ബാര്‍ കോഴ: സഭ സ്തംഭിപ്പിച്ചു
ബാര്‍ കോഴ: സഭ സ്തംഭിപ്പിച്ചു
Tuesday, December 1, 2015 12:25 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം നേരിടുന്ന മന്ത്രി കെ. ബാബു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ സമ്മേളനത്തിന്റെ ആദ്യദിനംതന്നെ നിയമസഭ സ്തംഭിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി ബഹളംവച്ചതിനെത്തുടര്‍ന്നു നിയമസഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു.

രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍തന്നെ പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. എക്സൈസ് മന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങള്‍ ചോദിക്കാതെയും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.

ശൂന്യവേളയില്‍ കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ബാര്‍ കേസില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും രണ്ടു നീതിയാണെന്നു കോടിയേരി ആരോപിച്ചു. ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്ന കെ.എം. മാണി പുറത്തും, പത്തു കോടി രൂപ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്ന കെ. ബാബു അകത്തുമാണെന്നു കോടിയേരി പറഞ്ഞു.

കെ. ബാബുവിനെതിരേ പ്രാഥമിക പരിശോധന നടന്നപ്പോള്‍ സാക്ഷികള്‍ നേരിട്ടെത്തി ആരോപണം തെറ്റാണെന്നു മൊഴി നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, കെ.എം. മാണിയുടെ കേസില്‍ അന്വേഷണം നടന്നപ്പോള്‍ ആരും മൊഴി നല്‍കാന്‍ എത്തിയില്ല. ഇതിനാലാണ് കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോകേണ്ടി വന്നത്. നൂറു ശതമാനം തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണു വിജിലന്‍സ് നടപടി.


വിജിലന്‍സിനെ കോടതി വിമര്‍ശിച്ചിട്ടില്ല. വിജിലന്‍സ് പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തിലുള്ള വിധിയുണ്ടായപ്പോഴാണു വിജിലന്‍സിനു ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നത്. ഇന്നലെ സര്‍വീസില്‍നിന്നു വിരമിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണു തനിക്കെതിരേ ഉന്നയിക്കുന്നതെന്നു മന്ത്രി കെ. ബാബു പറഞ്ഞു. പ്രീ ബജറ്റ് ചര്‍ച്ച താന്‍ നടത്തിയിട്ടില്ല. മുമ്പു പി.കെ. ഗുരുദാസന്‍ മന്ത്രിയാരിക്കെ പ്രീ അബ്കാരി പോളിസി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കുക മാത്രമാണു ചെയ്തതെന്നും കെ. ബാബു പറഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസുമായി ബന്ധപ്പെട്ടു കാബിനറ്റ് നോട്ട് തിരുത്തിയെന്ന തോമസ് ഐസക്കിന്റെ ആരോപണം തര്‍ക്കത്തിനും വാക്കേറ്റത്തിനും ഇടയാക്കി.

കെ. ബാബു കൈപ്പറ്റിയ പത്തു കോടിയുടെ ഒരു പങ്ക് പുതുപ്പള്ളി വഴിയെങ്ങാനും പോയോ എന്നു സംശയിക്കുന്നതായി സഭയ്ക്കുള്ളിലെ സമരം പ്രഖ്യാപിച്ചുകൊണ്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ സമരം നടത്തുമെന്നും വി.എസ് പ്രഖ്യാപിച്ചു. ഇതോടെ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്നു നടപടികള്‍ വേഗത്തിലാക്കി 11.10നു സഭ ഇന്നലത്തേക്കു പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.