വിമാനം നിര്‍മിച്ച സജി തോമസിന്റെ ജീവിതകഥ ഡിസ്കവറി ചാനലില്‍
വിമാനം നിര്‍മിച്ച സജി തോമസിന്റെ ജീവിതകഥ ഡിസ്കവറി ചാനലില്‍
Monday, November 30, 2015 1:00 AM IST
കൊച്ചി: ശാരീരിക വൈകല്യത്തോടു പൊരുതി ജീവിതത്തില്‍ ഉയരങ്ങള്‍ താണ്ടിയ തൊടുപുഴ തട്ടക്കുഴ സ്വദേശി സജി തോമസിനെ ഡിസ്കവറി ചാനല്‍ ആദരിക്കുന്നു. വെല്ലുവിളികളെ അതിജീവിച്ചു നിശ്ചയദാര്‍ഢ്യത്തോടെ ഉയരങ്ങള്‍ താണ്ടിയവരെ ലോകത്തിനു പരിചയപ്പെടുത്തുന്ന എച്ച്ആര്‍എക്സ് ഹീറോസ് വിത്ത് ഹൃത്വിക് റോഷന്‍ പരമ്പരയിലാണ് സജി തോമസിന്റെ ജീവിത നേട്ടങ്ങള്‍ കാഴ്ചവയ്ക്കുന്നത്.

ജന്മനാ ബധിരനും മൂകനുമായ സജി തോമസിന്റെ കുട്ടിക്കാലം മുതലുള്ള വലിയ ആഗ്രഹമായിരുന്നു വിമാനം നിര്‍മിക്കുകയെന്നത്. ശാരീരിക വൈകല്യത്തിന്റെ പ്രതിബന്ധങ്ങള്‍ മുന്നിലുണ്ടായിരുന്നെങ്കിലും അവയെല്ലാം മറികടന്ന് സജി ഇന്ത്യന്‍ വ്യോമസേനയിലെ റിട്ടയേഡ് കമാന്‍ഡറായ എസ്.കെ.ജെ. നായരുടെ മാര്‍ഗദര്‍ശനത്തിനു കീഴില്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇന്നു രാത്രി ഒന്‍പതിനാണു ഡിസ്കവറി ചാനല്‍ സജി തോമസിന്റെ പ്രചോദനമേകുന്ന കഥ ആദ്യം സംപ്രേഷണം ചെയ്യുന്നത്.


ഡിസ്കവറി ചാനലിന്റെ എച്ച്ആര്‍എക്സ് ഹീറോസ് വിത്ത് ഹൃത്വിക് റോഷന്‍ പരമ്പരയില്‍ ഒരു യഥാര്‍ഥ ഹീറോ ആയി അവതരിപ്പിക്കപ്പെടുന്നത് ഒരു അംഗീകാരവും ബഹുമതിയുമാണെന്നു സജി തോമസ് പറയുന്നു. മറിയയാണ് സജിയുടെ ഭാര്യ.

പ്രാരാബ്ധങ്ങളോടും വെല്ലുവിളികളോടും ഏറ്റുമുട്ടി വിജയം വരിച്ച ഒമ്പതു ഹീറോകളെയാണ് ഡിസ്കവറി ചാനല്‍ ആദരിക്കുന്നത്. സജിയൊടൊപ്പം തെരഞ്ഞെടുക്കപ്പെട്ട സുധാചന്ദ്രന്‍ മലയാളിക്കു പരിചിതയാണ്. ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും നൃത്തം ചെയ്യുന്ന സുധാചന്ദ്രന്‍ സിനിമയിലും നൃത്തവേദിയിലും നിറസാന്നിധ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.