വിന്‍സന്‍ എം. പോള്‍ സര്‍വീസില്‍നിന്നു വിരമിച്ചു
വിന്‍സന്‍ എം. പോള്‍ സര്‍വീസില്‍നിന്നു വിരമിച്ചു
Tuesday, December 1, 2015 12:38 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണ കേസില്‍ തന്റെ നിലപാടുകള്‍ ശരിയായിരുന്നെന്നു കാലം തെളിയിക്കുമെന്നു ഡിജിപി വിന്‍സന്‍ എം. പോള്‍. മന്ത്രി കെ.എം. മാണിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തെളിവില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. മറിച്ചാണെന്ന് കാലം തെളിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു വിരമിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം. മാണിക്കെതിരായ ബാര്‍കോഴ ആരോപണ കേസിന്റെ അന്വേഷണത്തില്‍ അന്നത്തെ എഡിജിപി ജേക്കബ് തോമസിന് ഒരു റോളുമില്ല. മന്ത്രി കെ. ബാബുവിനെതിരായ കേസ് എറണാകുളം എസ്പിക്കു കൈമാറിയത് തിരുവനന്തപുരം സ്പെഷല്‍ ഇന്‍വസ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എസ്പി ആര്‍. സുകേശന്റെകൂടി അഭിപ്രായം മാനിച്ചാണ്. കേസന്വേഷണത്തിന്റെ തിരക്ക് ഒഴിവാക്കാനാണ് അങ്ങനെ ചെയ്തത്. അക്കാര്യം ജേക്കബ് തോമസിനും അറിയാം. മാണിക്കെതിരേ കേസെടുക്കാന്‍ തക്കവണ്ണം ഒരു ശതമാനം പോലും തെളിവ് ഫാക്ച്വല്‍ റിപ്പോര്‍ട്ടിലില്ലായിരുന്നെന്നും വിന്‍സന്‍ എം. പോള്‍ ആവര്‍ത്തിച്ചു.

വിന്‍സന്‍ എം. പോള്‍ വിരമിച്ചതോടെ വിജിലന്‍സ് ഡയറക്ടറുടെ ചുമതല സീനിയര്‍ എഡിജിപി ശങ്കര്‍ റെഡ്ഡിക്കു കൈമാറി. കോടതി നിരീക്ഷണം വന്നതോടെ വിന്‍സന്‍ എം. പോള്‍ അവധിയില്‍ പോയിരുന്നു. തുടര്‍ന്നു ചുമതല എഡിജിപി ഷേക് ദര്‍ബേഷ് സാഹിബിനു കൈമാറുകയായിരുന്നു.


ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോള്‍ സ്വീകരിച്ച നിലപാടുകള്‍ വിജിലന്‍സ് കോടതി ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ കൈകടത്തല്‍ നടത്തിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതേത്തുടര്‍ന്ന് ഇദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. വിന്‍സന്‍ എം. പോള്‍ വിരമിച്ചതോടെ ഋഷിരാജ് സിംഗിനു ഡിജിപി പദവി ലഭിക്കും.

സര്‍വീസില്‍നിന്നു വിരമിക്കുന്ന വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായ വിന്‍സണ്‍ എം പോള്‍, കോഴിക്കോട് റൂറല്‍ എസ്പി പി. എച്ച്. അഷ്റഫ്, ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്പി ഷെയ്ക്ക് അന്‍വര്‍ദീന്‍ സാഹിബ്, മനുഷ്യാവകാശ കമ്മീഷന്‍ എസ്പി എ.ജെ. തോമസ്കുട്ടി, വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ കോഴിക്കോട് എസ്പി സി.ടി. ടോം, പോലീസ് ആസ്ഥാനത്തെ സ്പെഷല്‍ സെല്‍ എസ്പി പി.കെ. വിജയപ്പന്‍ എന്നിവര്‍ക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി. ഡിജിപി വിന്‍സണ്‍ എം. പോളിനും എസ്പിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ കേരള പോലീസിന്റെ മെമെന്റോ കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.