്ട്. അവര്‍ക്കു തെരഞ്ഞെടുപ്പും മത്സരവും പദവികളും വിലക്കപ്പെട്ടിട്ടില്ല. ഇതെല്ലാം അംഗീകരിക്കുമ്പോഴും കൊലപാതകക്കേസുകളിലെ പ്രതികളെ ഇത്തരം പദവികളിലേക്കു നിയോഗിക്കുന്നതിനെപ്പറ്റി ഗൌരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. ജനപ്രതിനിധികള്‍ എന്ന നിലയില്‍ കടമകള്‍ കാര്യമായി നിറവേറ്റാന്‍ പറ്റാത്ത സാഹചര്യത്തിലുള്ളവരെ പദവികളിലെത്തിക്കുന്നത് എന്തിനാണ്? തെരഞ്ഞെടുക്കപ്പെട്ട പദവികളുടെ ബലത്തില്‍ പ്രത്യേക അനുമതി വാങ്ങി പുറത്തുവന്നു ശിക്ഷാവിധിയെ അപഹാസ്യമാക്കാനോ?

തങ്ങള്‍ക്കെതിരേയുള്ള കേസുകളും നടപടികളും രാഷ്ട്രീയപ്രേരിതവും അന്യായവും, മറ്റുള്ളവര്‍ക്കെതിരേയുള്ളതെല്ലാം ന്യായവും നിയമപ്രകാരമുള്ളതും എന്ന സമീപനം മാര്‍ക്സിസ്റ് പാര്‍ട്ടി എല്ലായ്പോഴും സ്വീകരിച്ചുകാണാറുണ്ട്. ആരോപണങ്ങളായാലും അങ്ങനെതന്നെ. ആ സമീപനത്തിന്റെ മറ്റൊരു പ്രകടനമാണ് ഇത്തരമാള്‍ക്കാരെ ജനപ്രതിനിധികളാക്കുന്നതില്‍ കാണുന്നത്. നിയമവാഴ്ചയെ വെല്ലുവിളിക്കുകയും കോടതിവിധികളെ മറികടക്കുകയും ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തുചെയ്യാന്‍ പറ്റുമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും കൂട്ടായി ആലോചിക്കേണ്ടതാണ്.

കോടതി ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചു തടവിലടച്ചയാള്‍ക്കു ശിക്ഷാകാലാവധിയില്‍ മത്സരിച്ചു തദ്ദേശസ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കാന്‍ സാധിക്കുന്നത് ആശാസ്യമാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. കൊലപാതക കേസ് പ്രതി ഒളിവില്‍ കഴിഞ്ഞു മത്സരിക്കുന്നതും പോലീസിന്റെ കണ്ണുവെട്ടിച്ചു സത്യപ്രതിജ്ഞ നടത്തുന്നതും ഒക്കെ പോലീസിന്റെ കാര്യശേഷിക്കു നേരേകൂടി വിരല്‍ചൂണ്ടുന്നു. അതോ അങ്ങനെയൊക്കെ നടന്നുകൊള്ളട്ടെ എന്നു പോലീസ് തീരുമാനിച്ചിട്ടുണ്േടാ? എന്തായാലും നിയമവാഴ്ചയെ വെല്ലുവിളിക്കുകയും അപഹാസ്യമാക്കുകയും ചെയ്യുന്നതരം സ്ഥാനാര്‍ഥിത്വങ്ങളും ഭാരവാഹിത്വങ്ങളും ഒഴിവാകുകതന്നെ വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.