വാട്സ് ആപ് വിവാദം: എഡിജിപി അന്വേഷണം തുടങ്ങി
Monday, November 30, 2015 12:49 AM IST
കോഴിക്കോട്: വാട്സ് ആപ് വിവാദത്തില്‍പ്പെട്ട് നടക്കാവ് പോലീസ് സ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.പി.ഷാജി (43) ജീവനൊടുക്കാനിടയായ സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എഡിജിപി നിതിന്‍ അഗര്‍വാള്‍ അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എഡിജിപി നേരിട്ട് അന്വേഷിക്കുന്നത്. അന്വേഷണം ആരംഭിച്ചതായും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എഡിജിപി ദീപികയോട് പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷണര്‍ പി.എ. വത്സനാണ് ഷാജിയെ സസ്പെന്‍ഡ് ചെയ്തത്. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സമ്മര്‍ദപ്രകാരമാണ് സസ്പെന്‍ഷന്‍ നടപ്പാക്കിയതെന്ന ആരോപണത്തെ തുടര്‍ന്നാണ് എഡിജിപി നേരില്‍ അന്വേഷിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്‍ ഡിഐജി റാങ്കിലുള്ള ആളായതിനാല്‍ ചട്ടപ്രകാരം കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് അന്വേഷിക്കാനാവില്ല.

സിറ്റി പോലീസ് കമ്മീഷണര്‍, സ്പെഷല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മീഷണര്‍ പി.എ. ബാലന്‍, വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയതായി സംശയിക്കുന്ന സേനാംഗം തുടങ്ങിയവരില്‍ നിന്ന് എഡിജിപി ഇന്നു മൊഴി എടുക്കുമെന്നറിയുന്നു. വിവാദചിത്രം ഷാജി പോസ്റ് ചെയ്ത വാട്സ് ആപ് ഗ്രൂപ്പില്‍ എസ്പിസി നോഡല്‍ ഓഫീസര്‍ പി. വിജയന്‍, ജഡ്ജിമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

ഗ്രൂപ്പില്‍ എത്തിയ ചിത്രം സിറ്റി പോലീസ് കമ്മീഷണര്‍ കണ്ടിരുന്നു. ചിത്രം തെളിവായതിനാല്‍ ഉടന്‍തന്നെ സസ്പെന്‍ഡ് ചെയ്യാവുന്നതാണെങ്കിലും ഷാജിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷണര്‍ പെട്ടെന്നുള്ള നടപടി ഒഴിവാക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിനായി സ്പെഷല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി. ചിത്രം ഷാജിയുടെ ഫോണില്‍നിന്ന് ഗ്രൂപ്പില്‍ എത്തിയതായി അദ്ദേഹം റിപ്പോര്‍ട്ട് നല്കി.


ഇതിനിടെ ഇത്തരത്തിലൊരു ചിത്രം പോസ്റ് ചെയ്തിട്ടും ഷാജിയെ പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ഗ്രൂപ്പിലെ ചിലര്‍ കമന്റ് ചെയ്തു. ചിത്രവും കമന്റും ചിലര്‍ മറ്റു ഗ്രൂപ്പുകളിലേക്കും വ്യക്തികള്‍ക്കും ഫോര്‍വേര്‍ഡ് ചെയ്തു. ഷാജിക്കെതിരെ നടപടിയെടുക്കണമെന്നു ഗ്രൂപ്പിലെ ഒരമ്മ, ഡിഐജി റാങ്കിലുള്ള ഓഫീസറോട് ആവശ്യപ്പെട്ടത്രെ. ഷാജിക്കു കൈയബദ്ധം സംഭവിച്ചതാണെന്നു കമ്മീഷണര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഉന്നത ഓഫീസര്‍ സമ്മതിച്ചില്ല. അന്നുതന്നെ സസ്പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം കമ്മീഷണറോടു നിര്‍ദേശിച്ചുവത്രെ.

കമ്മീഷണര്‍ ഓഫീസില്‍നിന്നു സസ്പെന്‍ഷന്‍ ഉത്തരവ് കൈപ്പറ്റിയ ഷാജി വീട്ടില്‍ എത്തിയതിനു പിന്നാലെ സംഭവം പുറംലോകമറിഞ്ഞതാണ് ആത്മഹത്യക്കു കാരണമെന്ന് ഓഫീസര്‍മാര്‍ സമ്മതിക്കുന്നു. സസ്പെന്‍ഷന്‍ വിവരം സേനാംഗം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്കിയില്ലായിരുന്നെങ്കില്‍ ഷാജി കടുംകൈക്കു മുതിരില്ലായിരുന്നു എന്നും ഓഫീസര്‍മാര്‍ സമ്മതിക്കുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍, സ്പെഷല്‍ ബ്രാഞ്ച് അസിസ്റന്റ് കമ്മീഷണര്‍ തുടങ്ങിയവരെ കുറ്റക്കാരാക്കി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്കിയതായാണറിവ്. സസ്പെന്‍ഷനു കമ്മീഷണറെ നിര്‍ബന്ധിച്ച ഉന്നതനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒരു പരാമര്‍ശവുമില്ല. ഇതേക്കുറിച്ചും എഡിജിപി അന്വേഷണം ആരംഭിച്ചു.

കൈയബദ്ധം മൂലം സംഭവിച്ച കുറ്റത്തിന്റെ പേരില്‍ ഷാജിയെ സസ്പെന്‍ഡ് ചെയ്തതു വഴി ഒരു കുടുംബത്തെ അനാഥമാക്കിയ നടപടിയില്‍ സിറ്റി പോലീസില്‍ അഗ്നിപര്‍വതം പുകയുകയാണ്. ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായി പ്രതികരിക്കാന്‍ പോലീസിലെ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.