സ്വകാര്യ മേഖലയിലെ സ്പെഷല്‍ സ്കൂളുകള്‍ എയ്ഡഡ് ആക്കും: മുഖ്യമന്ത്രി
സ്വകാര്യ മേഖലയിലെ സ്പെഷല്‍ സ്കൂളുകള്‍ എയ്ഡഡ്  ആക്കും: മുഖ്യമന്ത്രി
Monday, November 30, 2015 1:12 AM IST
കൊച്ചി: കേരളത്തില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്കൂളുകള്‍ എയ്ഡഡ് ആക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നൂറു വിദ്യാര്‍ഥികളുള്ള സ്പെഷല്‍ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 50 വിദ്യാര്‍ഥികളുള്ള വിദ്യാലയങ്ങള്‍ രണ്ടാംഘട്ടമായും 25 കുട്ടികളുള്ള സ്കൂളുകള്‍ മൂന്നാം ഘട്ടമായും എയ്ഡഡ് ആക്കും. എറണാകുളത്ത് പ്രത്യാശ ഫൌണ്േടഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച, ഭിന്നശേഷിക്കാര്‍ അണിനിരക്കുന്ന മെഗാഷോ ഗ്രൂപ്പായ ഫ്ളൈ വിംഗ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാര്‍ക്ക് ഗവണ്‍മെന്റ് ജോലികളില്‍ മൂന്നു ശതമാനം സംവരണമാണ് നിലവിലുള്ളത്. എന്നാല്‍, ഈ സര്‍ക്കാര്‍ 2677 പേര്‍ക്കുകൂടി ജോലി സ്ഥിരപ്പെടുത്തികൊടുത്തു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ വിതരണം ചെയ്യും. ഇതിനായി 25,000 രൂപ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി നല്‍കും. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്െടത്തും.


ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി മിനി മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് മാത്യു, മെഡിമിക്സ് ഗ്രൂപ്പ് പ്രതിനിധി ടി.സുരേഷ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ നടന്ന പരിപാടിയില്‍ പ്രത്യാശ ഫൌണ്േടഷന്‍ ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ് അധ്യക്ഷനായിരുന്നു. മന്ത്രി കെ.ബാബു, എംഎല്‍എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍ തുടങ്ങിവര്‍ പങ്കെടുത്തു.

ഫ്ളൈവിംഗ്സിന്റെ ഗായിക വൈക്കം വിജയലക്ഷ്മി, ബാബു കായംകുളം, ലൈല ഷാജി, മനോജ് മണവാളന്‍, ബഷീര്‍ കളമശേരി തുടങ്ങിയ കലാകാരന്മാര്‍ അണിനിരന്ന കലാപരിപാടികളും നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.