സോളാര്‍: മന്ത്രിമാര്‍ക്കു പണം നല്‍കിയതായി ബിജു രാധാകൃഷ്ണന്‍
സോളാര്‍: മന്ത്രിമാര്‍ക്കു പണം നല്‍കിയതായി ബിജു രാധാകൃഷ്ണന്‍
Tuesday, December 1, 2015 12:40 AM IST
കൊച്ചി: ടീം സോളാര്‍ എനര്‍ജി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിനു കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അംഗീകാരം ലഭിക്കാനായി മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനു രണ്ടു തവണയായി 35 ലക്ഷം രൂപ നല്‍കിയതായി സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് 15 ലക്ഷവും അന്നു മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറിന് 40 ലക്ഷവും നല്‍കിയെന്നുമാണു മൊഴി.

കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണു രണ്ടു തവണയും പണം നല്‍കിയത്. ആദ്യം 25 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നവ-അക്ഷയ ഊര്‍ജ മന്ത്രാലയത്തിന്റെയും (എംഎന്‍ആര്‍ഇ) സംസ്ഥാന നോഡല്‍ ഏജന്‍സിയായ അനര്‍ട്ടിന്റെയും ചാനല്‍ പാര്‍ട്ണറായി പ്രവര്‍ത്തിക്കാനുള്ള അംഗീകാരം ലഭിക്കുന്നതിനു വേണ്ടിയാണു പണം നല്‍കിയത്. ഈ ആവശ്യവുമായി കേന്ദ്രമന്ത്രിമാരായിരുന്ന കെ.സി. വേണുഗോപാലിനെയും കൊടിക്കുന്നില്‍ സുരേഷിനെയും സമീപിച്ചിരുന്നു.

കെ.സി. വേണുഗോപാലിനെ സമീച്ചത് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ആലപ്പുഴ പഴവീട് സ്വദേശിയായ നാഗരാജന്‍ മുഖേനയാണ്. നാഗരാജന്‍ തന്റെ ബന്ധു കൂടിയാണ്.

കെ.സി. വേണുഗോപാലിനെ ആലപ്പുഴയിലെ വീട്ടില്‍ വച്ച് രണ്ടു വട്ടവും ഒരു തവണ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും മറ്റൊരു വട്ടം നെടുമ്പാശേരി വിമാനത്താവളത്തിന്റെ ലോഞ്ചില്‍ വച്ചും കണ്ടിരുന്നു. ആവശ്യം സാധിച്ചുതരാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിനു ചില ചെലവുകളുണ്െടന്നു നാഗരാജന്‍ വഴി അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പണം കൈമാറിയത്.

കമ്പനിക്ക് സര്‍ക്കാര്‍ തലത്തിലെ സഹകരണവും പദ്ധതികളും വാഗ്ദാനം ചെയ്താണു ഗണേഷ് കുമാര്‍ 40 ലക്ഷവും ആര്യാടന്‍ മുഹമ്മദ് 15 ലക്ഷവും വാങ്ങിയതെന്നും ബിജു രാധാകൃഷ്ണന്‍ കമ്മീഷനെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍നിന്ന് എല്ലാവിധ സഹായവും ലഭ്യമായിരുന്നെന്നും ബിജു പറഞ്ഞു.


സോളാറിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ മന്ത്രിമാരെ പങ്കെടുപ്പിക്കാന്‍ മന്ത്രിയൊന്നിനു മൂന്നു ലക്ഷം വീതം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജോപ്പന്‍ വാങ്ങിയിരുന്നു. നാലു കോടിയില്‍ പരം രൂപയുടെ നാലു പദ്ധതികള്‍ ലഭ്യമാക്കാമെന്ന ധാരണയില്‍ ഗണേഷ് കുമാര്‍ പാര്‍ട്ടി ഫണ്ടിലേക്കെന്നു പറഞ്ഞാണു പണം വാങ്ങിയത്. ഗണേഷ് കുമാര്‍ നിര്‍ദേശിച്ചതനുസരിച്ചു തുക മനോജ്, പ്രദീപ് എന്നിവര്‍ക്കു കൈമാറുകയായിരുന്നു. എറണാകുളം സെമിത്തേരിമുക്കിലെ ടീം സോളാര്‍ ഓഫീസില്‍ എത്തി അവര്‍ പണം കൈപ്പറ്റി.

സരിതയുമായി ഗണേഷ് ബന്ധം പുലര്‍ത്തിയിരുന്നു. ഇതു പലവട്ടം താന്‍ പിടികൂടിയിട്ടുണ്ട്. ഇതേച്ചൊല്ലി സരിതയുമായുണ്ടായ പ്രശ്നങ്ങളാണു സോളാര്‍ കമ്പനി തകരാന്‍ ഇടയാക്കിയത്. ഈ ബന്ധത്തില്‍നിന്നു സരിതയെ മോചിപ്പിച്ചെടുക്കാന്‍ എം.ഐ. ഷാനവാസ് എംപിയെ അടക്കം സമീപിച്ച് ഒത്തുതീര്‍പ്പു നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

വൈദ്യുതി ബോര്‍ഡ് ഓഫീസുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ തയാറാക്കിയ പദ്ധതി അനുവദിച്ചുതരാമെന്ന ധാരണയിലാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിനു പണം നല്‍കിയത്. പി.എ. കേശവന്‍ നിര്‍ദേശിച്ചതനുസരിച്ചു കോട്ടയത്തു സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തിനു മന്ത്രി എത്തിയപ്പോഴാണു നേരില്‍ കണ്ടത്. ചടങ്ങില്‍ ടീം സോളാറിന്റെ പേരു മന്ത്രി എടുത്തുപറഞ്ഞിരുന്നു. തുടര്‍ന്നു കേശവന്‍ പറഞ്ഞതനുസരിച്ചു തുക മന്ത്രിയുടെ കാറില്‍ വയ്ക്കുകയായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ കമ്മീഷനെ അറിയിച്ചു.

മുഖ്യമന്ത്രിയെ 2011 മുതല്‍ തനിക്കു നേരിട്ട് അറിയാമെന്നും ബിജു മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജോപ്പനാണ് എല്ലാ വകുപ്പുകളിലും ബന്ധപ്പെട്ടു ടീം സോളാറിനു വേണ്ടി കാര്യങ്ങള്‍ ചെയ്തിരുന്നത്. മന്ത്രിമാരെ പങ്കെടുപ്പിക്കാന്‍ മൂന്നു ലക്ഷം വീതം നിശ്ചയിക്കുകയും ഈ തുക ജോപ്പന്‍ കൈപ്പറ്റുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.