ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച
Monday, November 30, 2015 1:01 AM IST
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ആര്‍എസ്പി ആവശ്യത്തില്‍നിന്നു പിന്‍മാറിയതോടെ കോണ്‍ഗ്രസിലെ പാലോട് രവിയാണു ഡെപ്യൂട്ടി സ്പീക്കര്‍ ആകുക. നാളെ ഉച്ചയ്ക്ക് 12നകം പത്രിക സമര്‍പ്പിക്കണം.

നിയമനിര്‍മാണത്തിനായാണ് ഇന്നു മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുള്ളത്. ഒട്ടേറെ ബില്ലുകളാണു പരിഗണനയിലുള്ളത്. ഇന്നു പിഎസ്സി, സര്‍വകലാശാലകള്‍ എന്നിവയുടെ അധികചുമതലാ ഭേദഗതി ബില്ലും പേയ്മെന്റ് ഓഫ് വേജസ് ഭേദഗതി ബില്ലുമാണു പരിഗണിക്കുന്നത്. മറ്റു ബില്ലുകള്‍ ഇന്നു ചേരുന്ന കാര്യോപദേശക സമിതി യോഗത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.


ബാര്‍ കോഴ ആരോപണത്തില്‍ നേരത്തേ പ്രതിപക്ഷം ആക്രമിച്ചുവന്നിരുന്ന കെ.എം. മാണി ധനമന്ത്രിസ്ഥാനം രാജിവച്ചതോടെയാണു കെ. ബാബുവിനെതിരേ ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്തെത്തിയത്. കെ.എം. മാണിക്കെതിരേയുള്ള ബാര്‍ കോഴ കേസ് നിയമസഭാ സമ്മേളനത്തിനിടയില്‍ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മറ്റു മന്ത്രിമാര്‍ക്കെതിരേയുള്ള കേസില്‍ കോടതി പരാമര്‍ശം ഉണ്ടായാല്‍ നിയമസഭ കൂടുതല്‍ പ്രക്ഷുബ്ധാന്തരീക്ഷത്തിലേക്കു നീങ്ങും. പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ മന്ത്രിമാരിലേക്കു നീളാനും സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.