കെ.എം. റോയിയുടെ സംഭാവനകള്‍ വിലമതിക്കാനാകാത്തത്: മുഖ്യമന്ത്രി
കെ.എം. റോയിയുടെ സംഭാവനകള്‍ വിലമതിക്കാനാകാത്തത്: മുഖ്യമന്ത്രി
Monday, November 30, 2015 1:04 AM IST
കൊച്ചി: പ്രതിബദ്ധതയാര്‍ന്ന മാധ്യമപ്രവര്‍ത്തനത്തിലൂടെ കെ.എം. റോയ് സമൂഹത്തിനു നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹികമായ കാഴ്ചപ്പാടിലൂന്നിയ പത്രപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ഈ പ്രവര്‍ത്തനങ്ങളെ സമൂഹം അംഗീകരിച്ചതിനു തെളിവാണ് അദ്ദേഹത്തെ തേടിയെത്തുന്ന അംഗീകാരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമരംഗത്തു സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വദേശാഭിമാനി കേസരി പുരസ്കാരം കെ.എം. റോയിക്കു സമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിന്റെ പിന്‍മുറക്കാരനായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിലൂടെ ചരിത്രം കുറിക്കാന്‍ കെ.എം. റോയിക്കു കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷതവഹിച്ച മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ശക്തമായ വിമര്‍ശനശൈലിയില്‍ വാര്‍ത്തകളുടെ നിജസ്ഥിതി വായനക്കാരിലെത്തിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍, ദൃശ്യമാധ്യമരംഗത്ത് ഇന്നു കണ്ടുവരുന്ന ശൈലി എത്രമാത്രം അഭിലഷണീയമാണെന്നു സ്വയം ചിന്തിക്കേണ്ടതുണ്ട്. വാണിജ്യറേറ്റിംഗിനായുള്ള മത്സരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ സത്യം തമസ്കരിക്കാന്‍ മടിക്കുന്നില്ല. ബ്രേക്കിംഗ് ന്യൂസ് സംസ്കാരത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ബലികഴിക്കപ്പെടുകയാണെന്നു മന്ത്രി ജോസഫ് പറഞ്ഞു.


മന്ത്രി കെ.ബാബു മേയര്‍ സൌമിനി ജെയിന്‍, പ്രഫ.കെ.വി. തോമസ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി, അഡീഷണല്‍ ഡയറക്ടര്‍ സി. രമേഷ് കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍മാരായ സി.ആര്‍. രാജ്മോഹന്‍, പി.ആര്‍. റോയ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.