ഇരട്ടനീതിയില്‍ മനംനൊന്തും ബാര്‍കോഴയില്‍ മനം നിറഞ്ഞും
ഇരട്ടനീതിയില്‍ മനംനൊന്തും ബാര്‍കോഴയില്‍ മനം നിറഞ്ഞും
Tuesday, December 1, 2015 12:43 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ബാര്‍കോഴ കേസിന്റെ പേരില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത് ഉണ്ടയില്ലാ വെടി എന്നാണ്. പിടിച്ചതിനേക്കാള്‍ വലിയത് അളയിലുണ്െടന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ കണ്െടത്തല്‍.

പതിമൂന്നാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനംതന്നെ വരാനിരിക്കുന്നത് എന്തെന്ന സൂചന പ്രതിപക്ഷം നല്‍കി. ബാര്‍കോഴ കേസില്‍ മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് അവര്‍ സഭ സ്തംഭിപ്പിച്ചു. സഭയ്ക്കു പുറത്താകട്ടെ അതിലും വലിയ പ്രതിഷേധത്തിനായിരുന്നു അവര്‍ കോപ്പു കൂട്ടിയിരുന്നത്. അവിടെ ബിജെപിയും പ്രതിഷേധവുമായെത്തി.

അടിയന്തരപ്രമേയ നോട്ടീസ് പരിഗണനയ്ക്കെടുത്തപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശദീകരണം നല്‍കി. അന്വേഷണത്തില്‍ ആരോപണം ശരിയല്ലെന്നു തെളിഞ്ഞതിനാല്‍ തുടര്‍പടികള്‍ വേണ്െടന്നുവച്ചെന്നായിരുന്നു രമേശിന്റെ വിശദീകരണത്തിന്റെ കാതല്‍.

ഒരു അഴിമതിക്കേസ് എങ്ങനെയാണ് അട്ടിമറിക്കേണ്ടത് എന്നതിന്റെ ലഘുവിവരണമാണു മന്ത്രി നല്‍കിയതെന്നു പറഞ്ഞാ ണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയത്. കെ.എം. മാണിക്കും കെ. ബാബുവിനും ഇരട്ടനീതിയെന്ന മാണിയുടെ പരാതി ഊതിക്കത്തിക്കാനായിരുന്നു കോടിയേരിയുടെ ശ്രമം. മാണിക്കെതിരേ പരാതി വന്നപ്പോള്‍ ലളിതകുമാരി കേസ് പറഞ്ഞ് ത്വരിത പരിശോധന നടത്തി. അതിനുശേഷം എഫ്ഐആര്‍ ഇട്ട് കേസെടുത്തു. ബാബുവിന്റെ കാര്യം വന്നപ്പോള്‍ ലളിതകുമാരി ബാധകമല്ല. ഒരു കോടി വാങ്ങിയ ആള്‍ പുറത്ത്, പത്തു കോടി വാങ്ങിയ ആള്‍ ഇപ്പോഴും അകത്തു തന്നെ. മാണിയുടെ പരാതി മറ്റൊരു തരത്തില്‍ കോടിയേരി ഉന്നയിച്ചതു കേള്‍ക്കാന്‍ പക്ഷേ മാണി സഭയിലുണ്ടായിരുന്നില്ല.

രാജിക്കുശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം അദ്ദേഹം സഭയിലെത്തിയില്ല. ബാബു മന്ത്രിയായി ഇരുന്നുകൊണ്ട് സ്വതന്ത്രമായ അന്വേഷണം നടക്കുകയില്ലാത്തതിനാല്‍ രാജിവയ്ക്കണമെന്നായിരുന്നു കോടിയേരിയുടെ ആവശ്യം.

കോടിയേരി വച്ച കെണി ആഭ്യന്തരമന്ത്രി തിരിച്ചറിഞ്ഞു. ബാബുവിനും മാണിക്കും ഇരട്ടനീതിയെന്ന ആക്ഷേപം തെറ്റെന്നു സ്ഥാപിക്കാനായിരുന്നു രമേശിന്റെ ശ്രമമത്രയും.

കെ.എം. മാണിയുടെ കേസില്‍ ത്വരിതപരിശോധനയില്‍ മൊഴി നല്‍കാന്‍ ആരും എത്തിയില്ല. അതുകൊണ്ട് എഫ്ഐആര്‍ ഇട്ട് കൂടുതല്‍ അന്വേഷണം വേണ്ടിവന്നു. എന്നാല്‍, ബാബുവിന്റെ കേസില്‍ പ്രാഥമികാന്വേഷണ വേളയില്‍തന്നെ സാക്ഷികള്‍ മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ചു എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. വിജിലന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കാത്ത സര്‍ക്കാരാണ് ഈ സര്‍ക്കാര്‍ എന്നുകൂടി പറഞ്ഞുകൊണ്ടാണ് രമേശ് പ്രസംഗം അവസാനിപ്പിച്ചത്.

സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചയില്ലെന്നു വ്യക്തമാക്കപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എഴുന്നേറ്റു. മാണിയുടെ രാജിയിലെ സന്തോഷം മറച്ചുവയ്ക്കാതെയും എന്നാല്‍, മാണിക്കും ബാബുവിനും ഇരട്ടനീതിയാണെന്നു പറഞ്ഞുവച്ചുമാണ് വി.എസ് പ്രസംഗം ആഘോഷമാക്കിയത്. ബാബു കൈപ്പറ്റിയ കോഴയുടെ ഒരു പങ്ക് പുതുപ്പള്ളി വഴിക്കു പോയെന്നു വി.എസ്. പറഞ്ഞത് ഭരണപക്ഷ നിരകളില്‍ നിന്നു പ്രതിഷേധത്തിനിടയാക്കി.


തങ്ങള്‍ വാക്കൌട്ട് ചെയ്യുന്നില്ലെന്നു പ്രഖ്യാപിച്ച വി.എസ്. പ്രതിഷേധം തുടരുമെന്നു പറഞ്ഞു വച്ചപ്പോഴേ പിന്‍നിരക്കാര്‍ നടുത്തളത്തിലെത്തി. പിന്നെ മുദ്രാവാക്യം വിളിയായി. ഇതിനിടെ സ്പീക്കര്‍ എന്‍. ശക്തന്‍ മറ്റു നടപടികള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിനു മുദ്രാവാക്യം വിളിച്ചു തൊണ്ട പൊളിക്കേണ്ടി വന്നില്ല. പതിനൊന്നോടെ സഭ പിരിഞ്ഞു.

പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ വിവരം സ്പീക്കര്‍ സഭയെ അറിയിച്ചു. മുന്‍കൂട്ടി രാജി നല്‍കിയിട്ടും അതു സ്വീകരിക്കാതെ അയോഗ്യനാക്കിയ നടപടിയെ പ്രതിപക്ഷത്തുനിന്ന് എ.കെ. ബാലന്‍ എതിര്‍ത്തു. ഇത്തരം കീഴ്വഴക്കങ്ങള്‍ പാര്‍ലമെന്റിലും മറ്റു നിയമസഭകളിലുമുണ്ടായിട്ടുണ്െടന്നു സ്പീക്കര്‍ വിശദീകരിച്ചു. സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. ഇതുകൊണ്െടാന്നും അടങ്ങാന്‍ ബാലന്‍ തയാറായിരുന്നില്ല. എന്നാല്‍, സ്പീക്കര്‍ അടിയന്തരപ്രമേയത്തിന്റെ നടപടിയിലേക്കു കടന്നതോടെ ബാലന്റെ പ്രതിഷേധം മെല്ലെ കെട്ടടങ്ങി.

ബജറ്റ്ദിനത്തില്‍ നിയമസഭയില്‍ അരങ്ങേറിയ അക്രമങ്ങളുടെ പേരില്‍ ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ കേസെടുത്ത സംഭവം കോടിയേരിയുടെ പ്രസംഗത്തിനിടെ ചെറുതായി പരാമര്‍ശിച്ചു വിട്ടു.

എന്തുതന്നെ ചെയ്താലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നു തങ്ങളെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍. ഈ വിഷയം മറ്റൊരവസരത്തിലേക്കു മാറ്റിവച്ചുകൊണ്ടു പ്രതിപക്ഷം കരുതിയിരിക്കുകയാണെന്നു വിചാരിക്കണം.

ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചുകൊടുക്കാനുള്ള മന്ത്രിസഭാകുറിപ്പില്‍ തുക തിരുത്തി എഴുതിയിട്ടുണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗത്തിനിടെ ആരോപിച്ചു. മന്ത്രിസഭാ രേഖ കോടിയേരി എങ്ങനെ കണ്െട ന്നായി മന്ത്രി കെ. ബാബു. അന്നു നിങ്ങളുടെ മന്ത്രിസഭയിലുണ്ടായിരുന്ന എല്ലാവരും ഇപ്പോള്‍ ഒപ്പമില്ലെന്ന് ഓര്‍മിച്ചാല്‍ കൊള്ളാമെന്നായിരുന്നു കോടിയേരിയുടെ മറുപടി. ബാര്‍കോഴ കേസിന്റെ പേരില്‍ രാജിവച്ച കെ.എം. മാണി ഏതായാലും പ്രതിപക്ഷത്തെ സഹായിക്കുമെന്നു കരുതാന്‍ ന്യായമില്ല. പിന്നെ മുന്‍മന്ത്രി എന്നു പറയാന്‍ ഇപ്പോള്‍ പ്രതിപക്ഷത്തുള്ള കെ.ബി. ഗണേഷ്കുമാര്‍ മാത്രമേയുള്ളു. കോടിയേരി ആരുടെയും പേരു പറഞ്ഞില്ല. ചൂണ്ടിക്കാണിച്ചുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.