അടിയന്തരാവസ്ഥ വിരുദ്ധസമരത്തില്‍ കമ്യൂണിസ്റുകള്‍ക്കു പങ്കില്ല: ഒ. രാജഗോപാല്‍
അടിയന്തരാവസ്ഥ വിരുദ്ധസമരത്തില്‍ കമ്യൂണിസ്റുകള്‍ക്കു പങ്കില്ല: ഒ. രാജഗോപാല്‍
Monday, November 30, 2015 1:06 AM IST
കൂത്തുപറമ്പ് (കണ്ണൂര്‍): കമ്യൂണിസ്റുകള്‍ക്ക് അടിയന്തരാവസ്ഥ വിരുദ്ധ സമരത്തില്‍ യാതൊരു പങ്കുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍. കൂത്തുപറമ്പില്‍ അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംഘടിപ്പിച്ച ജില്ലാ സംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ധ്വംസനത്തിനെതിരേ ഒന്നും ചെയ്യാത്ത ചിലര്‍ അടിയന്തരാവസ്ഥയ്ക്കെതിരായ സമരഭടന്‍മാരെന്നു പറഞ്ഞ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ ഫാസിസത്തിനെതിരേയുള്ളതാണെന്നും ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാനുള്ളതല്ലെന്നും അതിനാല്‍ സ്വയം പിന്മാറുകയാണെന്നും പ്രഖ്യാപിച്ചവരാണു സിപിഎമ്മുകാര്‍. സിപിഎമ്മിന്റെ ആചാര്യനായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടുതന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഈ തീരുമാനത്തിന് എകെജി എതിരായിരുന്നുവെന്നും രാജഗോപാല്‍ ഓര്‍മിപ്പിച്ചു.

അടിയന്തരാവസ്ഥ നാളുകളിലെ ഭീകരതയെ തിരിച്ചറിയാത്തവര്‍ ഇന്നു രാജ്യത്തില്ലാത്ത അസഹിഷ്ണുതയെക്കുറിച്ചു വാചാലരാവുകയാണ്. അവര്‍ കള്ളവാര്‍ത്തകള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചു ലോകം മുഴുവന്‍ പ്രചരിപ്പിച്ചു കുപ്രചാരണം നടത്തുന്നു.


നിസാര കൊലപാതകത്തെപോലും പര്‍വതീകരിച്ചു അസഹിഷ്ണുത വളരുന്നുവെന്നു പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും മുലായം സിംഗിന്റെ പുത്രന്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. -രാജഗോപാല്‍ പറഞ്ഞു. ചടങ്ങില്‍ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.മോഹനന്‍ അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ.ഗിരീഷ്, ബിജെപി മേഖലാ പ്രസിഡന്റ് പി.രാഘവന്‍, ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, കെ.സി.ബാലന്‍, കെ.സി. കണ്ണന്‍, എ.ദാമോദരന്‍, വി.രവീന്ദ്രന്‍, കെ.എന്‍.നാരായണന്‍, കെ.ദാമോദരന്‍, എ.പി.പത്മിനി, യു.മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.