മുഖപ്രസംഗം: പാരീസില്‍നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാം
Tuesday, December 1, 2015 11:16 PM IST
കാലാവസ്ഥാവ്യതിയാനത്തില്‍ ഭൂമിക്കു സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ആശങ്ക പങ്കുവച്ചാണു പാരീസില്‍ കാലാവസ്ഥാ ഉച്ചകോടി തുടങ്ങിയത്. ഇന്നലെ ആരംഭിച്ച ഉച്ചകോടിയില്‍ 195-ലേറെ രാഷ്ട്രനേതാക്കളും 40,000 പ്രതിനിധികളും പങ്കെടുക്കുന്നു എന്നതുകൊണ്ടുതന്നെ ലോകത്തിന്റെ ശ്രദ്ധാവിഷയമായി ഇതു മാറിക്കഴിഞ്ഞു. ഭാവി തലമുറയ്ക്കു ജീവിക്കാന്‍ ഭൂമി അവശേഷിക്കുമോ എന്ന ആശങ്കയില്‍ കഴിയുന്ന ലോകം വലിയ പ്രതീക്ഷയോടെയാണ് ഉച്ചകോടിയെ നോക്കിക്കാണുന്നത്. പന്ത്രണ്ടു ദിവസത്തെ മഹാസമ്മേളനത്തിന്റെ ഒടുവില്‍ മാനവകുലത്തിനു സന്തോഷിക്കാന്‍ വകനല്‍കുന്ന ഉടമ്പടി ഒപ്പുവയ്ക്കപ്പെടുമെന്നുതന്നെയാണു കണക്കുകൂട്ടല്‍.

പ്രകൃതിയുടെ സന്തുലനാവസ്ഥ കണക്കിലെടുക്കാതെയുള്ള വ്യവസായവത്കരണവും അശാസ്ത്രീയ വികസനപദ്ധതികളുമാണു ഭൂമിയെ മരണക്കിടക്കയിലെത്തിച്ചിരിക്കുന്നത്. നിബന്ധനകളൊന്നും പാലിക്കപ്പെടാതെ സ്ഥാപിച്ച ഫാക്ടറികളില്‍നിന്നും ആവശ്യത്തിലേറെ നിര്‍മിച്ചു പുറത്തിറക്കുന്ന വാഹനങ്ങളില്‍നിന്നും കണക്കില്ലാതെ പുറത്തേക്കു തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങള്‍ ഭൂമിയുടെ ചരമഗീതമെഴുതുന്നു. അപകടകരമായ ഈ വാതകങ്ങളെ കുറെയെങ്കിലും നിയന്ത്രിച്ചുനിര്‍ത്തിയിരുന്ന മരങ്ങള്‍ ലാഭക്കൊതി മൂത്ത മനുഷ്യര്‍ വെട്ടിവീഴ്ത്തുകയും ചെയ്യുന്നതിനാല്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം വന്നുകഴിഞ്ഞു. സഹിക്കാനാവാത്ത ചൂടും മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വരള്‍ച്ചയും തുടരെത്തുടരെയുണ്ടാകുന്ന കാട്ടുതീയും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകലും കാലംതെറ്റി പെയ്യുന്ന മഴയുമൊക്കെ ഭൂമിക്കു വരാനിരിക്കുന്ന ആപത്തിന്റെ സൂചനകളാണ്. ഭൂമിയില്‍ ചൂടു ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ഫലമാണ് ഈ കാലാവസ്ഥാ മാറ്റങ്ങളത്രയും.

വ്യവസായ വിപ്ളവത്തിനു മുമ്പുള്ള ശരാശരി ആഗോള താപനിലയാണു ഭൂമിയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് ആവശ്യം. എന്നാല്‍, അതിലേക്കു മടങ്ങിപ്പോകുക അത്ര പ്രായോഗികമല്ലെന്നു മനസിലാക്കിയതിനെത്തുടര്‍ന്ന് 1995-ല്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ ആദ്യത്തെ കാലാവസ്ഥാ ഉച്ചകോടി വിളിച്ചുകൂട്ടി. ഇപ്പോഴുള്ളതിനേക്കാള്‍ ചൂട് രണ്ടു ഡിഗ്രി കൂടിയാല്‍പ്പോലും അതു ഭൂമിയുടെ മരണത്തിനു കാരണമാകുമെന്നു കണ്െടത്തിയ ശാസ്ത്രസമൂഹം പ്രശ്നം ആഗോളസമൂഹത്തിനു മുന്നിലെത്തിച്ചു. ഇങ്ങനെപോയാല്‍ 2060 ആകുമ്പോഴേക്കും ചൂട് അഞ്ചു ഡിഗ്രി വരെ കൂടിയേക്കാമെന്ന മുന്നറിയിപ്പും ശാസ്ത്രലോകം നല്‍കി. അങ്ങനെ 1997-ല്‍ ചരിത്രപ്രസിദ്ധമായ ക്യോട്ടോ ഉച്ചകോടി കൂടി. ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന ആ സമ്മേളനം ഒപ്പുവച്ച ഉടമ്പടി, അന്തരീക്ഷ താപനില വര്‍ധിക്കാന്‍ ഇടവരുത്തുന്ന വാതകങ്ങളുടെ ബഹിര്‍ഗമനം 37 വ്യവസായവത്കൃത സമ്പന്ന രാഷ്ട്രങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നു നിര്‍ദേശിച്ചു. എന്നാല്‍, ആ നിര്‍ദേശത്തോട് അനുകൂലമായല്ല വ്യവസായ രാഷ്ട്രങ്ങള്‍ പ്രതികരിച്ചത്. ഫാക്ടറികളും വ്യവസായശാലകളും കണക്കില്ലാതെ പെരുകിക്കൊണ്ടിരുന്നു. അന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന മാരക വാതകങ്ങളുടെ അളവ് ഓരോ വര്‍ഷവും കൂടിക്കൂടി വന്നു. അതനുസരിച്ച് ഭൂമിയുടെ ചൂട് വര്‍ധിച്ചുവരുകയും ചെയ്യുന്നു. ആ പശ്ചാത്തലാണു പാരീസ് ഉച്ചകോടി നടക്കുന്നത്.


ഇതിനുമുമ്പു നടന്ന എല്ലാ ഉച്ചകോടികളിലും സമ്പന്ന രാഷ്ട്രങ്ങള്‍ തങ്ങളുടെ വ്യവസായ അനുകൂല നിലപാടുകളില്‍ ഉറച്ചുനിന്നു. വികസ്വര-അവികസിത രാഷ്ട്രങ്ങള്‍ കൂടുതല്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനെ അവര്‍ എതിര്‍ക്കുകയും ചെയ്തു. വികസ്വര- അവികസിത രാഷ്ട്രങ്ങള്‍ മനസുവച്ചാല്‍ അന്തരീക്ഷത്തിലേക്കുള്ള വാതക ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ വാദിച്ചു. ദാരിദ്യ്രവും പട്ടിണിയും മൂലം പൊറുതിമുട്ടുന്ന രാഷ്ട്രങ്ങള്‍ എല്ലാക്കാലത്തും തങ്ങളുടെ ആശ്രിതരായി കഴിയണമെന്നുള്ള നിലപാടിനും പിന്നിലുണ്ട് ഒരു ദുരുദ്ദേശ്യം. പല ഉച്ചകോടികളും ഫലത്തില്‍ പരാജയപ്പെടാന്‍ ഇടയായതിന്റെ ഒരു കാരണമിതാണ്. സമ്പന്ന രാഷ്ട്രങ്ങള്‍ തങ്ങളുടെ വ്യവസായ ശാലകളില്‍ നിന്നു പുറന്തള്ളുന്ന വാതകങ്ങളുടെ അളവു നിയന്ത്രിക്കാന്‍ തയാറാകാത്തിടത്തോളം കാലം പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാന്‍ കഴിയില്ലെന്നു വ്യക്തം.

ഇക്കാര്യത്തില്‍ ഇന്ത്യയെയാണു സമ്പന്ന രാഷ്ട്രങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. വികസ്വര- അവികസിത രാഷ്ട്രങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തി സമ്പന്ന രാഷ്ട്രങ്ങളുടെ നിലപാടിനെ ചോദ്യംചെയ്യാനുള്ള ഇന്ത്യയുടെ കരുത്തിനെ അവര്‍ ഭയപ്പെടുന്നു. കാലാവസ്ഥാ നീതി എന്നൊരു പ്രയോഗംതന്നെ അന്താരാഷ്ട്ര വേദികളില്‍ കൊണ്ടുവരാന്‍ ഇന്ത്യക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി കൂടുതല്‍ സമ്പത്തുണ്ടാക്കാനുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ നിലപാടിനെ ഇന്ത്യ എതിര്‍ക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരു പറഞ്ഞു ദരിദ്രരാഷ്ട്രങ്ങള്‍ എന്നും അങ്ങനെതന്നെ തുടരണമെന്ന സമീപനം ശരിയല്ലെന്നും ഇന്ത്യ വാദിക്കുന്നു. എല്ലാ രാഷ്ട്രങ്ങള്‍ക്കും അവകാശപ്പെട്ടതാണു ഭൂമി. ആ ഭൂമിയെ രക്ഷിക്കാന്‍ നീതിയില്‍ അധിഷ്ഠിതമായ നിലപാട് എല്ലാവരും സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഈ ഉച്ചകോടിയില്‍ അംഗീകരിക്കപ്പെടുമെന്നാണു കരുതപ്പെടുന്നത്.

ഭൂമിയെ രക്ഷിക്കാന്‍ ഉച്ചകോടികളും ഉടമ്പടികളും നിയമങ്ങളും മാത്രം പോരാ. അതിനു സമൂഹങ്ങള്‍ മുന്നിട്ടിറങ്ങുകയും ഓരോ വ്യക്തിയും മനസുവയ്ക്കുകയും വേണം. 'കുപ്പത്തൊട്ടിയായി ഭൂമിയെ കാണുന്ന' നമ്മുടെ സമീപനം മാറണം. പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. അന്തരീക്ഷത്തെ നശിപ്പിക്കുന്നതൊന്നും തന്റെ പക്കല്‍ നിന്ന് ഉണ്ടാവില്ലെന്ന് ഓരോ വ്യക്തിയും നിശ്ചയിക്കണം. ഭൂമിയെ മാലിന്യവിമുക്തയാക്കുകയെന്ന കടമ നിര്‍വഹിക്കുന്നതില്‍ ഗ്രാമീണരെന്നോ നഗരവാസികളെന്നോ വ്യത്യാസമുണ്ടാകേണ്ട കാര്യമില്ല. മരണാസന്നയായ ഭൂമിയുടെ രക്ഷയ്ക്കു രാജ്യങ്ങളെല്ലാം, മനുഷ്യരെല്ലാം, കൈകോര്‍ക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.