ഭിന്നശേഷിയുള്ള കുട്ടികളെ പൊരിവെയിലില്‍ നിര്‍ത്തി പ്രസംഗം കൊഴുപ്പിക്കാനുള്ള ശ്രമം ഗവര്‍ണര്‍ തടഞ്ഞു
Monday, November 30, 2015 12:56 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പൊരിവെയിലത്തു നിര്‍ത്തി പ്രസംഗം കൊഴുപ്പിക്കാനുള്ള സംഘാടകരുടെ ശ്രമം ഗവര്‍ണര്‍ പി. സദാശിവം നേരിട്ട് ഇടപെട്ടു തടഞ്ഞു. ഗവര്‍ണര്‍ മുഖ്യാതിഥിയായി പങ്കെടുത്ത ലയണ്‍സ് ക്ളബ് ഇന്റര്‍നാഷണലിന്റെ സ്പെഷല്‍ സ്പോര്‍ട്സ് മീറ്റിലായിരുന്നു സംഭവം.

ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയത്തില്‍ രാവിലെ 9.30നു തുടങ്ങിയ പരിപാടിയില്‍ സ്വാഗത പ്രസംഗകന്‍ സമയമേറെ എടുത്തു. ഈ നേരമത്രയും കുട്ടികള്‍ വെയിലത്ത് നില്‍ക്കുകയായിരുന്നു. മാര്‍ച്ച് പാസ്റും കഴിഞ്ഞു ഗ്രൌണ്ടില്‍ വെയിലത്ത് അധ്യാപകരും വിദ്യാര്‍ഥികളും കഷ്ടപ്പെടുന്നതു ശ്രദ്ധയില്‍പെട്ട ഗവര്‍ണര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.

ഗവര്‍ണര്‍ ഇടപെട്ടതോടെ സംഘാടകര്‍ ഉദ്ഘാടന പരിപാടി വെട്ടിച്ചുരുക്കി 9.50നു ചടങ്ങ് അവസാനിപ്പിച്ചു മത്സരങ്ങളിലേക്കു കടന്നു. ആശംസാപ്രസംഗകരെല്ലാം രണ്ടും മൂന്നും വരിയില്‍ പ്രസംഗം അവസാനിപ്പിച്ചു.

ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരണമെന്നും ഇതിനുള്ള പരിപാടികളുമായി ജനങ്ങള്‍ മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ കുട്ടികളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. തന്റെ പ്രസംഗം വെട്ടിച്ചുരുക്കി കുട്ടികള്‍ക്ക് ആശംസ മാത്രം അര്‍പ്പിച്ച് ഗവര്‍ണര്‍ ഉടന്‍ തന്നെ വേദിയും വിട്ടു.


തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള സ്കൂളുകളില്‍ നിന്നുള്ള 800 ഓളം വിദ്യാര്‍ഥികളായിരുന്നു മീറ്റില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്.

അഡ്വ. ഡി.എസ്. ശ്രീകുമാരന്‍ അധ്യക്ഷത വഹിച്ചു. വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് സമ്മാനദാനം നിര്‍വഹിച്ചു.

ലയണ്‍സ് ക്ളബ് കഴിഞ്ഞ 15 നു ജവഹര്‍ ബാലഭവനില്‍ വച്ചു നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികളായ അബിന്‍ ലാല്‍ (കേന്ദ്രീയ വിദ്യാലയം തിരുവനന്തപുരം), ഫറാ മറിയം ലില്ലി (ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വന്റ് സ്കൂള്‍ വഞ്ചിയൂര്‍), ലക്ഷ്മി ദയാല്‍ (കേന്ദ്രീയ വിദ്യാലയം പട്ടം) എന്നിവര്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.