ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണം: കെഇഎസ്എ
Monday, November 30, 2015 1:13 AM IST
മലപ്പുറം: ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അപാകതകള്‍ പരിഹരിച്ച് ഉടന്‍ നടപ്പാക്കണമെന്നു കേരള എന്‍ജിനിയറിംഗ് സ്റാഫ് അസോസിയേഷന്‍ (കെഇഎസ്എ) സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന വികസനത്തില്‍ നിര്‍ണായക പങ്കുളള എന്‍ജിനിയറിംഗ് വിഭാഗം ഇന്നു അവഗണനയിലാണ്. സാങ്കേതിക പരിജ്ഞാന യോഗ്യത ആവശ്യമുളള ഈ തസ്തികകളില്‍ ക്ളറിക്കല്‍ സ്റാഫിനുളള ശമ്പളം മാത്രം മതിയെന്ന പത്താം ശമ്പളകമ്മീഷന്‍ നിര്‍ദേശങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.

ഗസറ്റ് തസ്തികളിലേക്കുളള സ്ഥാനക്കയറ്റം എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുളള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി. പൊതുമരാമത്ത് വകുപ്പിലെ മരാമത്ത് പണികള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത് നിര്‍ത്തലാക്കുക, ഓവര്‍സിയര്‍, ഡ്രാഫ്റ്റ് മാന്‍ തസ്തികകളുടെ നിലവിലെ പ്രമോഷന്‍ സമ്പ്രദായം തുടരുക, നിര്‍മാണ മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുക, ഓരോ ജില്ലയിലും പ്രത്യേകം ഇലക്ട്രിക്കല്‍ വിഭാഗം രൂപീകരിക്കുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാര്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ അനുവദിക്കുക, എല്‍എസ്ജിഡി വിഭാഗത്തിലെ സാങ്കേതിക വിഭാഗം ഒഴിവുകള്‍ നികത്തുക, ജലസേചനം, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ ആവശ്യമില്ലെന്ന പത്താം ശമ്പള കമ്മീഷന്‍ നിര്‍ദേശങ്ങള്‍ തളളുക, എല്‍എസ്ജിഡിയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇ - ടെന്‍ഡര്‍ രീതിയില്‍ ക്രമീകരിക്കുക, ഓവര്‍സിയര്‍ തസ്തികകളിലെ ശമ്പള സ്കെയിലുകള്‍ ഉയര്‍ത്തുക, തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ ഉയര്‍ന്നു.


സംസ്ഥാന ഭാരവാഹികളായി എച്ച്.സിദ്ദിഖ് (പ്രസിഡന്റ്, പാലക്കാട്) എന്‍. രാധേഷ് (ജനറല്‍ സെക്രട്ടറി, ആലപ്പുഴ), പി.കുഞ്ഞിമാമു (ട്രഷറര്‍, മലപ്പുറം) എന്നിവരെ തെരഞ്ഞെടുത്തു. പി.എ രാജീവ് (എറണാംകുളം), എ. നാസര്‍ (ആലപ്പുഴ), എ.കെ. സജി (കാസര്‍ഗോഡ്) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. എസ്.ആര്‍. രാകേഷ് (തിരുവനന്തപുരം), പി. സുരേഷ് ബാബു(പാലക്കാട്),പി.ആര്‍. മധു(ആലപ്പുഴ),ജോയിന്റ് സെക്രട്ടറിമാര്‍. 20 അംഗ സെക്രട്ടറിയറ്റിനെയും 65 അംഗ സംസ്ഥാന കമ്മിറ്റിയെയും 105 അംഗ സംസ്ഥാന കൌണ്‍സിലിനെയും സമ്മേളനം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ടി. സുബൈര്‍ നിയന്ത്രിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.