വെള്ളാപ്പള്ളിക്കെതിരേ രമേശ് ചെന്നിത്തല
വെള്ളാപ്പള്ളിക്കെതിരേ രമേശ് ചെന്നിത്തല
Tuesday, December 1, 2015 12:39 AM IST
തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്രയ്ക്കിടെ ആലുവയില്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കേസെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.മതവിദ്വേഷം തടയുന്ന 153 (എ) വകുപ്പു പ്രകാരം ആലുവ പോലീസാണ് കേസെടുത്തത്. ആലുവ പോലീസ് വിശദമായ അന്വേഷണം നടത്തും.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ടി.എന്‍. പ്രതാപന്‍ എംഎല്‍എ എന്നിവര്‍ ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന, മറ്റു പലരും നല്‍കിയ പരാതി എന്നിവയും പരിഗണിച്ചു. വിവിധ കോണുകളില്‍നിന്ന് സംഭവത്തിനെതിരേ നടപടിയെടുക്കണമെന്ന് ശക്തമായ ആവശ്യമാണ് ഉയര്‍ന്നത്. പരാതികളെല്ലാം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

അതേസമയം സമത്വമുന്നേറ്റയാത്ര തടയാന്‍ ഉദ്ദേശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. വര്‍ഗീയത ആളിക്കത്തിച്ചു ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ സമ്മതിക്കില്ല. മതവിദ്വേഷം വളര്‍ത്തുന്നതു തടയാനുള്ള ബാധ്യത സര്‍ക്കാര്‍ നിറവേറ്റുന്നു. കേരളത്തില്‍ ജാതീയതയും വര്‍ഗീയതയും വളര്‍ത്തി ജനങ്ങളെ വേര്‍തിരിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും മാത്രമേ വെള്ളാപ്പള്ളിയുടെ ഇത്തരം പ്രസ്താവനകള്‍ സഹായിക്കൂ.


ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജന്‍ഡയാണ് വെള്ളാപ്പള്ളി നടേശന്‍ നടപ്പാക്കുന്നത്. വെള്ളാപ്പള്ളിക്കു വര്‍ഗീയതയുടേയും ജാതീയതയുടേയും വൈറസ് ബാധിച്ചിരിക്കുകയാണ്. ഇതിനു കേരളത്തിലെ ജനങ്ങള്‍ മറുപടി പറയും. ജാതിയും മതവും നോക്കിയാണു കോഴിക്കോട്ടു രണ്ടുപേരെ രക്ഷിക്കാനിറങ്ങി മരിച്ച നൌഷാദിന്റെ കുടുംബത്തിന് ആനുകൂല്യം നല്‍കിയതെന്ന പ്രസ്താവന ദൌര്‍ഭാഗ്യകരമാണ്. ഈ പ്രസ്താവനയെ കേരളം ഒറ്റക്കെട്ടായി അപലപിക്കണം. ഇത്തരം നികൃഷ്ടമായ സമീപനം അംഗീകരിക്കാനാകില്ല. വെള്ളാപ്പള്ളി നടേശന്‍ കേരളത്തില്‍ ജാതിസ്പര്‍ധയും വര്‍ഗീയസ്പര്‍ധയും വളര്‍ത്തുകയാണ്.

മൈക്രോ ഫിനാന്‍സ് ഇടപാടില്‍ ആറുകോടി രൂപയുടെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.